1950-കളോടെ ഇന്ത്യൻ സിനിമ വ്യവസായത്തിൽ താരങ്ങളും ചലച്ചിത്ര നിർമാതാക്കളും നല്ല പണം സമ്പാദിക്കാൻ തുടങ്ങിയിരുന്നു. 1950-കളുടെ തുടക്കത്തിൽ, ഹിന്ദി സിനിമയിലെ പുതിയ താര പിറവിയായിരുന്നു ഭഗവാൻ ദാദ. ഗീത ബാലിക്കൊപ്പം അൽബേല എന്ന ഹിറ്റ് ചിത്രത്തിലൂടെയാണ് അദ്ദേഹം അരങ്ങേറ്റം കുറിക്കുന്നത്. 'ഷോല ജോ ഭാഡ്കെ', 'ഭോലി സൂറത്ത് ദിൽ കെ ഖോട്ടെ' തുടങ്ങിയ ഹിറ്റ് ഗാനങ്ങൾ ആ സിനിമയിലേതായിരുന്നു.
എന്നാൽ അദ്ദേഹത്തിന്റെ വിജയം ഹ്രസ്വകാലത്തേക്ക് മാത്രമായിരുന്നു. ഏതാനും വർഷങ്ങൾക്കുള്ളിൽ തന്നെ നേടിയതെല്ലാം അദ്ദേഹത്തിന് നഷ്ടപ്പെട്ടു. അവസാന നാളുകളിൽ, ഭഗവാൻ ദാദ ഒറ്റമുറിയിലാണ് താമസിച്ചത്. ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ പാടുപെട്ട കാലമായിരുന്നു അദ്ദേഹത്തിനത്.
ദി ഇല്ലസ്ട്രേറ്റഡ് വീക്കിലി ഓഫ് ഇന്ത്യക്ക് നൽകിയ അഭിമുഖത്തിൽ അദ്ദേഹം തന്നെ അത് വിവരിക്കുന്നുണ്ട്. അൽബേലയുടെ വിജയത്തിനുശേഷം താൻ ഒരു ലക്ഷാധിപതിയായി എന്ന് അദ്ദേഹം പറഞ്ഞു. 'എനിക്ക് ഒരു സ്റ്റുഡിയോ ഉണ്ടായിരുന്നു, ആഴ്ചയിലെ ഓരോ ദിവസവും ഞാൻ ഇറക്കുമതി ചെയ്ത കാറുകൾ വാങ്ങി. ജുഹുവിൽ 25 മുറികളുള്ള ഒരു ബംഗ്ലാവ് കൈവശമുണ്ടായിരുന്നു' -അദ്ദേഹം പറഞ്ഞു.
എന്നാൽ ദൈവം തന്റെ ദുഷ്പ്രവൃത്തികൾക്ക് ശിക്ഷിച്ചുവെന്നും സൗഭാഗ്യങ്ങളെല്ലാം എടുത്തുകളഞ്ഞുവെന്നും കൂട്ടിച്ചേർത്തു. ചൂതാട്ടവും മദ്യവും സ്ത്രീകളുമായിരുന്നു തന്റെ ബലഹീനത എന്നും ഭാര്യയോട് വിശ്വാസ വഞ്ചന കാണിച്ചു എന്നും അദ്ദേഹം പറഞ്ഞു. കുടുംബത്തെ അവഗണിച്ചതാവും ദൈവം തന്നെ ശിക്ഷിക്കാനുള്ള കരാണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മഹാരാഷ്ട്രയിലെ ഒരു ചെറിയ പട്ടണത്തിലാണ് ഭഗവാൻ ജനിച്ചത്. അച്ഛൻ ഒരു ടെക്സ്റ്റൈൽ മില്ലിൽ ജോലി ചെയ്തിരുന്നു. ജൂനിയർ ആർട്ടിസ്റ്റായാണ് അദ്ദേഹം നിശബ്ദ സിനിമകളിൽ ജോലി ചെയ്യാൻ തുടങ്ങിയത്. ക്രമേണ, ചലച്ചിത്ര നിർമാണത്തിൽ അദ്ദേഹത്തിന് വലിയ അവസരങ്ങൾ ലഭിച്ചു. ഏതാനും വർഷങ്ങൾക്കുള്ളിൽ അദ്ദേഹം ചെറിയ ചിത്രങ്ങൾ നിർമിക്കാൻ തുടങ്ങി. സിനിമകൾ സംവിധാനം ചെയ്യാനും അഭിനയിക്കാനും തുടങ്ങിയതും അങ്ങനെയായിരുന്നു.
ഇതിനിടയിലാണ്, ഈ ഘട്ടത്തിലാണ് ഒരിക്കൽ ഒരു രംഗത്തിനിടെ അദ്ദേഹം ലളിത പവാറിനെ അടിച്ചത്. അത് അവരുടെ ഞരമ്പ് പൊട്ടാൻ കാരണമായി. രാജ് കപൂറിനെപ്പോലുള്ള ചില സുഹൃത്തുക്കളാണ് റൊമാന്റിക് മ്യൂസിക്കൽ ചിത്രം നിർമിക്കാൻ ഉപദേശിച്ചത്. ആ ഉപദേശം ഭഗവാൻ ഗൗരവമായി എടുക്കുകയും ഗീത ബാലിയുമായി അൽബേല നിർമിക്കുകയും ചെയ്തു.
ആൽബെലയുടെ വിജയം അദ്ദേഹത്തിന്റെ ജീവിതത്തെ മികച്ചതാക്കി മാറ്റി. പക്ഷേ, ആൽബെലക്ക് ശേഷം ഭഗവാന്‍റെ ചിത്രങ്ങളൊന്നും വിജയിച്ചില്ല. ദുരിതത്തിന് ആക്കം കൂട്ടിക്കൊണ്ട്, ബിസിനസ്സ് പങ്കാളികൾ അദ്ദേഹത്തെ വഞ്ചിക്കുകയും മുഴുവൻ പണവും നഷ്ടപ്പെടുകയും ചെയ്തു.
ഒറ്റമുറിയിൽ താമസിക്കാൻ തുടങ്ങിയതിനുശേഷം ഭഗവാൻ സിനിമകളിൽ ചെറിയ വേഷങ്ങൾ പോലും സ്വീകരിച്ചു. ഒരു സീൻ ആണെങ്കിലും, എല്ലാ വേഷങ്ങളും സ്വീകരിക്കുന്നു. നിർമാതാക്കളോട് വാഹനം ആയക്കാൻ മാത്രമാണ് അഭ്യർഥിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞിരുന്നു. സ്റ്റുഡിയോയിൽ എന്ത് ഭക്ഷണം വിളമ്പിയാലും അത് തനിക്ക് അത് ലഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
രാജ് കപൂറും അശോക് കുമാറും അദ്ദേഹത്തിന്‍റെ മരണം വരെ നിരന്തരം അന്വേഷിച്ചുകൊണ്ടിരുന്നു. പക്ഷേ ഭഗവാൻ തന്റെ സിനിമ സഹപ്രവർത്തകരിൽ നിന്ന് ഒരു തരത്തിലുള്ള സാമ്പത്തിക സഹായവും സ്വീകരിച്ചിരുന്നില്ല. 2002ൽ ദാദറിലെ അതേ ഒറ്റമുറി വീട്ടിൽ 88 വയസ്സിലാണ് ഭഗവാൻ മരണപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.