ബോളിവുഡിലെ കരുത്തുറ്റ വേഷങ്ങളിലൂടെ ശ്രദ്ധേയയായ താരമാണ് ഷെഫാലി ഷാ. ഡൽഹി ക്രൈം, ഡാർലിംഗ്സ് തുടങ്ങിയ ചിത്രങ്ങളിലെ അഭിനയത്തിലൂടെ ഇന്ന് ഇന്ത്യൻ സിനിമയിലെ മുൻനിര നടിമാരിൽ ഒരാളാണ് ഷെഫാലി ഷാ. എപ്പോഴും തുറന്നുപറച്ചിലുകൾ നടത്തുന്ന താരം ഇപ്പോഴിതാ തന്‍റെ കുട്ടിക്കാലത്തെ കുറിച്ചും മനസ് തുറക്കുകയാണ്. ഒരു അഭിമുഖത്തിലാണ് തന്റെ കുട്ടിക്കാലം അത്ര സന്തോഷകരമായിരുന്നില്ലെന്ന് വെളിപ്പെടുത്തിയത്. സ്‌കൂൾ കാലഘട്ടത്തിൽ സഹപാഠികളിൽ നിന്ന് താൻ നേരിട്ട പരിഹാസങ്ങളെയും അക്രമങ്ങളെയും കുറിച്ച് താരം സംസാരിച്ചു.
‘സ്‌കൂളിൽ പഠിക്കുന്ന കാലത്ത് ഞാൻ ഒരുപാട് കളിയാക്കലുകൾക്ക് ഇരയായിട്ടുണ്ട്. മറ്റ് കുട്ടികൾ എന്നെ നിരന്തരം ഉപദ്രവിച്ചിരുന്നു. വെറുതെ കളിയാക്കുക മാത്രമല്ല, ഒരു കുട്ടി തന്റെ മുഖത്ത് ആഞ്ഞു ഇടിച്ച സംഭവം പോലും ഉണ്ടായിട്ടുണ്ടെന്ന് താരം വെളിപ്പെടുത്തി. ഇത് എന്റെ മനസ്സിനെ വല്ലാതെ മുറിപ്പെടുത്തിയ ഒന്നായിരുന്നു. മറ്റ് കുട്ടികളുമായി ഇടപഴകാൻ എനിക്ക് പ്രയാസമായിരുന്നു. അക്കാലത്ത് ഞാൻ വല്ലാതെ അന്തർമുഖിയായിരുന്നു’. തന്റെ കുടുംബത്തിൽ അച്ഛനും അമ്മയും തമ്മിലുണ്ടായിരുന്ന പ്രശ്നങ്ങളും തന്റെ കുട്ടിക്കാലത്തെ സമാധാനം കെടുത്തിയിരുന്നതായി താരം നേരത്തെ സൂചിപ്പിച്ചിട്ടുണ്ട്.
ഷെഫാലി ഷാ തന്റെ കരിയറിലും ജീവിതത്തിലും നേരിട്ട ബോഡി ഷേയ്മിങ്ങിനെക്കുറിച്ച് പലപ്പോഴായി തുറന്നു പറഞ്ഞിട്ടുണ്ട്. സൗന്ദര്യത്തെക്കുറിച്ചുള്ള സിനിമ ഇൻഡസ്ട്രിയുടെയും സമൂഹത്തിന്റെയും ഇടുങ്ങിയ ചിന്താഗതികൾ തന്നെ എങ്ങനെ ബാധിച്ചു എന്ന് അവർ വ്യക്തമാക്കുന്നു. ഈ കഠിനമായ സാഹചര്യങ്ങളെ അതിജീവിച്ചാണ് ഞാൻ ഇന്ന് കാണുന്ന നിലയിലേക്ക് എത്തിയതെന്ന് ഷെഫാലി പറയുന്നു. സിനിമ തനിക്ക് നൽകിയത് ഒരു പുതിയ ജീവിതമാണെന്നും, അവിടെ താൻ സുരക്ഷിതയാണെന്നും താരം കൂട്ടിച്ചേർത്തു.
‘കരിയറിന്റെ തുടക്കകാലത്ത് മെലിഞ്ഞവളല്ല എന്ന കാരണത്താൽ പല അവസരങ്ങളും നഷ്ടപ്പെട്ടിട്ടുണ്ട്. സിനിമയിലെ നായിക സങ്കൽപ്പങ്ങൾക്ക് അനുയോജ്യമല്ല തന്റെ ശരീരപ്രകൃതി എന്ന് പലരും മുഖത്തുനോക്കി പറഞ്ഞിരുന്നു. ഏകദേശം 28-30 വയസ്സുള്ളപ്പോൾ എന്നേക്കാൾ പ്രായമുള്ളവരുടെ അമ്മ വേഷങ്ങൾ ചെയ്യാൻ ഞാൻ നിർബന്ധിതയായി. 32-ാം വയസ്സിൽ 'വക്ത്' എന്ന സിനിമയിൽ അമിതാഭ് ബച്ചന്റെ ഭാര്യയായും അക്ഷയ് കുമാറിന്റെ അമ്മയായും അഭിനയിക്കേണ്ടി വന്നു. ഇത് എന്റെ ശരീരപ്രകൃതിക്ക് പ്രായക്കൂടുതൽ തോന്നിക്കുന്നു എന്ന പൊതുബോധത്തിന്റെ ഫലമായിരുന്നു. ചില പൊതുപരിപാടികളിൽ പങ്കെടുക്കുമ്പോൾ ധരിക്കുന്ന വസ്ത്രങ്ങളുടെ പേരിലും ശരീരത്തിന്റെ അളവുകൾ വെച്ചും സോഷ്യൽ മീഡിയയിൽ പലപ്പോഴും പരിഹാസങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട്. എന്നാൽ ഇത്തരം കമന്റുകളെ ഞാൻ ഇപ്പോൾ ഗൗരവമായി എടുക്കാറില്ലെന്ന്’ ഷെഫാലി പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.