സാന്ദ്ര തോമസ്, ലിസ്റ്റിൻ സ്റ്റീഫൻ

'മലയാള സിനിമയിലെ നടന്മാരെയാകെ സംശയത്തിന്‍റെ നിഴലിൽ നിർത്തി'; ലിസ്റ്റിൻ സ്റ്റീഫനെ പുറത്താക്കണമെന്ന് സാന്ദ്ര തോമസ്

മലയാള സിനിമയിലെ നടന്മാരെയാകെ സംശയത്തിന്‍റെ നിഴലിൽ നിർത്തിക്കൊണ്ട് നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ നടത്തിയ പ്രസ്താവന അനുചിതവും സംഘടനാചട്ടങ്ങൾക്ക് വിരുദ്ധവുമാണെന്ന് നിർമാതാവും നടിയുമായ സാന്ദ്ര തോമസ്. പ്രൊഡ്യൂസഴ്സ് അസോസിയേഷന്‍റെ ഭാരവാഹിത്തത്തിൽ നിന്ന് മാത്രമല്ല പ്രാഥമിക അംഗത്വത്തിൽ നിന്നും ലിസ്റ്റിനെ പുറത്താക്കണമെന്ന് സാന്ദ്ര സമൂഹമാധ്യമത്തിലൂടെ ആവശ്യപ്പെട്ടു.

വ്യക്തിപരമായ വിഷയത്തിൽ നിയമപരമയി മുന്നോട്ട് പോയ തന്നെ സസ്‌പെൻഡ് ചെയ്യാൻ ആർജ്ജവം കാണിച്ച പ്രൊഡ്യൂസഴ്സ് അസോസിയേഷൻ നേതൃത്വം ലിസ്റ്റിൻ സ്റ്റീഫനെയും പുറത്താക്കാനുള്ള ആർജ്ജവം കാണിക്കണമെന്ന് സാന്ദ്ര എഴുതി.

സാന്ദ്രയുടെ കുറിപ്പ്

ഫിലിം പ്രൊഡ്യൂസർസ് അസോസിയേഷൻ ഭാരവാഹിക്കും അസോസിയേഷനിൽ വിശ്വാസമില്ലാതായോ ?

സിനിമ സംഘടനകളുടെ ഉദ്ദേശലക്ഷ്യങ്ങളിൽ പ്രധാനം സിനമക്കകത്തു ഉണ്ടാകുന്ന പ്രശ്നങ്ങളെ രമ്യതയിൽ പരിഹരിക്കുക എന്നുള്ളതാണ്. എന്നാൽ ഇന്നലെ ഒരു പൊതുവേദിയിൽ വെച്ച് പ്രൊഡ്യൂസഴ്സ് അസോസിയേഷൻ ഭാരവാഹികൂടിയായ ശ്രീ ലിസ്റ്റിൻ സ്റ്റീഫൻ പരസ്യമായി മലയാള സിനിമയിലെ നടന്മാരെയാകെ സംശയത്തിന്റെ നിഴലിൽ നിർത്തിക്കൊണ്ട് നടത്തിയ പ്രസ്താവന അനുചിതവും സംഘടനാചട്ടങ്ങൾക്ക് വിരുദ്ധവുമാണ്. മലയാളസിനിമക്ക് ദോഷം ചെയ്യുന്ന ഇത്തരം പ്രസ്താവനകൾ നടത്തുന്ന ശ്രീ ലിസ്റ്റിൻ സ്റ്റീഫനെ അടിയന്തിരമായി പ്രൊഡ്യൂസഴ്സ് അസോസിയേഷന്റെ ഭാരവാഹിത്തത്തിൽ നിന്ന് മാത്രമല്ല പ്രാഥമിക അംഗത്വത്തിൽ നിന്നും പുറത്താക്കണം.

എനിക്കുണ്ടായ വ്യക്തിപരമായ വിഷയത്തിൽ രാജ്യത്തു നിലനിൽക്കുന്ന നിയമങ്ങൾക്ക് വിധേയമായി ഞാൻ മുന്നോട്ട് പോയപ്പോൾ എന്നെ സസ്‌പെൻഡ് ചെയ്യാൻ കാണിച്ച (കോടതിയിൽ നിലനിന്നില്ല എങ്കിൽപ്പോലും) പ്രൊഡ്യൂസഴ്സ് അസോസിയേഷൻ നേതൃത്വം ശ്രീ ലിസ്റ്റിൻ സ്റ്റീഫനെ പുറത്താക്കാനുള്ള ആർജ്ജവം കാണിക്കണം. കൂടാതെ ഉന്നതബോഡി എന്ന നിലയിൽ കേരള ഫിലിം ചേംബർ സ്വമേധയാ ഈ വിഷയത്തിൽ ഇടപെട്ട് ഉചിതമായ നടപടികൾ സ്വീകരിക്കണമെന്ന് ഞാൻ അഭ്യർഥിക്കുന്നു.

Tags:    
News Summary - Sandra Thomas wants Listin Stephen expelled from the Producers' Association

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.