വലിയ വിജയമായി മാറുകയാണ് സണ്ണി ഡിയോളിന്റെ ഗദർ 2. ആഗസ്റ്റ് 11 തിയറ്ററുകളിൽ എത്തിയ ചിത്രം 500 കോടിയോളം നേടിയിട്ടുണ്ട്. ബോളിവുഡിൽ ഏറ്റവും കൂടുതൽ പണം വാരിയ ചിത്രങ്ങളായ ബാഹുബലി, പത്താൻ എന്നീ ചിത്രങ്ങളുടെ തൊട്ട് പിന്നിലാണ് സണ്ണിയുടെ ഗദർ 2.
ചിത്രം വൻ വിജയമായതിനെ തുടർന്ന് നടൻ പ്രതിഫലം വർധിപ്പിച്ചതായി റിപ്പോർട്ടുകൾ വന്നിരുന്നു. 50 കോടിയാണ് പുതിയ ചിത്രത്തിനായി വാങ്ങുന്നത്രേ. ഇപ്പോഴിതാ പുറത്ത് പ്രചരിക്കുന്ന റിപ്പോർട്ടുകളെ തള്ളിക്കൊണ്ട് സണ്ണി ഡിയോൾ രംഗത്ത് എത്തിയിരിക്കുകയാണ്. സിനിമയുടെ പ്രതിഫലം തീരുമാനിക്കുന്നത് താൻ അല്ലെന്നാണ് നടൻ പറയുന്നത്. പ്രതിഫല തുക 50 കോടിയായി ഉയർത്തിയോ എന്നുള്ള അവതാരകന്റെ ചോദ്യത്തിനായിരുന്നു മറുപടി.
' പ്രതിഫലത്തെ കുറിച്ച് തീരുമാനിക്കുന്നത് നിർമാതാവ് ആണ്. ഒരു ചിത്രം ബോക്സോഫീസിൽ 500 കോടി നേടി എന്നതിനർഥം നായകൻ പ്രതിഫലമായി 50 കോടി വാങ്ങണമെന്നാണോ? ഒരു അഭിനേതാവിന് എത്ര രൂപ പ്രതിഫലം നൽകണമെന്ന് നിർമാതാവ് തീരുമാനിക്കും. സിനിമ ചെയ്യണോ വേണ്ടയോ എന്ന് ഞാൻ പറയില്ല. ഞാൻ ഒരു ചിത്രത്തിന് ഭാരമാകാൻ ആഗ്രഹിക്കുന്നില്ല - സണ്ണി ഡിയോൾ പറഞ്ഞു.
എന്നാൽ ഗദർ 2 ന് നടൻ 20 കോടി രൂപയാണ് പ്രതിഫലമായി വാങ്ങിയതെന്നാണ് പുറത്ത് പ്രചരിക്കുന്ന റിപ്പോർട്ടുകൾ. ഇതിനെ കുറിച്ച് നടൻ വ്യക്തമാക്കിയിട്ടില്ല.
2001ൽ പുറത്ത് ഇറങ്ങിയ ഗദർ എക് പ്രേം എന്ന ചിത്രത്തിന്റെ രണ്ടാംഭാഗമാണ് ഗദർ 2. സണ്ണി ഡിയോളിന്റെ താരാ സിങ് എന്ന കഥാപാത്രം ബോളിവുഡിൽ വലിയ ചർച്ചയായിരുന്നു. രണ്ടാംഭാഗത്തിലും മികച്ച പ്രകടനം കാഴ്ചവെക്കാൻ നടനായി. ആദ്യ ഭാഗത്തെ പോലെ അമീഷ പട്ടേലായിരുന്നു രണ്ടാം ഭാഗത്തിലും നായികയായി എത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.