‘ഈ കുന്ദവൈയെ കുറച്ചു ദിവസത്തേക്ക് വീട്ടിൽ തന്നെ ഇരുത്തണം, അവളെ പുറത്തിറങ്ങാൻ അനുവദിക്കരുത്; തൃഷക്കെതിരെ പരോക്ഷ വിമർശനവുമായി നടൻ പാർത്ഥിപൻ

തമിഴ് സിനിമാ ലോകത്ത് ഇപ്പോൾ വലിയ ചർച്ചയായിക്കൊണ്ടിരിക്കുന്നത് നടനും സംവിധായകനുമായ ആർ. പാർത്ഥിപൻ, വിജയ്, തൃഷ എന്നിവരെ ലക്ഷ്യമിട്ട് നടത്തിയ പരാമർശങ്ങളാണ്. ചെന്നൈയിൽ നടന്ന ഒരു വിവാഹ റിസപ്ഷനിൽ വിജയിയും തൃഷയും ഒരുമിച്ച് പങ്കെടുത്തതിന് പിന്നാലെയാണ് വിവാദങ്ങൾ പുകയുന്നത്.

ഗലാട്ട അവാർഡ്‌സ് ചടങ്ങിൽ വെച്ച് 'പൊന്നിയിൻ സെൽവൻ' എന്ന ചിത്രത്തിലെ സഹതാരമായ തൃഷയെക്കുറിച്ച് ചോദിച്ചപ്പോൾ, പാർത്ഥിപന്‍റെ മറുപടി ഇങ്ങനെയായിരുന്നു. ‘ഈ കുന്ദവൈയെ (തൃഷയുടെ കഥാപാത്രം) കുറച്ചു ദിവസത്തേക്ക് വീട്ടിൽ തന്നെ ഇരുത്തണം. അതാണ് നല്ലത്. അവളെ പുറത്തിറങ്ങാൻ അനുവദിക്കരുത്.’ ഈ പ്രസ്താവന തൃഷയോടുള്ള കരുതലാണോ അതോ അവരുടെ വ്യക്തിജീവിതത്തിന് നേരെയുള്ള പരിഹാസമാണോ എന്ന ചർച്ച സോഷ്യൽ മീഡിയയിൽ സജീവമാണ്.

സംരംഭകനും ചലച്ചിത്ര നിർമാതാവുമായ കൽപ്പാത്തി എസ്. സുരേഷിന്റെയും മീനാക്ഷി സുരേഷിന്റെയും മകന്റെ വിവാഹ സൽക്കാരത്തിലാണ് വിജയ് യും തൃഷയും ഒന്നിച്ച് പങ്കെടുത്തത്. വിജയ്‌യുടെ ഭാര്യ സംഗീത വിവാഹമോചനത്തിന് അപേക്ഷ നൽകിയതിന് ദിവസങ്ങൾക്ക് ശേഷമാണ് ഈ സംഭവം. വിജയ്‌ക്ക് ബന്ധമുള്ള നടി തൃഷ കൃഷ്ണനാണെന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ ചർച്ചകൾ സജീവമാണ്. ഇരുവർക്കും കടുത്ത സൈബർ ആക്രമണമാണ് നേരിടേണ്ടി വരുന്നത്. ഒരു കാറിൽ ഒരേ നിറത്തിലുള്ള വസ്ത്രങ്ങൾ ധരിച്ചാണ് ഇരുവരും എത്തിയതെന്നതും സമൂഹമാധ്യമ ചർച്ച വർധിപ്പിച്ചിട്ടുണ്ട്.

വിവാഹമോചന വാർത്തകൾക്ക് പിന്നാലെ, വിജയ്‌യുടെ മകൻ ജേസൺ സഞ്ജയ് ഇൻസ്റ്റഗ്രാമിൽ അച്ഛനെ അൺഫോളോ ചെയ്തത് വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. അമ്മക്കുള്ള നിശബ്ദ പിന്തുണയാണ് സഞ്ജയിന്റെ ഈ നീക്കമെന്ന് ഒരു വിഭാഗം കരുതുമ്പോൾ, സഞ്ജയ് നേരത്തെ തന്നെ അച്ഛനെ ഫോളോ ചെയ്തിരുന്നില്ലെന്നും ചിലർ വാദിക്കുന്നുണ്ട്.

സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ നിരന്തരമായി വരുന്ന തനിക്കെതിരെയുള്ള വിവാദ പരാമർശങ്ങളിൽ സങ്കടപ്പെടുകയോ സമ്മർദ്ദത്തിലാകുകയോ ചെയ്യരുതെന്ന് വിജയ് ആരാധകരോട് പറഞ്ഞു. 'ദയവായി എന്നെ ചുറ്റിപ്പറ്റിയുള്ള സമീപകാല പ്രശ്‌നങ്ങളെക്കുറിച്ച് വിഷമിക്കരുത്. ആ പ്രശ്‌നങ്ങൾ നിങ്ങളുടെ സമയത്തിന് വിലപ്പെട്ടതല്ല. ഞാൻ അവ സ്വയം കൈകാര്യം ചെയ്യും. എന്റെ പ്രശ്‌നങ്ങൾ കാരണം നിങ്ങൾ സങ്കടപ്പെടുകയോ സമ്മർദ്ദത്തിലാകുകയോ ചെയ്യുന്നത് കാണുന്നതാണ് എന്നെ ഏറ്റവും വേദനിപ്പിക്കുന്നത്. ദയവായി എനിക്ക് വേണ്ടി ആ ഭാരം ചുമക്കരുത്. പകരം, നമുക്ക് ജനങ്ങളുടെ ക്ഷേമത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാം' വിജയ് പറഞ്ഞു.




Tags:    
News Summary - R Parthiban take a swipe at Vijay and Trisha Krishnan's public appearance

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.