സംവിധായകൻ കാർത്തിക് സുബ്ബരാജും സൂര്യയും ഒന്നിക്കുന്ന റെട്രോ എന്ന ചിത്രത്തിന്റെ റിലീസിന് ദിവസങ്ങൾ മാത്രം ബാക്കി. ചെന്നൈയിൽ നടന്ന ട്രെയിലർ ലോഞ്ച് പരിപാടി പ്രമുഖ അഭിനേതാക്കളും അണിയറപ്രവർത്തകരും പങ്കെടുത്തിരുന്നു. പരിപാടിയിൽ സൂര്യ പറഞ്ഞ വാക്കുകൾ വൈറലാണ്. ഏകദേശം രണ്ട് പതിറ്റാണ്ടായി, ദരിദ്രരായ വിദ്യാർഥികളെ പഠനത്തിന് സഹായിക്കുന്ന തന്‍റെ അഗരം ഫൗണ്ടേഷൻ എന്ന എൻ.ജി.ഒയെക്കുറിച്ച് സൂര്യ സംസാരിച്ചു.
"ബോർഡ് പരീക്ഷകൾ ഒഴികെ പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ എല്ലാ പരീക്ഷകളിലും പരാജയപ്പെട്ട ഒരാളാണ് ഞാൻ. കോളജിൽ ഒരു ശരാശരി വിദ്യാർഥിയായിരുന്നു, എന്നിട്ടും എന്റെ ജീവിതത്തിൽ എന്തെങ്കിലും ചെയ്യാൻ എനിക്ക് അവസരം ലഭിച്ചു. മാറ്റത്തിന് വഴിയൊരുക്കാനുള്ള ശക്തി എനിക്കുണ്ടായിരുന്നു, അതിന്റെ ഫലമായി ഏകദേശം 7000-8000 ബിരുദധാരികൾ ഉണ്ടായിട്ടുണ്ട്, മുൻകാലങ്ങളിലും വർത്തമാനകാലത്തും അഗരത്തിന്റെ ഭാഗമായിരുന്ന എല്ലാവരും ഭാവിയെ രൂപപ്പെടുത്തുകയാണ്" -സൂര്യ പറഞ്ഞു.
ജീവിതം എപ്പോഴും മനോഹരമാണെന്നും ഒന്നോ രണ്ടോ പരാജയങ്ങളിൽ തളരരുതെന്നും മനസ്സിലാക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് കാർത്തിക് സുബ്ബരാജിനെ ഉദാഹരണമാക്കി സൂര്യ പറഞ്ഞു. ജീവിതം വളരെ മനോഹരമാണ്, അത് നിങ്ങൾക്ക് നിരവധി മനോഹരമായ അവസരങ്ങൾ നൽകും. നിങ്ങൾക്ക് രണ്ടാമത്തെയോ മൂന്നാമത്തെയോ അവസരങ്ങൾ ലഭിക്കും, മനോഹരമായ അവസരങ്ങൾ പ്രയോജനപ്പെടുത്തുക. ഐ.ടി കരിയർ തുടങ്ങിയ കാർത്തിക് ഇപ്പോൾ സിനിമയിൽ തിളങ്ങുകയാണ്. യുവാക്കൾക്ക് റിസ്ക് എടുക്കാം, അങ്ങനെ ചെയ്യാൻ അവർ ഭയപ്പെടേണ്ടതില്ലെന്നും സൂര്യ പറഞ്ഞു.
രുക്മിണിയെ അഗാധമായി പ്രണയിക്കുന്ന പാരിവേൽ കണ്ണൻ എന്ന യുവാവിന്റെ കഥ പറയുന്ന ഒരു റൊമാന്റിക് ആക്ഷൻ ചിത്രമാണ് റെട്രോ. പ്രണയത്തിനുവേണ്ടി, തന്റെ അക്രമാസക്തമായ ഭൂതകാലം ഉപേക്ഷിച്ച് ശാന്തമായ ജീവിതം നയിക്കാൻ നായകൻ തീരുമാനിക്കുന്നതും പിന്നീട് ഉണ്ടാകുന്ന സംഭവങ്ങളുമാണ് ചിത്രത്തിൽ.
ചിത്രത്തിൽ ജോജു ജോർജ്, ജയറാം, കരുണാകരൻ, നാസർ, പ്രകാശ് രാജ്, സുജിത് ശങ്കർ തുടങ്ങി നിരവധി പേർ പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു. 2ഡി എന്റർടൈൻമെന്റിന്റെ ബാനറിൽ സൂര്യയും ജ്യോതികയും ചേർന്നാണ് റെട്രോ നിർമിക്കുന്നത്. ശ്രേയസ് കൃഷ്ണ ഛായാഗ്രഹണവും സന്തോഷ് നാരായണൻ സംഗീത സംവിധാനവും ഷഫീഖ് മുഹമ്മദ് അലി എഡിറ്റിങും നിർവ്വഹിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.