വിന്‍റേജ് കാലഘട്ടത്തിൽ ബോളിവുഡ് അടക്കിഭരിച്ച സൗത്ത് ഇന്ത്യൻ നടിമാരെ അറിയാം

പാൻ ഇന്ത്യ തരംഗങ്ങൾ സിനിമമേഖലയിൽ കടന്ന് വരുന്നതിന് മുമ്പേ, നിരവധി ദക്ഷിണേന്ത്യൻ നടിമാർ അവരുടെ ഐക്കണിക് പ്രകടനം, സൗന്ദര്യം എന്നിവയാൽ ബോളിവുഡ് കീഴടക്കിയിരുന്നു. 1960-70 കാലഘട്ടത്തിൽ ഹിന്ദി സിനിമയിൽ താരപദവി കീഴടക്കിയ അഞ്ച് സൗത്ത് ഇന്ത്യൻ താരങ്ങളെക്കുറിച്ചറിയാം.



രേഖ

60കളുടെ അവസാനങ്ങളിലാണ് ചെന്നൈ സ്വദേശിയായ രേഖ ഹിന്ദി സിനിമയുടെ വെള്ളിവെളിച്ചത്തിലെക്ക് കടന്ന് വരുന്നത്. 70കളോടെ ബോളിവുഡിന്‍റെ ഫാഷൻ, പെർഫോമൻസ് ഐക്കണായി രേഖ മാറി. അക്കാലത്തെ ഏറ്റവും മികച്ച അഭിനേത്രിക്കൂടെയായിരുന്നു രേഖ. 'ദോ അഞ്ജാനോ','ഘർ','മുകന്ദർ കാ സിക്കന്ദർ' തുടങ്ങിയ ചിത്രങ്ങളിൽ അവർ അവിശ്വസനീയവും പ്രശംസനീയവുമായ പ്രകടനങ്ങൾ കാഴ്ചവെച്ചു. തന്റെ 40 വർഷത്തെ അഭിനയ ജീവിതത്തിൽ 180 ലധികം ചിത്രങ്ങളിൽ രേഖ അഭിനയിച്ചിട്ടുണ്ട്.

ഹേമമാലിനി

ബോളിവുഡിന്‍റെ നായിക സങ്കൽപത്തിന്‍റെ പ്രതീകമായിരുന്ന തമിഴ്നാട്ടുക്കാരി. ക്ലാസിക്കൽ നൃത്തവും വഴക്കവും ഊർജസ്വലതയും ഹേമമാലിനിയെ 70കളിലെ ചോദ്യംചെയ്യപ്പെടാത്ത രാജ്ഞിയാക്കി മാറ്റി. 'സീത ഔർ ഗീത' മുതൽ 'ഷോല' വരെ അക്കാലത്തെ ഏറ്റവും തിരക്കുളള നായികയായി ഹിന്ദി ചലച്ചിത്ര മേഖലയിൽ അവർ തിളങ്ങി.

വൈജയന്തിമാല

1950 കളിലും 60കളിലും ബോളിവുഡിലെ മുൻനിര നായികയായിരുന്നു വൈജയന്തിമാലയെന്ന തമിഴ്നാട്ടുക്കാരി. ഭരതനാട്യ നർത്തകിയായ പേരെടുത്ത അവർ ഹിന്ദി സിനിമകളിലെ മികച്ച നടിമാരിലും നർത്തകിമാരിലും ഒരാളാണ്. 70കളിലും 'ഗൻവാർ' പോലുളള ചിത്രങ്ങളിൽ അവർ തിളങ്ങിയിട്ടുണ്ട്. നാല് ഫിലിംഫെയർ അവാർഡുകളും രണ്ട് ബി.എഫ്.ജെ.എ അവാർഡുകളും ഉൾപ്പെടെ നിരവധി അംഗീകാരങ്ങൾ നേടിയിട്ടുണ്ട്.

പദ്മിനി

ആറ് പതിറ്റാണ്ടിലേറെക്കാലം നീണ്ടുനിന്ന ചലച്ചിത്രജീവിതം നയിച്ച നടിയും നർത്തകിയുമായിരുന്നു പദ്മിനി. തിരുവിതാംകൂർ സഹോദരിമാർ എന്നറിയപ്പെട്ട ലളിത-പത്മിനി-രാഗിണിമാരിലെ ഒരാളായിരുന്നു പദ്മിനി. 'മേരാ നാം ജോക്കർ' എന്ന സിനിമയിലെ അവരുടെ അഭിനയം സമാനതകളില്ലാത്തതായിരുന്നു. ആഴവും ഗാംഭീര്യവും ഇടകലർന്ന അഭിനയ ശൈലിയായിരുന്നു അവരുടെ പ്രത്യേകത.

 ജയസുധ

മലയാളികൾ ജയസുധയെ ഓർമിക്കുന്നത് ഇഷ്ടം എന്ന ഹിറ്റ് സിനിമയിലെ സംഗീത അധ്യാപിക ആയിട്ടായിരിക്കും. നെടുമുടി വേണുവിന്‍റെ ജോഡിയായി ജയസുധ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. തെലുങ്ക് സിനിമയാണ് പ്രധാന തട്ടകമെങ്കിലും ജയസുധ, 70കളിൽ ബോളിവുഡിലും അറിയപ്പെടുന്ന നടിയായിരുന്നു. ഹ്രസ്വകാലമാണ് ഹിന്ദിചലച്ചിത്രമേഖലയിൽ ഉണ്ടായിരുന്നതെങ്കിലും 'ഷായർ -ഇ-കാശ്മീർ മഹ്ജൂർ' പോലുളള സിനിമകളിൽ മികച്ച അഭിനയം അവർ കാഴ്ചവെച്ചു. ക്ലാസിക്ക് സിനിമയായ സൂര്യവംശത്തിൽ അമിതാഭ് ബച്ചന്‍റെ ജോഡിയായും അമ്മയായും അഭിനയിച്ചു.

Tags:    
News Summary - South Indian stars who ruled Bollywood during the vintage era

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.