ശ്രീദേവിയുമായുള്ള തന്‍റെ വിവാഹത്തിന് മോതിരം വാങ്ങി നൽകിയത് ആദ്യഭാര്യ മോനയെന്ന് ബോണി കപൂർ

നടി ശ്രീദേവിയും നിർമാതാവ് ബോണി കപൂറും വിവാഹിതരായത് അന്നത്തെ വലിയ വാർത്തയായിരുന്നു. ബോണി കപൂറിന്റെ രണ്ടാം വിവാഹമായിരുന്നു അത്. ശ്രീദേവിയുമായുള്ള വിവാഹത്തിന് മുമ്പ് ബോണി കപൂർ, മോന കപൂറിനെ വിവാഹം കഴിച്ചിരുന്നു. അർജുൻ, അൻഷുല എന്നിങ്ങനെ രണ്ട് മക്കളും ദമ്പതികൾക്ക് ഉള്ള സമയത്തായിരുന്നു ബോണിയുടെ രണ്ടാം വിവാഹം. ശ്രീദേവിയെ വിവാഹം കഴിച്ചതിനുശേഷം അദ്ദേഹം തന്റെ ആദ്യ കുടുംബത്തിൽ നിന്ന് അകന്നു. ശ്രീദേവിയുമായുള്ള തന്റെ ബന്ധത്തെക്കുറിച്ച് തന്റെ ആദ്യ ഭാര്യ മോനക്ക് അറിമായിരുന്നു എന്ന് പറയുകയാണ് ബോണി കപൂർ. മോനയാണ് അവരുടെ വിവാഹ മോതിരങ്ങൾ വാങ്ങിയതെന്ന് അദ്ദേഹം പുതിയ അഭിമുഖത്തിൽ വെളിപ്പെടുത്തി.

2018ൽ ശ്രീദേവിയുടെ മരണശേഷം മക്കളായ ജാൻവിയെയും ഖുഷിയെയും പിന്തുണക്കാൻ അർജുനും അൻഷുലയും മുന്നോട്ടുവന്നതായി ബോണി തന്റെ യൂട്യൂബ് ചാനലിലൂടെ ചന്ദ കൊച്ചാറിനോട് പങ്കുവെച്ചു. 2012ലാണ് മോന മരിക്കുന്നത്. മോനയുമായുള്ള ബന്ധത്തെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. ശ്രീദേവിയുമായുള്ള ബന്ധത്തെക്കുറിച്ച് താൻ അവരോട് എല്ലാം തുറന്നുപറഞ്ഞിരുന്നുവെന്ന് അദ്ദേഹം ഓർമിച്ചു.

'ഞാൻ ധരിച്ചിരിക്കുന്ന മോതിരവും ശ്രീദേവി ധരിച്ചിരിക്കുന്ന മോതിരവും നോക്കൂ. രണ്ടും മോന വാങ്ങിയതാണ്. ഞാൻ അവളോട് തുറന്നു പറഞ്ഞു, അതുകൊണ്ടാണ് അവൾ എന്നോട് ഒരു തരത്തിലുള്ള വെറുപ്പും സൃഷ്ടിക്കാതെ കുട്ടികളെ വളർത്തിയത്' -അദ്ദേഹം പറഞ്ഞു. എന്നാൽ, ഇതെല്ലാം സംഭവിക്കുമ്പോൾ അർജുനും അൻഷുലയും അസ്വസ്ഥതയിലൂടെ കടന്നുപോയിരിക്കണമെന്ന് അദ്ദേഹം പറഞ്ഞു.

മകൻ അർജുൻ എഴുതിയ വികാരഭരിതമായ കത്ത് ഇപ്പോഴും തന്റെ കൈവശമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. 'എന്റെ കൈവശം അർജുൻ എഴുതിയ ഒരു കത്ത് ഉണ്ട്. 'പപ്പാ, നിങ്ങൾ എന്തുകൊണ്ടാണ് വീട്ടിലേക്ക് വരാത്തത്?' എന്ന് അതിൽ അവൻ എന്നോട് ചോദിച്ചു. എനിക്ക് വിഷമം തോന്നിയിരുന്നു. എനിക്ക് എന്തുചെയ്യാൻ കഴിയും? ഒരുവശത്ത് ശ്രീദേവിയും മറുവശത്ത് എന്റെ കുട്ടികളും. ശ്രീദേവിയെ തനിച്ചാക്കി പോകാൻ എനിക്ക് കഴിഞ്ഞില്ല. മാതാപിതാക്കൾ മരിച്ചുപോയതിനാൽ അവൾ ഒറ്റക്കായിരുന്നു. പക്ഷേ ഇവിടെ, കുറഞ്ഞത് എന്റെ കുട്ടികൾ അവരുടെ അമ്മയോടൊപ്പമായിരുന്നു. അവർ അവരുടെ മുത്തശ്ശിമാർക്കൊപ്പമായിരുന്നു താമസിച്ചിരുന്നത്' -അദ്ദേഹം പറഞ്ഞു.

മോനയെയും കുട്ടികളെയും ഉപേക്ഷിച്ച് ശ്രീദേവിയോടൊപ്പം താമസിക്കാൻ തുടങ്ങിയത് തനിക്ക് ബുദ്ധിമുട്ടുള്ള തെരഞ്ഞെടുപ്പായിരുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി. ശ്രീദേവിക്ക് അർജുനെ വളരെ ഇഷ്ടമായിരുന്നുവെന്ന് കപൂർ പറഞ്ഞു. മക്കൾ നാലുപേരും നല്ല ബന്ധത്തിലായതിൽ വളരെ സന്തോഷമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ശ്രീദേവിയുടെ അകാല വിയോഗത്തിന് ശേഷം ജാൻവിയെയും ഖുഷിയെയും ബന്ധപ്പെടാൻ തീരുമാനിച്ചതിനെക്കുറിച്ച് അർജുനും അൻഷുലയും മുമ്പ് സംസാരിച്ചിട്ടുണ്ട്. 

Tags:    
News Summary - Sridevi and Boney Kapoor’s wedding rings were bought by his first wife Mona

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.