'മരണത്തിന് മണിക്കൂറുകൾക്ക് മുമ്പ് ഞങ്ങൾ സംസാരിച്ചു'; സതീഷ് ഷായുമായുള്ള അവസാന സംഭാഷണത്തെക്കുറിച്ച് രത്‌ന പഥക്

മുതിർന്ന നടൻ സതീഷ് ഷായുടെ വിയോഗത്തിൽ സിനിമാലോകം ദുഃഖത്തിലാണ്. തന്റെ ഹാസ്യ വേഷങ്ങൾ കൊണ്ട് ദശലക്ഷക്കണക്കിന് ആളുകളുടെ മുഖത്ത് പുഞ്ചിരി വിരിയിച്ച സതീഷ് ഷാ ഒക്ടോബർ 25നാണ് അന്തരിച്ചത്. സാരാഭായി vs സാരാഭായിയിലെ അദ്ദേഹത്തിന്റെ വേഷം ഇപ്പോഴും പ്രേക്ഷകരുടെ ഹൃദയത്തിലാണ്. അദ്ദേഹത്തിന്റെ വിയോഗത്തിനുശേഷം പരമ്പരയിൽ അദ്ദേഹത്തിന്റെ ഭാര്യയായ മായ സാരാഭായിയായി അഭിനയിക്കുന്ന രത്‌ന പഥക് പങ്കിട്ട കുറിപ്പ് ചർച്ചയാകുകയാണ്.

സതീഷ് ഷായുടെ മരണത്തിന് ഏതാനും മണിക്കൂറുകൾക്ക് മുമ്പ് താനുമായി നടത്തിയ അവസാന സംഭാഷണത്തെക്കുറിച്ച് അവർ പങ്കുവെച്ചു. ഉച്ചക്ക് 12:57 ന്, പ്രായം കാരണം പലപ്പോഴും മുതിർന്നയാളാണെന്ന് തെറ്റിദ്ധരിക്കപ്പെടുന്നു എന്ന് സതീഷിൽ നിന്ന് ഒരു വാട്ട്‌സ്ആപ്പ് സന്ദേശം ലഭിച്ചതായി അവർ പറഞ്ഞു. ഉച്ചക്ക് 2:14ന് 'അത് നിങ്ങൾക്ക് അനുയോജ്യമാണ്' എന്ന് മറുപടി നൽകി. കഷ്ടിച്ച് രണ്ട് മണിക്കൂറിന് ശേഷം നിർമാതാവ് ജെ.ഡി. മജേതിയയിൽ നിന്ന് 'സതീഷ് ഇനിയില്ല' എന്ന സന്ദേശം ലഭിക്കുന്നത്. ജീവിതം കൂടുതൽ പൂർണമായി ജീവിക്കാൻ ദൃഢനിശ്ചയം ചെയ്ത മനുഷ്യനായിരുന്നു സതീഷെന്നും രത്‌ന പഥക് പറഞ്ഞു.

ബോളിവുഡ് സിനിമകളിലൂടെയും ഹിന്ദി സീരിയലുകളിലൂടെയും പ്രശസ്തനായ നടനാണ് സതീഷ് ഷാ. വൃക്ക ​രോഗത്തെ തുടർന്ന് ബാന്ദ്രയിലെ വസതിയിലായിരുന്നു അന്ത്യം. 90കളിലെ ജനപ്രിയ ബോളിവുഡ് സിനിമകളിൽ ശ്രദ്ധിക്കപ്പെടുന്ന വേഷങ്ങളിൽ അഭിനയിച്ച സതീഷ് ഷാ പിന്നീട് സീരിയലുകളിലൂടെ ഏറെ ജനകീയനായി. പുണെയിലെ എഫ്‌.ടി.ഐ.ഐയിൽ നിന്ന് ബിരുദം നേടിയ സതീഷ് 1970കളുടെ അവസാനത്തിലാണ് തന്റെ അഭിനയ യാത്ര ആരംഭിച്ചത്. തുടർന്ന് സിനിമയിലും ടെലിവിഷനിലും നാല് പതിറ്റാണ്ടിലേറെ നീണ്ടുനിന്ന കരിയർ അദ്ദേഹം കെട്ടിപ്പടുത്തു. 200ലധികം സിനിമകളിൽ അദ്ദേഹം അഭിനയിച്ചു.

ജാനേ ഭീ ദോ യാരോ (1983), ഹം ആപ്‌കെ ഹേ കോൻ, കഭി ഹാൻ കഭി നാ, ദിൽവാലെ ദുൽഹനിയ ലേ ജായേംഗെ, ഹം സാത്ത്-സാത്ത് ഹേ, കൽ ഹോ നാ ഹോ, മെയ് ഹൂ നാ, ഓം ശാന്തി ഓം തുടങ്ങിയ ക്ലാസിക്കുകളിൽ അദ്ദേഹം അഭിനയിച്ചു. ഈ ജനപ്രിയ സിനിമകൾ അദ്ദേഹത്തെ ഇന്ത്യയിലെ ഏറ്റവും പ്രിയപ്പെട്ട സ്വഭാവ നടന്മാരിൽ ഒരാളാക്കി. 1984ൽ പുറത്തിറങ്ങിയ 'യേ ജോ ഹേ സിന്ദഗി'യാണ് ആദ്യ ടെലിവിഷനിൽ അരങ്ങേറ്റം. തുടർന്ന് ഫിലിമി ചക്കരന്ദ് ഘർ ജമായ് പോലുള്ള മറ്റ് ജനപ്രിയ ഷോകളുടെയും ഭാഗമായി.  

Tags:    
News Summary - Satish Shahs last message to Ratna Pathak

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.