ടൂറിസ്റ്റ് ഫാമിലി ടീമിനെ കണ്ട് തമിഴ് നടൻ സൂര്യ. സൂര്യയെ കാണാൻ സാധിച്ച വിവരം ടൂറിസ്റ്റ് ഫാമിലി സംവിധായകൻ അഭിഷാൻ ജീവിന്ത് സമൂഹമാധ്യമത്തിലൂടെ പങ്കുവെച്ചിട്ടുണ്ട്. സൂര്യയോടൊപ്പമുള്ള ചിത്രങ്ങളും വൈകാരികമായ ഒരു കുറിപ്പും അഭിഷാൻ പങ്കുവെച്ചു. കാർത്തിക് സുബ്ബരാജ്-സൂര്യ കോമ്പോയിൽ എത്തിയ റെട്രോയും ടൂറിസ്റ്റ് ഫാമിലിയും ഒരേ ദിവസമായിരുന്നു റിലീസ്. എന്നാൽ വൻ ഹൈപോടെ എത്തിയ സൂര്യ ചിത്രത്തെക്കാളും ജനപ്രീതി ടൂറിസ്റ്റ് ഫാമിലി നേടി.
'എങ്ങനെയാണ് അത് വിശദീകരിക്കേണ്ടതെന്ന് എനിക്കറിയില്ല, പക്ഷേ എന്റെ ഉള്ളിൽ സന്തോഷമുണ്ട്. സൂര്യ സാർ എന്റെ പേര് വിളിച്ച് ടൂറിസ്റ്റ് ഫാമിലി എത്രമാത്രം ഇഷ്ടപ്പെട്ടുവെന്ന് പറഞ്ഞു. 100ാം തവണയും വാരണം ആയിരം കാണുന്ന എന്റെ ഉള്ളിലെ ആ കുട്ടി ഇപ്പോൾ നന്ദിയോടെ കരയുകയാണ്' -എന്നാണ് അഭിഷാൻ ജീവിന്ത് കുറിച്ചത്.
മില്യൺ ഡോളർ സ്റ്റുഡിയോസും എം.ആർ.പി എന്റർടൈൻമെന്റും ചേർന്ന് നിർമിച്ച ചിത്രം ആദ്യ ദിവസം തന്നെ രണ്ട് കോടി രൂപ നേടി. ആദ്യ വാരാന്ത്യത്തിൽ 10 കോടി രൂപ കളക്ഷൻ ചിത്രം സ്വന്തമാക്കി. ശശികുമാർ, സിമ്രാൻ എന്നിവരാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. നിർമാണ ചെലവ് 16 കോടിയായിരുന്നു. തമിഴ്നാട്ടിൽ മാത്രം 50 കോടിയിൽ അധികം നേടി ശശികുമാറിന്‍റെ കരിയറിലെ ഏറ്റവും കൂടുതൽ കലക്ഷൻ നേടുന്ന ചിത്രമായി മാറിയിരിക്കുകയാണ് ടൂറിസ്റ്റ് ഫാമിലി.
ശ്രീലങ്കയിൽ നിന്നും തമിഴ്നാട്ടിലേക്ക് കുടിയേറുന്ന കുടുംബത്തിന്‍റെ കഥയാണ് ടൂറിസ്റ്റ് ഫാമിലി. ആവേശത്തിലൂടെ മലയാളികളുടെ ഇടയിൽ ശ്രദ്ധേയനായ മിഥുൻ ജയ് ശങ്കർ സിനിമയിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. യോഗി ബാബു, കമലേഷ്, എം. ഭാസ്‌കര്‍, രമേഷ് തിലക്, ബക്‌സ്, ഇളങ്കോ കുമാരവേല്‍, ശ്രീജ രവി, യോഗലക്ഷ്മി എന്നിവരാണ് മറ്റു പ്രധാന അഭിനേതാക്കള്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.