‘ലവ് ജിഹാദ്, ഘർ വാപ്സി; കരീന കപൂർ-സെയ്ഫ് അലി ഖാൻ വിവാഹത്തിൽ നേരിട്ട വിമർശനങ്ങളെക്കുറിച്ച് സോഹ അലി ഖാൻ

1968ലാണ് ബോളിവുഡിലെ താരറാണി ഷർമിള ടാഗോറും മുൻ ഇന്ത്യൻ ​ക്രിക്കറ്റ് ടീം ക്യാപ്റ്റൻ മൻസൂർ അലി ഖാൻ പട്ടോഡിയും വിവാഹിതരാകുന്നത്. മിശ്രവിവാഹമായതിനാൽ അന്നത് യാഥാസ്ഥിതികർക്കിടയിൽ കോളിളക്കം സൃഷ്ടിച്ചു. എന്നാൽ, നാല് പതിറ്റാണ്ടുകൾക്ക് ശേഷം, 2012ൽ അവരുടെ മകനും ബോളിവുഡ് സൂപ്പർ താരവുമായ സെയ്ഫ് അലി ഖാൻ നടി കരീന കപൂറിനെ വിവാഹം കഴിച്ചപ്പോഴും 2015ൽ മകൾ സോഹ അലി ഖാൻ കുനാൽ കെമ്മുവിനെ വിവാഹം കഴിച്ചപ്പോഴും വലിയ മാറ്റമൊന്നുമില്ലാതെ തന്നെ സമൂഹം വിമർശനവുമായി എത്തി.

അടുത്തിടെ ഒരു അഭിമുഖത്തിൽ, കുനാലിനെ വിവാഹം കഴിക്കാൻ തീരുമാനിച്ചപ്പോൾ നേരിടേണ്ടി വന്ന പ്രശ്നങ്ങളെക്കുറിച്ച് സോഹ തുറന്നുപറഞ്ഞു. വിവാഹ സമയത്ത് പലരും 'ഘർ വാപ്സി', 'ലവ് ജിഹാദ്' തുടങ്ങിയ പദങ്ങൾ ഉപയോഗിച്ച് വിമർശിച്ചതിനെക്കുറിച്ചും സോഹ ഓർമിച്ചു. നയൻദീപ് രക്ഷിതിന്‍റെ യൂട്യൂബ് ചാനലിൽ സംസാരിക്കുകയായിരുന്നു സോഹ.

'ഞാൻ സ്നേഹിക്കുന്നവരും എന്നെ സ്നേഹിക്കുന്നവരും ഞാൻ ബഹുമാനിക്കുന്നവരും എന്നോടൊപ്പം ഉണ്ടായിരുന്നതിനാൽ എനിക്കത് മനസിലായില്ലെന്ന് തോന്നുന്നു. വെറുക്കുന്നവർ ധാരാളം ഉണ്ടാകും, ധാരാളം ബഹളം ഉണ്ടാകും, അതും കുഴപ്പമില്ല. എന്നാൽ, ഞങ്ങൾക്ക് എല്ലാവർക്കും ഒരേ അഭിപ്രായമായതിൽ എനിക്ക് സന്തോഷമുണ്ട്. കുനാലും ഞാനും വിവാഹിതരായപ്പോഴും കരീനയും ഭായിയും വിവാഹിതരായപ്പോഴും ധാരാളം വിചിത്രമായ കാര്യങ്ങൾ ഉണ്ടായിരുന്നു. ലവ് ജിഹാദ്, ഘർ വാപസി അങ്ങനെ എല്ലാത്തരം വിചിത്രമായ തലക്കെട്ടുകളും അന്ന് സൃഷ്ടിക്കപ്പെട്ടു' -സോഹ പറഞ്ഞു.

ചിലപ്പോഴൊക്കെ ആളുകൾ വെറുതെ എന്തെങ്കിലും പറയുകയും അവരുടെ വാക്കുകളുടെ ഗൗരവം മനസ്സിലാക്കാതിരിക്കുമെന്ന് സോഹ പറഞ്ഞു. വിവാഹിതരായപ്പോൾ മാതാപിതാക്കൾ നേരിട്ട പ്രശ്നവുമായി അവർ ഈ വിമർശനങ്ങളെ താരതമ്യം ചെയ്തു. 'ചില ആളുകൾ ഈ കാര്യങ്ങൾ വിശ്വസിക്കുന്നില്ല എന്ന് എനിക്ക് തോന്നുന്നു. പക്ഷേ പല തരത്തിൽ, 60കൾ കൂടുതൽ സ്വാതന്ത്ര്യമുള്ള സമയമായിരുന്നു. ഇപ്പോൾ, ലോകമെമ്പാടും നിങ്ങൾക്ക് കാണാൻ കഴിയുന്നതുപോലെ, നമ്മൾ അൽപ്പം അസഹിഷ്ണുതയുള്ളവരും, കുറച്ചുകൂടി തീവ്ര ചിന്താഗതിക്കാരും, അടഞ്ഞ മനസ്സുള്ളവരും ആയി മാറിയിരിക്കുന്നു' -അവർ പറഞ്ഞു.

എന്നാൽ, പട്ടോഡിയുമായുള്ള വിവാഹത്തിന് മുമ്പ് 'വെടിയുണ്ടകൾ സംസാരിക്കും' എന്ന് പറഞ്ഞുകൊണ്ട് ഭീഷണി ലഭിച്ചതായി ഷർമിള ഒരിക്കൽ പറഞ്ഞിരുന്നു. ധാരാളം ഭീഷണികൾ ഉണ്ടായിരുന്നതിനാൽ എന്ത് സംഭവിക്കുമെന്ന് വളരെ ആശങ്കാകുലരായിരുന്നു. അതോടെ, ഫോർട്ട് വില്യമിൽ വിവാഹം സംഘടിപ്പിക്കാൻ തീരുമാനിച്ചു. എന്നാൽ, വരുന്ന ചിലർക്ക് ആർമി ബന്ധമുള്ളതിനാൽ ഫോർട്ട് വില്യംസ് അവസാന നിമിഷം വിസമ്മതിച്ചു. ഒടുവിൽ, ഒരു സുഹൃത്തിന്റെ വലിയ വീട് കണ്ടെത്തിയാണ് വിവാഹം നടത്തിയതെന്നും അവർ പറഞ്ഞിരുന്നു. 

Tags:    
News Summary - Soha Ali Khan about Kareena Kapoor-Saif Ali Khan’s interfaith marriage

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.