ബോളിവുഡ് നടൻ സതീഷ് ഷാ അന്തരിച്ചു

മുംബൈ: ബോളിവുഡ് സിനിമകളിലൂടെയും ഹിന്ദി സീരിയലുകളിലൂടെയും പ്രശസ്തനായ നടൻ സതീഷ് ഷാ (74) അന്തരിച്ചു. വൃക്ക ​രോഗത്തെ തുടർന്ന് ബാന്ദ്രയിലെ വസതിയിലായിരുന്നു മരണം. ഒക്ടോബർ 26ന് അന്ത്യകർമങ്ങൾ നടക്കുമെന്ന് നടന്റെ മാനേജർ അറിയിച്ചതായി ഇന്ത്യാ ടുഡേ റിപ്പോർട്ട് ചെയ്യുന്നു. ഡിസൈനർ മധു ഷാ ആണ് ഭാര്യ. 

90കളിലെ ജനപ്രിയ ബോളിവുഡ് സിനിമകളിൽ ശ്രദ്ധിക്കപ്പെടുന്ന വേഷങ്ങളിൽ അഭിനയിച്ച സതീഷ് ഷാ പിന്നീട് സീരിയലുകളിലൂടെ ഏറെ ജനകീയനായി. ‘സാരാഭായി വേഴ്സസ് സാരാഭായി’ പോലുള്ള സീരിയലുകളിലെ വേഷം ശ്ര​ദ്ധേയമായിരുന്നു. പുണെയിലെ എഫ്‌.ടി.ഐ.ഐയിൽ നിന്ന് ബിരുദം നേടിയ സതീഷ് ഷാ 1970കളുടെ അവസാനത്തിലാണ് തന്റെ അഭിനയ യാത്ര ആരംഭിച്ചത്. തുടർന്ന് സിനിമയിലും ടെലിവിഷനിലും നാല് പതിറ്റാണ്ടിലേറെ നീണ്ടുനിന്ന കരിയർ അദ്ദേഹം കെട്ടിപ്പടുത്തു. 200ലധികം സിനിമകളിൽ അദ്ദേഹം അഭിനയിച്ചു.

ജാനേ ഭീ ദോ യാരോ (1983), ഹം ആപ്‌കെ ഹേ കോൻ, കഭി ഹാൻ കഭി നാ, ദിൽവാലെ ദുൽഹനിയ ലേ ജായേംഗെ, ഹം സാത്ത്-സാത്ത് ഹേ, കൽ ഹോ നാ ഹോ, മെയ് ഹൂ നാ, ഓം ശാന്തി ഓം തുടങ്ങിയ ക്ലാസിക്കുകളിൽ അദ്ദേഹം അഭിനയിച്ചു. ഈ ജനപ്രിയ സിനിമകൾ അദ്ദേഹത്തെ ഇന്ത്യയിലെ ഏറ്റവും പ്രിയപ്പെട്ട സ്വഭാവ നടന്മാരിൽ ഒരാളാക്കി.

1984ൽ പുറത്തിറങ്ങിയ 'യേ ജോ ഹേ സിന്ദഗി'യാണ് ആദ്യ ടെലിവിഷനിൽ അരങ്ങേറ്റം. തുടർന്ന് ഫിലിമി ചക്കരന്ദ് ഘർ ജമായ് പോലുള്ള മറ്റ് ജനപ്രിയ ഷോകളുടെയും ഭാഗമായി. സിനി & ടിവി ആർട്ടിസ്റ്റ് അസോസിയേഷൻ നടന് ആദരാഞ്ജലി അർപ്പിച്ച് പോസ്റ്റ് പങ്കുവെച്ചു. സംവിധായകരും അഭിനേതാക്കളും ഉൾപ്പെടെ നിരവധി പേർ സതീഷ് ഷായുടെ മരണത്തിൽ ദുഃഖം അറിയിച്ചു. 

Tags:    
News Summary - Satish Shah passes away at 74

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.