ഇപ്പോഴും ചിരിപ്പിക്കുന്ന സിദ്ദിഖ്

2023 ആഗസ്ത് എട്ട്, മലയാള സിനിമാ ശൃംഖലക്ക് നികത്താൻ കഴിയാത്ത നഷ്ടം സംഭവിച്ച ദിവസമാണ്​. അന്ന് ഹൃദയസ്തംഭനമൂലം സംവിധായകൻ സിദ്ദിഖ് മരണപ്പെട്ടപ്പോൾ കൂടെ സ്തംഭിച്ചുനിന്നത് മലയാള സിനിമകൂടിയാണ്. സിനിമ​​പ്രേമികൾക്ക് ഇപ്പോഴും ചിരിക്കാനുള്ള ലിസ്റ്റിൽ എന്നും സിദ്ദിഖ്-ലാൽ കൂട്ടുകെട്ടിലെ സിനിമകൾ മുൻപന്തിയിൽതന്നെയുണ്ട്.


മിമിക്സ് പരേഡിൽനിന്ന് സിനിമയിലേക്ക്

മലയാളത്തിൽ വളർന്നുവന്ന പല സംവിധായകരും സിനിമ പ്രവർത്തകരും ആബേലച്ഛന്‍റെ കൊച്ചിൻ കലാഭവനിൽ നിന്നുള്ളവരായിരിക്കും. ആ ഒരു പാരമ്പര്യം സിദ്ദിഖിനുമുണ്ട്. കലാഭവനിൽനിന്ന് കൂടെകൂടിയ ലാലുമായുള്ള സൗഹൃദത്തിൽ വളർന്ന സിനിമകൾക്ക് ഒരു പ്രത്യേകതരം ഫാൻബേസുണ്ട് ഇന്നും മലയാളികൾക്കിടയിൽ.

െകാച്ചിൻ കലാഭവൻ മിമിക്സ് പരേഡിൽ ആബേലച്ഛന്റെ ഒപ്പം സിദ്ദിഖും ലാലും സഹപ്രവർത്തകരും

പറഞ്ഞ് ചിരിപ്പിക്കാൻ കഴിവുള്ളവർക്ക് സിനിമ എന്ന അത്ഭുതം ഒരു മാധ്യമംകൂടിയായപ്പോൾ ആ ചിരി വേഗത്തിൽ സിനിമപ്രേമികളിലേക്ക് പൊട്ടിച്ചിരിയാക്കാൻ ഏറെ ബുദ്ധിമുട്ടേണ്ടിവന്നില്ല. കലാഭവനിൽ ജോലി ചെയ്തിരുന്ന സമയത്തുതന്നെ കോമഡി സ്കിറ്റുകൾ എഴുതുന്നതിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ച സിദ്ദിഖിന് ആ അനുഭവസമ്പത്ത് സിനിമ തിരക്കഥയിലേക്ക് മാറിയപ്പോൾ കൂടുതൽ കൈമുതലായി വന്നു.

കലാഭവനിൽനിന്ന്​ ഫാസിലുമായുണ്ടായ സൗഹൃദം സിനിമയിലേക്കുള്ള വാതിൽ തുറന്നുകൊടുക്കുന്നതിൽ ഏറെ സ്വാധീനിച്ചിട്ടുണ്ട്. സംവിധായകൻ ഫാസിൽ, കമൽ എന്നിവരുടെ കൂടെയൊക്കെ അസിസ്റ്റന്‍റ്​ ഡയറക്ടറായി ജോലി ചെയ്തായിരുന്നു തുടക്കം. തുടർന്ന് സംവിധായകൻ സത്യൻ അന്തിക്കാടിനുവേണ്ടി 1986ൽ ‘പപ്പൻ പ്രിയപ്പെട്ട പപ്പൻ’ എന്ന ചിത്രത്തിനുവേണ്ടി കഥയെഴുതി. ഡാർക്ക് കോമഡി വിഭാഗത്തിലായിരുന്നു ചിത്രം പുറത്തിറങ്ങിയത്.


തുടർന്ന് സത്യൻ അന്തിക്കാടിന്‍റെ എക്കാലത്തേയും സൂപ്പർ, ഡ്യൂപ്പർ ചിത്രം ‘നാടോടിക്കാറ്റി’ന്‍റെ കഥ എഴുതിയതോടെ സിദ്ദിഖ്-ലാലിന്‍റെ തലവ​ര തന്നെ മാറിമറിഞ്ഞു. മലയാള സിനിമയിൽ തങ്ങൾക്കും ഒരു സ്ഥാനമുണ്ടെന്ന തിരിച്ചറിവ് അവിടെവെച്ചാണ് ഇരുവരും മനസ്സിലാക്കിയത്.

സിദ്ദിഖ്-ലാൽ സ്റ്റാർട്ട് സ്പീക്കിങ്

1989ൽ തിരക്കഥയെഴുതി സംവിധാനം ചെയ്ത കോമഡി, ത്രില്ലർ റാംജിറാവ് സ്പീക്കിങ്ങിലൂടെയാണ് സിദ്ദിഖ് സംവിധായകന്‍റെ കുപ്പായമണിയുന്നത്. ഓരോ ചിത്രത്തിലൂടെയും പുതിയ താരങ്ങളെ മലയാള സിനിമക്ക് നൽകുന്ന ഒരു രീതി ഇവർക്കുമുണ്ട്.

ലാലും സിദ്ദിഖും

മലയാളത്തിലെ അതുല്യനടൻ കൊട്ടാരക്കര ശ്രീധരൻനായരുടെ മകൻ ‘സായ്കുമാറിന്‍റെ നായകനായുള്ള അരങ്ങേറ്റ ചിത്രം കൂടിയായിരുന്നു റാംജിറാവ് സ്പീക്കിങ്. രണ്ട് ഭാഗങ്ങളായി ചെയ്ത സിനിമയിൽ ആദ്യഭാഗത്തിൽ സായ്കുമാറും രണ്ടാംഭാഗമായ മാന്നാർ മത്തായി സ്പീക്കിങ്ങിൽ മുകേഷുമായിരുന്നു കഥാഗതി നിയന്ത്രിച്ചിരുന്നത്.

സിദ്ദിഖിന്‍റെ അവതരണരീതി

എഴുതിയ തിരക്കഥയിൽ ഭൂരിഭാഗവും മനുഷ്യബന്ധങ്ങളും സാമൂഹികപ്രശ്നങ്ങളുമായിരുന്നു. ​നാടോടിക്കാറ്റ്, റാംജിറാവു സ്പീക്കിങ്, മാന്നാർ സ്പീക്കിങ് എന്നിവയിലെല്ലാം തൊഴിലില്ലായ്മ നേരിടുന്ന യുവാക്കളുടെ ചില രസമുഹൂർത്തങ്ങളായിരുന്നു വിഷയം.

വിയറ്റ്നാംകോളനിയിൽ ചതിയും, ക്രോണിക് ബാച്ച്‍ലർ, ​കാബൂളിവാല, ഹിറ്റ്ലർ, ഫ്രണ്ട്സ്, ഹരിഹർനഗർ എന്നീ ചിത്രങ്ങളിൽ കുടുംബബന്ധങ്ങളും സൗഹൃദവുമെല്ലാം പ്രമേയമായി. പകയും പ്രണയവും നിറഞ്ഞ സൂപ്പർഹിറ്റായിരുന്നു ഗോഡ്ഫാദർ.

തകർക്കാൻ പറ്റാത്ത റെക്കോർഡ്

1991ൽ ഇറങ്ങിയ ചിത്രമാണ് ഗോഡ്ഫാദർ. മലയാളത്തിലെ സർവകാല ​റെക്കോഡും തകർത്തെറിഞ്ഞ ചിത്രം. ഏറ്റവും കൂടുതൽ ദിവസം തിയറ്ററിൽ കളിച്ച ചിത്രമെന്ന ഗോഡ്ഫാദറിന്‍റെ റെക്കോഡ് ഇതുവരെ ഒരു മലയാള സിനിമക്കും തിരുത്താൻപറ്റിയിട്ടില്ല. ഇനി അത് തിരുത്തപ്പെടുമോ എന്ന കാര്യത്തിൽ പോലും സംശയമാണ്.


കൂട്ടുകെട്ടുകൾ പ്രമുഖർക്കൊപ്പം

89 മുതലാണ് ഈ കൂട്ടുകെട്ടിന്‍റെ വമ്പൻ ചിത്രങ്ങൾ വരുന്നത്. കോമഡികൾക്ക് പ്രധാന്യം നൽകി വളരെ ലളിതമായ ഒരു കഥയെ കൂടുതൽ സംഘർഷഭരിതമായ തിരക്കഥയിലേക്ക് മാറ്റി, കരയിപ്പിക്കാനും ചിരിപ്പിക്കാനും ചിന്തിപ്പിക്കാനുമുള്ള പാകത്തിലേക്ക് മാറ്റുന്ന രീതിയായിരുന്നു ഇവരുടേത്.

മലയാളത്തിലെ പ്രമുഖ നടന്മാരെല്ലാം സിദ്ദിഖ് -ലാൽ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. വിയറ്റ്നാം കോളനിയിലൂടെ മോഹൻലാൽ, ഹിറ്റ്ലർ, ക്രോണിക് ബാച്ചിലറിലൂടെ മമ്മൂട്ടി, ബോഡിഗാർഡിലൂടെ ദിലീപ്, ഫ്രണ്ട്സിലൂടെ ജയറാം, ഇൻ ഹരിഹർ നഗറിലൂടെ സുരേഷ് ഗോപി,​ ഫുക്രിയിലൂടെ ജയസൂര്യ ഇവരെല്ലാം ഈ കൂട്ടുകെട്ടിന്‍റെ ആക്ഷനുകൾക്ക് സാക്ഷിയായവരാണ്.

റീമേക്ക് ചിത്രമായ ബോഡിഗാർഡിന്‍റെ തമിഴ് പതിപ്പ് കാവലിലൂടെ ‘ദളപതി വിജയ്’, ബോഡിഗാർഡ് ഹിന്ദി പതിപ്പിൽ ‘സൽമാൻ ഖാൻ’. പ്രസന്ന-സാധു മിറൻഡ, അരവിന്ദ് സാമി-ഭാസ്കർ ദി റാസ്കൾ, വിജയകാന്ത്-എങ്കൾ അണ്ണ, ഫ്രണ്ട്സ് തമിഴ് പതിപ്പിലൂടെ സൂര്യ ഇങ്ങനെ നീണ്ടുപോകുന്നു സിദ്ദിഖ് ചിത്രങ്ങളിലെ താരനിരകൾ.

മുകേഷ്-സിദ്ദിഖ്

ചിത്രങ്ങളും താരനിരയും ഒരുപാടുണ്ടെങ്കിലും സിദ്ദിഖ് ചിത്രങ്ങളിലെ നിറസാന്നിധ്യം എന്നും മുകേഷാണ്. തുടക്കസിനിമയായ റാംജിറാവ് സ്പീക്കിങിൽ തുടങ്ങിയ ആ കൂട്ടുകെട്ട് ഒരുപാട് സൂപ്പർഹിറ്റുകൾ മലയാളത്തിനു സമ്മാനിച്ചിട്ടുണ്ട്. സിദ്ദിഖ് എഴുതിവെച്ചിരിക്കുന്ന തമാശകളെ അനായാസം പറഞ്ഞുഫലിപ്പിക്കാൻ മുകേഷിന് വളരെ എളുപ്പമാണണെന്ന് ചില അഭിമുഖങ്ങളിൽ പറഞ്ഞതായാണ് ഓർമ. മുകേഷിന്‍റെ പ്രകടനങ്ങൾ അത് വ്യക്തമാക്കുന്നതുമാണ്.

മുകേഷ്

റാംജിറാവ് സ്പീക്കിങ്, മാന്നാർ മത്തായി സ്പീക്കിങ്, ഇൻ ഹരിഹർ നഗർ, ഹിറ്റ്ലർ, ​ഫ്രണ്ട്സ്, ക്രോണിക് ബാച്ച്‍ലർ തുടങ്ങിയ ചിത്രങ്ങളിൽ നായകനായും നായകപ്രധാന്യമുള്ള വേഷങ്ങളിലും മുകേഷുണ്ട്. കൂടുതൽ ഹിറ്റ് ചിത്രങ്ങളും ഈ കൂട്ടുകെട്ടിൽതന്നെയുള്ളതാണ്.

ഹിറ്റ് ഡയലോഗ്സ് ബാലഷ്ണാാാാ...

മാമുക്കോയ ഇത് വിളിക്കുമ്പോൾ ഒരു പ്രത്യേകരസമാണ് കേൾക്കാൻ. സിനിമകളിലെ സംഭാഷണങ്ങൾ സൂപ്പർഹിറ്റാവുന്നത് സർവസാധാരണമാണ്. പക്ഷേ, ഇപ്പോഴും അത് നിറഞ്ഞുനിൽക്കുന്നതിന് കാരണം എഴുത്തുകാരുടെ കഴിവുകൊണ്ട് തന്നെയാണ്.

തോമസുകുട്ടി വിട്ടോടാാാ...(ഹരിഹർ നഗർ), ആരാ ഇവിടെ പടക്കംപൊട്ടിച്ചേ (ക്രോണിക് ബാച്ച്‍ലർ), പനിനീർ കൊടയാനേ.., കേറിവാടാ മക്കളേ...(ഗോഡ്ഫാദർ), വാഴയാൽ എന്താ, മനുഷ്യനല്ലേ ചോദി​ക്ക്ണേ (മാന്നാർ മത്തായി സ്പീക്കിങ്), മുണ്ട്, മുണ്ട്. നീ മുണ്ട്. എനിക്ക് പരിചയമില്ല (റാംജിറാവ് സ്പീക്കിങ്) ഇതുപോലെ മലയാള മനസ്സുകളിൽ ട്രോളായും മറ്റും നിറഞ്ഞു നിൽക്കുന്ന ഡയലോഗുകൾ നിരവധി.

കൂടുതൽ തൊടിപ്പും തൊങ്ങലും ചേർക്കാതെ സാധാ മനുഷ്യർ സംസാരിക്കുന്ന സംഭാഷണരീതി ആയതുകൊണ്ടായിരിക്കും ഇത് വേഗത്തിൽ ആളുകൾക്ക് കണക്ടാവുന്നത്. മലയാള സിനിമയിൽ നർമത്തെ എങ്ങനെ ഉപയോഗിക്കാമെന്നതും സിറ്റുവേഷൻ കോമഡികളാണ് നല്ലതെന്നതിനുമുള്ള തെളിവുകളാണ് സിദ്ദിഖിന്‍റെ ചിത്രങ്ങൾ.

1954 മാർച്ച് 25ന് കൊച്ചിയിൽ ജനനം. ഇസ്മയിൽ ഹാജിയും സൈനബയുമാണ് മാതാപിതാക്കൾ. ഭാര്യ: സജിത്. മൂന്നുമക്കളുണ്ട്. കഥാകൃത്തായും സഹസംവിധായകനായും സംവിധായകനായും ​ആകെ 30ചിത്രത്തിൽ പ്രവർത്തിച്ചിട്ടുണ്ട്. പത്തോളം സിനിമയിൽ അഭിനയിക്കുകയും തന്‍റെ തന്നെ ചിത്രമായ ഫുക്രി, ബിഗ്ബ്രദർ എന്നീ ചിത്രങ്ങൾ നിർമിക്കുകയും ചെയ്തു. കോമഡി ഫെസ്റ്റിവലിൽ ജഡ്ജായും സിനിമ ചിരിമയിൽ അവതാരകനായും തിളങ്ങി. 

സിദ്ദിഖ് ചിത്രങ്ങൾ

1. പപ്പൻ പ്രിയപ്പെട്ട

പപ്പൻ (കഥ)

2.എന്നെന്നും കണ്ണേട്ടന്‍റെ (തിരക്കഥ)

3. നാടോടിക്കാറ്റ് (കഥ)

4. റാംജിറാവ് സ്പീക്കിങ്

5. ഇൻ ഹരിഹർ നഗർ

6. ഗോഡ്ഫാദർ

7. വിയറ്റ്നാംകോളനി

8. മക്കൾ മാഹാത്മ്യം

(തിരക്കഥ)

9. കാബൂളിവാല

10. മാന്നാർ മത്തായി

സ്പീക്കിങ്

11. ഹിറ്റ്ലർ

12. അയാൾ

കഥയെഴുതുകയാണ് (കഥ)

13. ​ഫ്രണ്ട്സ്

14. ​ക്രോണിക് ബാച്‍ലർ

15. എങ്കൾ അണ്ണ

16. ഫ്രിംഗർപ്രിന്‍റ്​ (തിരക്കഥ)

17. മാരോ

18. സാധു മിറൻഡ

19. ബോഡിഗാർഡ്

20. കാവലൽ

21. ബോഡിഗാർഡ് (ഹിന്ദി)

22. ​ലേഡീസ് ആൻഡ്​

ജെന്‍റിൽമാൻ

23. ഭാസ്കർ ദി റാസ്കൾ

(മലയാളം)

24. ഭാസ്കർ ദി റാസ്കൾ (തമിഴ്)

25 കിംഗ് ലയർ (തിരക്കഥ)

26. ഫുക്രി

27.ബിഗ് ബ്രദർ

കാ​ക്കൊത്തിക്കാവിലെ അപ്പൂപ്പൻതാടികൾ, എന്നെന്നും കണ്ണേട്ടന്‍റെ, മണിച്ചിത്രത്താഴ് എന്നീ ചിത്രങ്ങളിൽ അസോസിയേറ്റായിരുന്നു.

Tags:    
News Summary - Siddique is still make us smiling

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.