രൺബീർ കപൂറിന്‍റെ 'രാമായണ'യിൽ ശോഭനയും; കഥാപാത്രം ഇതാണ്

നിതേഷ് തിവാരിയുടെ സംവിധാനത്തിൽ പുറത്തിറങ്ങുന്ന 'രാമായണ' പ്രേക്ഷകർ ഏറെ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ്. ഇന്ത്യൻ സിനിമയിലെ പ്രമുഖ താരങ്ങൾ അണിനിരക്കുന്നതിനാൽ തന്നെ ചിത്രത്തിന് പ്രതീക്ഷകൾ ഏറെയാണ്. ചിത്രത്തിൽ രാമനായി രൺബീർ കപൂറും സീതയായി സായി പല്ലവിയും രാവണനായി യാഷുമാണ് അഭിനയിക്കുന്നത്.

ഇപ്പോഴിതാ, ചിത്രത്തിൽ മലയാളികളുടെ പ്രിയതാരം ശോഭനയും അഭിനയിക്കുന്ന വിവരമാണ് പുറത്തുവന്നത്. രാവണന്റെ അമ്മയായിട്ടാണ് ശോഭന എത്തുന്നത് എന്നാണ് റിപ്പോർട്ട്. ചിത്രത്തിന്‍റെ ടീസർ ശോഭന സമൂഹമാധ്യമത്തിൽ പങ്കുവെച്ചിട്ടുണ്ട്. തലമുറകളെ രൂപപ്പെടുത്തിയ ഒരു കഥയുടെ ഭാഗമാകാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് നടി വ്യക്തമാക്കി.

രാമായണയിൽ ലക്ഷ്മണനായി രവി ദുബെ, കൈകേയിയായി ലാറ ദത്ത, ഹനുമാനായി സണ്ണി ഡിയോൾ, മണ്ഡോദരിയായി കാജൾ അഗർവാൾ എന്നിവരുൾപ്പെടെ ഒരു മികച്ച താരനിര ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ഗംഭീര താരനിര, ലോകോത്തര വി.എഫ്.എക്സ് ടീം, അത്യാധുനിക സെറ്റുകൾ തുടങ്ങി വളരെ മികച്ച ക്യാൻവാസിലാണ് രാമായണം ഒരുങ്ങുന്നത്.

വാൽമീകിയുടെ രാമായണത്തോട് പരമാവധി നീതി പുലർത്തിയാണ് ചിത്രം ഒരുങ്ങുന്നത്. നമിത് മൽഹോത്രയും യാഷും ചേർന്ന് നിർമിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നിതേഷ് തിവാരിയാണ്. ചിത്രത്തിന് രണ്ട് ഭാഗങ്ങളാണുള്ളത്. ആദ്യ ഭാഗം 2026 ദീപാവലിക്ക് റിലീസ് ചെയ്യും, രണ്ടാം ഭാഗം 2027 ദീപാവലിയിൽ റിലീസ് ചെയ്യും. എ.ആര്‍. റഹ്മാനും ഹാന്‍സ് സിമ്മറുമാണ് സംഗീതം ഒരുക്കുന്നത്.

'രാമായണ' ഇതുവരെ നിർമിച്ചതിൽ വച്ച് ഏറ്റവും ചെലവേറിയ ഇന്ത്യൻ ചിത്രമായാണ് കണക്കാക്കപ്പെടുന്നത്. ഹിന്ദുസ്ഥാൻ ടൈംസുമായുള്ള സംഭാഷണത്തിനിടെ നമിത് മൽഹോത്ര ചിത്രത്തെക്കുറിച്ചുള്ള പ്രതീക്ഷകൾ പങ്കുവെച്ചിരുന്നു. ഓപ്പൺഹൈമർ, ഫോറസ്റ്റ് ഗമ്പ് എന്നീ ചിത്രങ്ങൾ പോലെ രാമായണയും ആഗോള ശ്രദ്ധ നേടുമെന്നാണ് നമിത് വിശ്വസിക്കുന്നത്.

Tags:    
News Summary - Shobana roped in for Ranbir Kapoor’s Ramayana

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.