ചലച്ചിത്രമേഖലയിൽ ഇപ്പോൾ വർദ്ധിച്ചുവരുന്ന ബോക്സ് ഓഫീസ് കലക്ഷൻ ട്രെന്‍റിനെതിരെ ശക്തമായ വിമർശനവുമായി തെന്നിന്ത്യൻ താരം സൂര്യ. ഒരു സിനിമയുടെ യഥാർത്ഥ വിജയം അതിൽ വിറ്റഴിക്കപ്പെടുന്ന ടിക്കറ്റുകളുടെ എണ്ണത്തിലല്ല മറിച്ച് പ്രേക്ഷകർ തിയറ്റർ വിട്ടുപോയ ശേഷവും അവരുടെ മനസ്സിൽ ബാക്കിയാകുന്ന ഓർമ്മകളിലും സംഭാഷണങ്ങളിലുമാണ് അടങ്ങിയിരിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. തന്‍റെ ഏറ്റവും പുതിയ ചിത്രമായ 'വിശ്വനാഥ് ആൻഡ് സൺസ്' സിനിമയുടെ വിജയമാഘോഷിക്കുന്ന ചടങ്ങിലാണ് സൂര്യ ഇക്കാര്യങ്ങൾ തുറന്നുപറഞ്ഞത്.
ചലച്ചിത്രനിർമാണത്തിലെ സാമ്പത്തിക വശങ്ങളെയും പണത്തിന്റെ പ്രാധാന്യത്തെയും താരം പൂർണമായി തള്ളിക്കളയുന്നില്ല. സിനിമക്ക് പണം വളരെ പ്രധാനപ്പെട്ടതാണെന്ന് സമ്മതിക്കുമ്പോൾ തന്നെ വർഷങ്ങൾ കഴിഞ്ഞാലും പ്രേക്ഷകർ ഓർക്കുകയും ചർച്ച ചെയ്യുകയും ചെയ്യുന്ന വികാരങ്ങൾക്കാണ് താൻ കൂടുതൽ വില കൽപ്പിക്കുന്നത് എന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. സിനിമ തിയറ്ററിൽ കാണുമ്പോൾ പ്രേക്ഷകരുടെ കണ്ണിലുണ്ടാകുന്ന കണ്ണീരിനെയും ചുണ്ടിലെ പുഞ്ചിരിയെയും ഒരിക്കലും ഒരു ബാലൻസ് ഷീറ്റിൽ കണക്കാക്കി ഒതുക്കാൻ കഴിയില്ലെന്ന മനോഹരമായ തിരിച്ചറിവാണ് സൂര്യ പങ്കുവെച്ചത്.
പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സൂര്യാ-മമിത ബൈജു ചിത്രം 'വിശ്വനാഥൻ ആൻ്റ് സൺസ്' ആഗസ്റ്റ് 14ന് പ്രദർശനം ആരംഭിച്ചു. ദുൽഖർ സൽമാൻ നായകനായി എത്തിയ 'ലക്കി ഭാസ്കർ' എന്ന ഹിറ്റ് ചിത്രത്തിന് ശേഷം പ്രശസ്ത തെലുങ്ക് സംവിധായകൻ വെങ്കി അറ്റ്ലൂരി സംവിധാനം ചെയ്യുന്ന ചിത്രം, വൻ മുതൽമുടക്കിലാണ് ഒരുക്കിയിരിക്കുന്നത്. ന്യൂസൂര്യ ഫിലിംസാണ് ചിത്രം കേരളത്തിൽ വിതരണത്തിനെത്തിച്ചത്. വൻ വിജയം നേടിയ വിജയ് സൂപ്പറും പൗർണ്ണമിയും എന്ന ചിത്രത്തിനു ശേഷം ന്യൂ സാഗാ അവതരിപ്പിക്കുന്ന ചിത്രമാണ് വിശ്വനാഥൻ ആന്‍റ് സൺസ്.
ചിത്രത്തിലെ 'പട്ടാമ്പൂച്ചി' എന്ന പ്രൊമോ ഗാനം ഇതിനകം തരംഗമായി മാറിയിട്ടുണ്ട്. വിജയ് ബിന്നിയാണ് ഈ ഗാനത്തിന് നൃത്തസംവിധാനം നിർവ്വഹിച്ചിരിക്കുന്നത്. പ്രേമലുവിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ മമിത ബൈജുവിന്റെ തകർപ്പൻ പ്രകടനമാണ് യൂത്തിനെ ആവേശത്തിലാഴ്ത്തുന്നത്.
സൂര്യയുടെ കരിയറിലെ 46-ാം ചിത്രമെന്ന പ്രത്യേകതയുമുണ്ട് ഈ സിനിമക്ക്. 'കറുപ്പ്' എന്ന ഹിറ്റ് ചിത്രത്തിന് ശേഷം സൂര്യ അഭിനയിക്കുന്ന ചിത്രം എന്ന നിലയിൽ ആരാധകർക്കിടയിൽ വലിയ ചർച്ചയാണ് നടക്കുന്നത്. രവീണ ടണ്ഡൻ, രാധിക ശരത്കുമാർ, ഭവാനി ശ്രീ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ഫോർച്യൂൺ ഫോർ സിനിമാസുമായി ചേർന്ന് സിതാര എന്‍റർടെയ്ൻമെന്റ്സിന്റെ ബാനറിൽ സൂര്യദേവര നാഗ വംശി, സായ് സൗജന്യ എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ശ്രീകര സ്റ്റുഡിയോസ് ചിത്രം അവതരിപ്പിക്കുന്നു. ദേശീയ പുരസ്കാര ജേതാവായ ജി.വി. പ്രകാശ് കുമാറാണ് സംഗീത സംവിധാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.