എസ്. എം രാജു

സിനിമ ചിത്രീകരണത്തിനിടെ സ്റ്റണ്ട്മാൻ എസ്. എം രാജുവിന് ദാരുണാന്ത്യം; ഉൾക്കൊള്ളാനാവുന്നില്ലെന്ന് വിശാൽ

തമിഴ് സിനിമയിലെ പ്രശ്തനായ സ്റ്റണ്ട് ആർട്ടിസ്റ്റ് എസ്‌.എം. രാജു അന്തരിച്ചു. പാ രഞ്ജിത്ത്- ആര്യ പടത്തിന്റെ സെറ്റിലുണ്ടായ അപകടമാണ് മരണത്തിന് കാരണം. ഞായറാഴ്ച രാവിലെയായിരുന്നു സംഭവം. പാ രഞ്ജിത്ത് ചിത്രത്തിലെ അപകടകരമായ ഒരു കാർ സ്റ്റണ്ടിനിടയിലാണ് രാജു മരിച്ചത്. തമിഴ് നടൻ വിശാൽ ആണ് രാജുവിന്റെ മരണം സ്ഥിരീകരിച്ചത്. സഹപ്രവർത്തകന്റെ വിയോഗത്തില്‍ നടുക്കം രേഖപ്പെടുത്തിക്കൊണ്ടുള്ള എക്സ് പോസ്റ്റില്‍ രാജു തന്റെ സിനിമകളിൽ മാരകമായ സ്റ്റണ്ടുകൾ ചെയ്തതെങ്ങനെയെന്ന് വിശാൽ അനുസ്മരിച്ചു.

'രാജുവിനൊപ്പം നിരവധി പ്രോജക്ടുകളിൽ പ്രവർത്തിച്ചിട്ടുള്ള വിശാൽ, മരണത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തി. സിനിമക്കായി കാർ മറിഞ്ഞുവീഴുന്ന ഒരു സീക്വൻസ് ചെയ്യുന്നതിനിടെയാണ് സ്റ്റണ്ട് ആർട്ടിസ്റ്റ് രാജുവിന് അപകടം സംഭവിക്കുന്നത്. ഇത് എനിക്ക് ഉൾകൊള്ളാൻ കഴിയുന്നില്ല. രാജുവിനെ എനിക്ക് വർഷങ്ങളായി അറിയാം. എന്റെ സിനിമകളിൽ അദ്ദേഹം നിരവധി അപകടകരമായ സ്റ്റണ്ടുകൾ ചെയ്തിട്ടുണ്ട്. അദ്ദേഹം വളരെ ധീരനായ വ്യക്തിയാണ്' എന്നാണ് വിശാൽ എക്സിൽ കുറിച്ചത്.

എന്നാൽ, രാജു ഒരു സ്റ്റണ്ട് അബദ്ധത്തിൽ ചെയ്തതിന്‍റെ ദൃശ്യങ്ങൾ ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്. ഒരു രംഗത്തിനായി അദ്ദേഹം ഒരു എസ്‌.യു.വി ഓടിക്കുകയായിരുന്നു. റാമ്പിൽ കയറി ബാലൻസ് നഷ്ടപ്പെട്ട് മറിയുകയും മുൻവശത്ത് ശക്തമായി ഇടിച്ചിറങ്ങിയാണ് അപകടം സംഭവിച്ചത്. മറ്റൊരു ക്ലിപ്പിൽ സാരമായി തകർന്ന കാറിൽ നിന്ന് രാജുവിനെ പുറത്തെടുത്ത് ആംബുലൻസിലേക്ക് കൊണ്ടുപോകുന്നതും കാണാം.

രാജുവിന്റെ കുടുംബത്തിന് എല്ലാ പിന്തുണയും വിശാൽ ഉറപ്പുനൽകിയിട്ടുണ്ട്. എന്റെ അഗാധമായ അനുശോചനം രേഖപ്പെടുത്തുന്നു. അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി ലഭിക്കട്ടെ. ഗുരുതരമായ നഷ്ടത്തിൽ അദ്ദേഹത്തിന്റെ കുടുംബത്തിന് ദൈവം കൂടുതൽ ശക്തി നൽകട്ടെ. ഈ ട്വീറ്റ് മാത്രമല്ല, ഒരേ സിനിമാ മേഖലയിൽ നിന്നുള്ളയാളായതിനാലും നിരവധി സിനിമകൾക്ക് അദ്ദേഹം നൽകിയ സംഭാവനകൾക്കും ഞാൻ തീർച്ചയായും ഒപ്പമുണ്ടാകും. എന്റെ ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്ന്, എന്റെ കടമ എന്ന നിലയിൽ, ഞാൻ അവർക്ക് എന്റെ പിന്തുണ നൽകുന്നു. ദൈവം അനുഗ്രഹിക്കട്ടെ വിശാൽ കൂട്ടിച്ചേർത്തു. 

Tags:    
News Summary - Stuntman SM Raju dies during Arya-Pa Ranjith film shoot

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.