മലയാളത്തിലെ എക്കാലത്തെയും മികച്ച സംവിധായകരിൽ ഒരാളാണ് സത്യൻ അന്തിക്കാട്. ഒരുപിടി നർമത്തിൽ പൊതിഞ്ഞ ഹിറ്റുകൾ ഒരുക്കിയിട്ടുള്ള സത്യൻ അന്തിക്കാട് വരവേൽപ്പ് എന്ന ചിത്രത്തിന്‍റെ വിശേഷം പങ്കുവെക്കുകയാണിപ്പോൾ. സത്യൻ അന്തിക്കാട്,-ശ്രീനിവാസൻ കൂട്ടുകെട്ടിൽ പിറന്ന എക്കാലത്തേയും വലിയ ഹിറ്റ് സിനിമകളിൽ ഒന്നാണ് വരവേൽപ്പ്. മോഹൻലാൽ, രേവതി, ശ്രീനിവാസൻ, മുരളി, ഇന്നസെന്‍റ, മാമൂക്കോയ തുടങ്ങിയവർ പ്രധാന വേഷത്തിൽ എത്തിയ ചിത്രത്തിൽ നടൻ തിക്കുറിശിയും ഒരു വേഷം അവതരിപ്പിക്കുന്നുണ്ട്.
മകൾ മരിച്ചതിന് ശേഷം വിശാദത്തിൽ പോയ തിക്കുറിശിയെ സിനിമയിലേക്ക് കൊണ്ടുവരാനായി പ്ലാൻ ചെയ്തിറക്കിയ കഥാപാത്രമാണ് വരവേൽപ്പിൽ ഒരുക്കിയതെന്നാണ് സത്യൻ അന്തിക്കാട് പറയുന്നത്. 'സിനിമയിൽ ജീവിക്കുന്നവർക്ക് ഈ കല ഒരു മരുന്നുകുറിപ്പടിയാണ്. എത്ര തളർന്നിരുന്നാലും മാറി നിന്നാലും ജീവിതത്തിന്‍റെ കരയിലേക്കെത്തിക്കുന്ന മരുന്ന്. സിനിമയിലേക്ക് വരുമ്പോൾ എല്ലാ സങ്കടങ്ങളും അവർ താത്ക്കാലത്തേക്ക് മറന്നു പോകും.
'വരവേൽപ്പ്' ഷൂട്ട് തുടങ്ങി, വിപിൻ മോഹനായിരുന്നു ക്യാമറാമാൻ. അദ്ദേഹത്തിന്റെ ബന്ധുവായിരുന്നു തിക്കുറിശിച്ചേട്ടൻ. ചേട്ടൻ്റെ മകൾ കനകശ്രീ ഒരു അപകടത്തിൽ മരിച്ചു പോയി. അതോടെ വലിയ മാനസിക സംഘർഷത്തിലായി അദ്ദേഹം. ഇനി അഭിനയിക്കുന്നില്ലെന്ന് പറഞ്ഞ് സിനിമയിൽ നിന്ന് മാറി വീട്ടിൽ അടച്ചിരിക്കുകയാണ്.
ഇത് വിപിൻമോഹൻ പറഞ്ഞപ്പോൾ ഞാനും ശ്രീനിയും മോഹൻലാലും കുടി ആലോചിക്കുകയാണ്, ചേട്ടനെ ഒന്നു വീടിനു പുറത്തേക്ക് കൊണ്ടുവരണം. അതിനായി ഉണ്ടാക്കിയ കഥാപാത്രമാണ് ഗോവിന്ദൻ നായർ. ആകെ മൂന്നു സീനേ ഉള്ളൂ. മോഹൻലാലിന്‍റെ മുൻഗാമിയായ ആൾ. സിനിമയുടെ വെളിച്ചത്തിൽ ജീവിതത്തിലെ ഇരുട്ട് മറന്നു പോയ എത്രയോ പേർ. ഒടുവിൽ ഉണ്ണികൃഷ്‌ണൻ. കെ.പി.എ.സി ലളിത അങ്ങനെ ഒരുപാടുപേർ..,' സത്യൻ അന്തിക്കാട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.