തന്റെ മകൻ തൈമൂർ അലി ഖാന് അഭിനേതാക്കളോടും അഭിനയത്തോടും വലിയ താൽപ്പര്യമില്ലെന്ന് നടി കരീന കപൂർ. സോഹ അലി ഖാന്റെ പോഡ്‌കാസ്റ്റിലാണ് കരീന തൈമൂറിന്റെ താൽപ്പര്യങ്ങളെക്കുറിച്ച് സംസാരിച്ചത്. പാപ്പരാസികൾ ഫോട്ടോ എടുക്കുന്നതിൽ തൈമൂറിന് ഇപ്പോൾ പ്രശ്നമില്ലെന്നും കരീന പറഞ്ഞു.
'സ്കൂളിൽ പാഠ്യേതര പ്രവർത്തനങ്ങൾ തെരഞ്ഞെടുക്കേണ്ടി വരുമ്പോഴെല്ലാം, ഡ്രാമ തെരഞ്ഞെടുത്താലോ എന്ന് ഞാൻ അവനോട് ചോദിക്കും. 'ഇല്ല, എനിക്ക് അത് ഇഷ്ടമല്ല' എന്നാണ് അവൻ പറയുന്നത്. 'ശ്രമിച്ചു നോക്കൂ, അഭിനയിക്കൂ' എന്ന് ഞാൻ അവനോട് പറയും. പക്ഷേ, അവന് എന്താണ് വേണ്ടതെന്ന് അവനറിയാമെന്നതിനാൽ ഞാൻ നിർബന്ധിക്കില്ല. അച്ഛൻ പാചകം ചെയ്യുന്നത് കാണുന്നതിനാൽ കുക്കറി ക്ലാസിൽ പോകണമെന്ന് അവൻ പറഞ്ഞിരുന്നു' - കരീന പറഞ്ഞു.
തൈമൂർ ഒരു നടനാകാൻ ആഗ്രഹിക്കുന്നില്ലേ എന്ന് സോഹ ചോദിച്ചപ്പോൾ അങ്ങനെ തോന്നുന്നില്ല എന്നായിരുന്നു കരീനയുടെ മറുപടി. 'ഇല്ല, എനിക്ക് അങ്ങനെ തോന്നുന്നില്ല, കാരണം അവൻ വളരെ ചെറുപ്പമാണ്. അവൻ ഒരിക്കലും മറ്റ് നടന്മാരെ നേരിട്ട് കണ്ടിട്ടില്ല. 'രോഹിത് ശർമയുമായി നിങ്ങൾക്ക് സൗഹൃദമുണ്ടോ? വിരാട് കോഹ്‌ലിയുമായി നിങ്ങൾക്ക് സൗഹൃദമുണ്ടോ? നിങ്ങൾക്ക് മെസ്സേജ് അയച്ച് അദ്ദേഹത്തിന്റെ ആ ബാറ്റ് എനിക്ക് ലഭിക്കുമോ എന്ന് ചോദിക്കാമോ? ലയണൽ മെസ്സിയുടെ കോൺടാക്റ്റ് ഉണ്ടോ?' എന്നൊക്കയാണ് എപ്പോഴും ചോദിക്കാറ്. -കരീന കൂട്ടിച്ചേർത്തു.
രൺബീർ കപൂർ മുതൽ രൺവീർ സിങ് വരെയുള്ള ഏതെങ്കിലും നടനെക്കുറിച്ച് തൈമൂറിനോട് ചോദിച്ചാൻ അവരെപ്പറ്റി ഒരു സൂചനയും ഉണ്ടാവില്ലെന്നും കരീന പറഞ്ഞു. ജയ്ദീപ് അഹ്ലാവത്തുമായി നടത്തിയ ചാറ്റിൽ, തൈമൂർ അടുത്തിടെ അഭിനയിക്കാൻ ശ്രമിച്ചതായും അത് താൻ വളരെയധികം ആസ്വദിച്ചതായും സെയ്ഫ് അലി ഖാൻ പറഞ്ഞിരുന്നു. ആളുകളുടെ മുന്നിൽ നിൽക്കാൻ തനിക്ക് പേടിയാണെന്നും ഡയലോഗുകളൊന്നും പറയാൻ താൽപ്പര്യമില്ലെന്നും തൈമൂർ പറഞ്ഞതായും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.