അനന്ത് നാഗ്

‘കർണാടക എന്‍റെ കർമ്മഭൂമി, ഭാരതം എന്‍റെ ധർമ്മഭൂമി’; ദേശീയ ചലച്ചിത്ര പുരസ്കാര വേദിയിൽ അനന്ത് നാഗ്

72-ാമത് ദേശീയ ചലച്ചിത്ര പുരസ്കാര വേദിയിൽ ഏറ്റവും വലിയ കയ്യടി നേടിയത് മുതിർന്ന കന്നഡ നടൻ അനന്ത് നാഗ് ആണ്. ഇന്ത്യൻ സിനിമയിലെ പരമോന്നത ബഹുമതിയായ ദാദാസാഹേബ് ഫാൽക്കെ പുരസ്കാരം ഏറ്റുവാങ്ങാൻ ഗുജറാത്തിലെ ഏകതാ നഗറിലെ വേദിയിൽ എത്തിയ അദ്ദേഹത്തെ സദസ്സ് എഴുന്നേറ്റ് നിന്നാണ് സ്വീകരിച്ചത്. പത്മഭൂഷൺ പുരസ്കാരത്തിന് ശേഷം വീണ്ടും രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെ കൈകളിൽ നിന്ന് തന്നെ രാജ്യത്തിന്റെ പരമോന്നത ചലച്ചിത്ര ബഹുമതി ഏറ്റുവാങ്ങുമ്പോൾ, അനന്ത് നാഗ് തന്റെ അഞ്ചര പതിറ്റാണ്ട് നീണ്ട ജീവിതയാത്രയെ കുറിച്ചാണ് സംസാരിച്ചത്.

ആശ്രമത്തിലും മഠത്തിലും വളർന്ന് 12-ാം വയസ്സിൽ മുംബൈയിലേക്ക് അയക്കപ്പെട്ട കുട്ടി, അവിടെ ചൈതന്യ മഹാപ്രഭുവായി ആദ്യമായി സ്റ്റേജിൽ കയറിയത്, പിന്നീട് 5 വർഷത്തിനിടെ 50 നാടകങ്ങളിൽ അഭിനയിച്ച് തന്റെ പരിശീലനം പൂർത്തിയാക്കിയത്, ശ്യാം ബെനഗൽ അടക്കമുള്ളവരിലൂടെ ഹിന്ദി സിനിമയിലെത്തിയതും ഒടുവിൽ കർണാടകയിലേക്ക് മടങ്ങിയെത്തി അവിടെ സ്ഥിരതാമസമാക്കിയതും അദ്ദേഹം ഓർത്തെടുത്തു.ഒടുവിൽ തന്റെ പ്രസംഗം അവസാനിപ്പിക്കുമ്പോൾ അദ്ദേഹം പറഞ്ഞ വാക്കുകളാണ് ഇന്ന് സോഷ്യൽ മീഡിയയിൽ നിറയുന്നത്.

‘ഈ മഹത്തായ രാജ്യം എന്റെ ജന്മഭൂമിയാണ്, കർണാടക എന്റെ കർമ്മഭൂമിയും ഭാരത് എന്റെ ധർമ്മഭൂമിയും. നിങ്ങളോടൊപ്പം ഇവിടെ ഉണ്ടായിരിക്കുന്നത് വലിയ ബഹുമതിയാണ്. ഈ ചടങ്ങിന്റെ മഹത്വം ഉൾക്കൊള്ളാൻ ഞാൻ ശ്രമിക്കുകയാണ്. ഞാൻ ഇതുപോലുള്ള പല ഒത്തുചേരലുകളിലും പങ്കെടുത്തിട്ടില്ല. ഒരുപക്ഷേ ഒന്നിലും തന്നെ പങ്കെടുത്തിട്ടില്ല. പക്ഷേ ഇന്ന് നിങ്ങളോടൊപ്പം ഉണ്ടായിരിക്കുന്നതിൽ എനിക്ക് വളരെ സന്തോഷമുണ്ടെന്നാണ് അനന്ത് നാഗ് പറഞ്ഞത്.

ഭാര്യയും നടിയുമായ ഗായത്രിക്കൊപ്പമാണ് നാഗ് എത്തിയത്. ആദ്യകാലം മുതൽ കരിയറിലെ നിർണായക പ്രകടനങ്ങളും അടുത്തിടെയുള്ള സൃഷ്ടികളും ഉൾപ്പെടുത്തി അദ്ദേഹത്തിന്റെ യാത്രയെ കുറിക്കുന്ന ഒരു പ്രത്യേക വിഡിയോ ട്രിബ്യൂട്ടും ചടങ്ങിൽ പ്രദർശിപ്പിച്ചിരുന്നു. ‘ഞാൻ നിരവധി ഹിന്ദി സിനിമകളിൽ അഭിനയിച്ചെങ്കിലും, പുതിയ സിനിമകൾക്കും വാണിജ്യ സിനിമകൾക്കുമുള്ള അന്തരീക്ഷവും മറ്റ് അവസരങ്ങളും കർണാടകയിൽ മികച്ചതായിരുന്നു. അതിനാൽ ഞാൻ ബംളൂരിലേക്ക് മാറി അവിടെ സ്ഥിരതാമസമാക്കാൻ തീരുമാനിച്ചു. അത് എന്റെ കർമ്മഭൂമിയായി മാറി’ അദ്ദേഹം പറഞ്ഞു.

ദാദാസാഹേബ് ഫാൽക്കെ പുരസ്കാരം നാഗിന് പത്മഭൂഷൺ ലഭിച്ച് ഒരു വർഷത്തിന് ശേഷമാണ്. രണ്ട് ബഹുമതികളും രാഷ്ട്രപതി ദ്രൗപദി മുർമുവിൽ നിന്ന് സ്വീകരിച്ച യാദൃശ്ചികതയെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. ‘കഴിഞ്ഞ വർഷം, നമ്മുടെ രാഷ്ട്രപതി ദ്രൗപദി മുർമു ജിയുടെ മാന്ത്രിക കൈകളിൽ നിന്ന് പത്മ പുരസ്കാരം സ്വീകരിക്കാൻ എനിക്ക് ഭാഗ്യം ലഭിച്ചു. ഇത്തവണയും സിനിമാ മേഖലയിലെ ഏറ്റവും ഉയർന്ന പുരസ്കാരം അവരിൽ നിന്ന് സ്വീകരിക്കാൻ എനിക്ക് അവസരം ലഭിച്ചു’ എന്ന് പറഞ്ഞാണ് അനന്ത് നാഗ് തന്‍റെ പ്രസംഗം അവസാനിപ്പിച്ചത്. 

Tags:    
News Summary - Karnataka is My Karmabhoomi says Anant Nag

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.