തന്റെ ഏറ്റവും പുതിയ ചിത്രമായ കൂലി കാണാൻ തിയറ്ററിൽ എത്തിയ നടി ശ്രുതി ഹാസനെ തടഞ്ഞ് സുരക്ഷ ജീവനക്കാരൻ. ചെന്നൈയിലാണ് സംഭവം. ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ചിത്രത്തിന്‍റെ ആദ്യ ദിവസത്തെ ആദ്യ ഷോ കാണാൻ എത്തിയതായിരുന്നു നടി. സംഭവത്തിന്‍റെ രസകരമായ വിഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.
സിനിമ കാണാൻ എത്തിയ ശ്രുതിയുടെ കാർ സുരക്ഷ ജീവനക്കാരൻ തടയുകയായിരുന്നു. 'ഞാനീ സിനിമയിലുണ്ട് ചേട്ടാ, അകത്തേക്ക് വിടുമോ. ഞാനിതിലെ നായികയാണ് സർ' എന്ന് ശ്രുതി പറയുന്നത് വിഡിയോയിൽ കേൾക്കാം. പിന്നീടാണ് ജീവനക്കാരൻ അവരെ അകത്തേക്ക് പ്രവേശിക്കാൻ അനുവദിച്ചത്.
തിയറ്ററിനുള്ളിൽ കയറാനുള്ള താരത്തിന്റെ അപേക്ഷ കേട്ട് പൊട്ടിച്ചിരിക്കുന്ന സുഹൃത്തുക്കളെ വിഡിയോയിൽ കാണാം. ചെന്നൈയിലെ വെട്രി തിയറ്റേഴ്‌സിന്റെ ഉടമയായ രാകേഷ് ഗൗതമൻ വിഡിയോ എക്സിൽ പങ്കിട്ടിട്ടുണ്ട്. സുരക്ഷ ജീവനക്കാരൻ തന്റെ കടമ അമിതമായി നിർവഹിച്ചെന്ന് അദ്ദേഹം എഴുതി. രസകരമായ നിമിഷത്തിൽ ഒപ്പം നിന്ന ശ്രുതി ഹാസനോടും അദ്ദേഹം നന്ദി പറഞ്ഞു.
രജനീകാന്ത് നായകനായ കൂലിക്ക് സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്. ചിത്രത്തിൽ ബോളിവുഡ് സൂപ്പർ സ്റ്റാർ ആമിർ ഖാൻ അതിഥി വേഷത്തിൽ എത്തുന്നുണ്ട്. രജനീകാന്തിനും ആമിറിനും പുറമേ, നാഗാർജുന അക്കിനേനി, ഉപേന്ദ്ര റാവു, സൗബിൻ ഷാഹിർ, ശ്രുതി ഹാസൻ, സത്യരാജ് തുടങ്ങി വൻതാരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. സണ്‍ പിക്ചേഴ്സിന്‍റെ ബാനറില്‍ കലാനിധി മാരനാണ് ചിത്രം നിർമിച്ചത്. ഗിരീഷ് ഗംഗാധരനാണ് ഛായാഗ്രാഹകന്‍. ഫിലോമിന്‍ രാജ് ആണ് എഡിറ്റിങ്. അനിരുദ്ധ് രവിചന്ദറാണ് സംഗീതം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.