ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ഷാറൂഖ് ഖാൻ, ദീപിക പദുകോൺ ചിത്രമാണ് പത്താൻ. ജനുവരി 25 ന് പ്രദർശനത്തിനെത്തിയ ചിത്രത്തിന് റിലീസ് ചെയ്ത എല്ലാ കേന്ദ്രങ്ങളിൽ നിന്നും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. നാല് വർഷത്തെ ഇടവേളക്ക് ശേഷമാണ് ഒരു ഷാറൂഖ് ഖാൻ ചിത്രം പ്രദർശനത്തിനെത്തുന്നത്. പ്രഖ്യാപനം മുതൽ വാർത്തകളിൽ നിറഞ്ഞു നിന്ന പത്താൻ ഒരു രംഗത്തിൽ പോലും പ്രേക്ഷകരെ നിരാശപ്പെടുത്തിയിട്ടില്ല.
ബഹിഷ്കരണാഹ്വാനത്തോടെയാണ് പത്താൻ തിയറ്ററുകളിൽ എത്തിയത്. എന്നാൽ ഇതൊന്നും ബോക്സോഫീസ് കളക്ഷനെ ബാധിച്ചിട്ടില്ല. ചെറിയ മാറ്റങ്ങളോടെയാണ് പത്താൻ പ്രദർശനത്തിനെത്തിയതെങ്കിലും വിവാദഗാനം ചിത്രത്തിൽ നിലനിർത്തിയിരുന്നു.
ആദ്യദിവസം ആഗോളതലത്തിൽ 100 കോടി ക്ലബ്ബിൽ ഇടംപിടിച്ച ചിത്രം മൂന്ന് ദിവസം കൊണ്ട് 300 കോടി സ്വന്തമാക്കിയിട്ടുണ്ട്. കെ.ജി.എഫ്2 ന്റേയും ബാഹുബലി 2ന്റേയും ആദ്യ ആഴ്ചയിലെ കളക്ഷൻ റെക്കോർഡാണ് ഷാറൂഖ് ഖാൻ മറി കടന്നിരിക്കുന്നത്.
ഹിന്ദിയെ കൂടാതെ തമിഴ്, തെലുങ്ക് പതിപ്പുകളിലും ചിത്രം റിലീസ് ചെയ്തിരുന്നു. മൂന്ന് ദിവസം കൊണ്ട് 160 കോടിയാണ് ബോളിവുഡ് പതിപ്പ് നേടിയത്. 57 കോടിയായിരുന്നു പത്താൻ ആദ്യദിനം ഇന്ത്യയിൽ നിന്ന് സ്വന്തമാക്കിയത്. ഇതാദ്യമായിട്ടാണ് ഒരു ഹിന്ദി ചിത്രത്തിന് ഇത്രയധികം ഓപ്പണിങ് ലഭിക്കുന്നത്. രണ്ടാം ദിവസം 68 കോടിയാണ് ചിത്രം നേടിയത്. അവധി ദിനങ്ങൾ പത്താന് ഗുണം ചെയ്തിട്ടുണ്ട്.
ഷാറൂഖ് ഖാന്റെ കരിയറിലെ ഏറ്റവും മികച്ച ആദ്യദിന കളക്ഷനാണിത്. 44 കോടിയായിരുന്നു ദീപിക പദുകോൺ, ഷാറൂഖ് ഖാൻ ചിത്രമായ 'ഹാപ്പി ന്യൂ ഇയർ' ഫസ്റ്റ് ഡേ നേടിയത്.
സിദ്ധാർഥ് ആനന്ദ് സംവിധാനം ചെയ്ത പത്താൻ മികച്ച കാഴ്ചക്കാരെ നേടി തിയറ്ററുകളിൽ ജൈത്രയാത്ര തുടരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.