പ്രേമലുവിലെ അമൽ ഡേവിസിലൂടെ പ്രേഷകർക്ക് പ്രിയങ്കരനായ നടനും എഡിറ്ററുമായ സംഗീത് പ്രതാപ് മലയാള സിനിമയിലെ യുവ താരങ്ങളിൽ പ്രധാനിയാണ്. പ്രേമലുവിന്റെ ബ്ലോക്ക്ബസ്റ്റർ വിജയത്തിനുശേഷം സംഗീതിന്‍റെ കരിയർ കുതിച്ചുയർന്നു. ലിറ്റിൽ മിസ് റാവുത്തർ (2023) എന്ന ചിത്രത്തിലൂടെ മികച്ച എഡിറ്ററിനുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡും സംഗീതിനെ തേടിയെത്തി. അതിനുശേഷം മോഹൻലാലിനൊപ്പം തരുൺ മൂർത്തി ചിത്രമായ തുടരുമിലും സംഗീത് അഭിനയിച്ചു. സത്യൻ അന്തിക്കാടിന്റെ വരാനിരിക്കുന്ന ചിത്രമായ ഹൃദയപൂർവത്തിലും മോഹൻലാലിനൊപ്പം നടൻ അഭിനയിക്കുന്നുണ്ട്.
"കഴിഞ്ഞ ഒരു വർഷമായി ഞാൻ ലാലേട്ടനൊപ്പമാണ് സമയം ചെലവഴിക്കുന്നത്, രാവിലെ മുതൽ വൈകുന്നേരം വരെ. കുറച്ചു കാലമായി, ഞാൻ ലാലേട്ടന്റെ തൊട്ടടുത്ത്, തോളോട് തോൾ ചേർന്ന് നിൽക്കുന്നു. ഇതൊന്നും ജീവിതത്തിൽ ഒരിക്കലും സംഭവിക്കുമെന്ന് ഞാൻ കരുതിയിരുന്നില്ല."
തുടരുമിൽ അതിഥി വേഷം ലഭിച്ചതിനെക്കുറിച്ചും സംഗീത് പ്രതാപ് സംസാരിച്ചു. ഒരു വർഷം മുമ്പ് സിനിമയിൽ ഒരു അതിഥി വേഷം ചെയ്യാൻ സമ്മതിച്ചപ്പോൾ, ലാലേട്ടനെ അടുത്ത് കാണുക എന്നതായിരുന്നു ഏക ലക്ഷ്യം. അതുകൊണ്ടാണ് ആ സിനിമയിൽ അഭിനയിക്കാൻ തീരുമാനിച്ചതെന്നും സംഗീത് പറയുന്നു.
മോഹൻലാൽ-ശോഭന ചിത്രത്തിന്‍റെ പ്രഖ്യാപനം കണ്ടപ്പോൾ, തരുൺ മൂർത്തിക്ക് മെസേജ് അയച്ച് അതിൽ വേഷം ഉണ്ടോ എന്ന് ചോദിച്ചിരുന്നു. ആ ദിവസമോ അടുത്ത ദിവസമോ അദ്ദേഹം വിളിച്ചു, ഒരു അതിഥി വേഷമുണ്ടെന്ന് പറഞ്ഞു. ഓപ്പറേഷൻ ജാവ, സൗദി വെള്ളക്ക തുടങ്ങിയ രണ്ട് സിനിമകളും മുന്നിലുള്ളതിനാൽ, ഒന്നോ രണ്ടോ രംഗങ്ങളായാലും അത് ചെയ്യണമെന്നുണ്ടായിരുന്നെന്നും സംഗീത് പറഞ്ഞു.
കഥയിലെ ഒരു പ്രത്യേക സംഭവം മാത്രമാണ് തരുൺ തനിക്ക് വിവരിച്ച് തന്നതെന്നും സ്ക്രിപിറ്റ് കേൾക്കാതെയും മറ്റൊന്നും ആലോചിക്കാതെയും അത് തെരഞ്ഞെടുക്കാൻ കാരണമായത് തരുൺ മൂർത്തി, മോഹൻലാൽ എന്നീ രണ്ട് പേരുകൾ മാത്രമായിരിരുന്നു എന്നും അദ്ദേഹം വ്യക്തമാക്കി.
മോഹൻലാലിനൊപ്പം മൂന്ന് ദിവസമേ കോമ്പിനേഷൻ സീനുകൾ ഉണ്ടായിരുന്നുള്ളൂ. അദ്ദേഹം എല്ലാവരോടും വളരെയധികം വാത്സല്യം കാണിക്കുന്നുണ്ട്. മോഹൻലാൽ തന്നെ ഒരു മകനെപ്പോലെയും സുഹൃത്തിനെപ്പോലെയും പരിഗണിച്ചെന്നും ആ നിമിഷങ്ങൾ വൈകാരികമായി വളരെ പ്രത്യേകതയുള്ളതാണെന്നും സംഗീത് പ്രതാപ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.