ഷാറൂഖ് ഖാനുമായി മിണ്ടാതായിട്ട് 16 വർഷം! പ്രതികരിച്ച് സണ്ണി ഡിയോൾ

ഷാറൂഖ് ഖാനും സണ്ണി ഡിയോളും തമ്മിലുള്ള പിണക്കം ബോളിവുഡിൽ പരസ്യമായ രഹസ്യമാണ്. 1993ൽ യഷ് ചോപ്ര സംവിധാനം ചെയ്ത ഡാർ എന്ന ചിത്രത്തിന് ശേഷമായിരുന്നു ഇരുവരും മിണ്ടാതായത്. അന്ന് പുതുമുഖമായ ഷാറൂഖ് ഖാന്  ചിത്രത്തിൽ കൂടുതൽ പ്രാധാന്യം നൽകിയതിൽ സണ്ണി ഡിയോളിന് അതൃപ്തിയുണ്ടായിരുന്നു. തുടർന്ന് ഇരുവരും ഒന്നിച്ച് പൊതുവേദികളിൽ പ്രത്യക്ഷപ്പെടാതായി.

എന്നാൽ താനും ഷാറൂഖ് ഖാനുമായി യാതൊരുപ്രശ്നവുമില്ലെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് സണ്ണി ഡിയോൾ. ഇതുവരെ ഒന്നിച്ച് വേദിപങ്കിടേണ്ട സാഹചര്യം തങ്ങൾക്ക് ഉണ്ടായിട്ടില്ലെന്നും ഷാറൂഖ് ഖാനുമായി ഫോണിൽ സംസാരിക്കാറുണ്ടെന്നും സണ്ണി ഡിയോൾ ടൈംസ് നൗവിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

'ഷാറൂഖ് ഗദർ 2 കണ്ടു. ചിത്രം കാണുന്നതിന് മുമ്പ് അദ്ദേഹം എന്നെ വിളിച്ച് ആശംസ അറിയിച്ചിരുന്നു. സിനിമ കാണുമെന്ന് അദ്ദേഹം എന്നോട് പറഞ്ഞു. അന്ന് ഞാൻ ഷാറൂഖിനോട് നന്ദി പറ‍യുകയും ചെയ്തു. അതിന് ശേഷമാണെന്ന് തോന്നുന്നു ഗദർ 2നെക്കുറിച്ച് ട്വീറ്റ് ചെയ്തത്. വളരെ സന്തോഷമുണ്ട്.

ഞാനും ഷാറൂഖും ഫോണിൽ സംസാരിക്കാറുണ്ട്. ഞങ്ങളുടേതായ വിശേഷങ്ങൾ പങ്കുവെക്കാറുണ്ട്. കഴിഞ്ഞു പോയ പ്രശ്നങ്ങളെ സമയം സുഖപ്പെടുത്തും. അങ്ങനെയായിരിക്കണം ജീവിതം'-സണ്ണി ഡിയോൾ തുടർന്നു.

16 വർഷമായി ഷാറൂഖ് ഖാനുമായി സംസാരിക്കാത്തതിനെ കുറിച്ച് സണ്ണി പറഞ്ഞു. ഞാൻ അദ്ദേഹത്തിനോട് സംസാരിക്കാത്തതല്ല, അധികം ആളുകളോട് ഇടപഴകുന്ന ആളല്ല ഞാൻ. പിന്നെ ഞങ്ങൾ അധികം കണ്ടുമുട്ടാറില്ലായിരുന്നു.- താരം കൂട്ടിച്ചേർത്തു.

Tags:    
News Summary - Sunny Deol reacts to feud with Shah Rukh Khan when they didn't speak for 16 years

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.