പ്രവചനങ്ങൾ പുത്തരിയല്ലാത്ത മേഖലയാണ് സിനിമ മേഖല. താരങ്ങളുടെ കരിയറും കുടുംബജീവിതവും മുതൽ സിനിമയുടെ വിജയം വരെ പ്രവചിക്കാറുണ്ട് ചില ജ്യോതിഷികൾ. ഇത്തരം ഭാവി പ്രവചനങ്ങൾക്ക് പല താരങ്ങളും പ്രാധാന്യം കൊടുക്കാറുണ്ടെന്നുള്ളതുമാണ് യാഥാർഥ്യം. എന്നാൽ, ബോളിവുഡ് സൂപ്പർ താരങ്ങളായ ഷാരൂഖ് ഖാന്‍റെയും സൽമാൻ ഖാന്‍റെയും 'മരണം' പ്രവചിച്ച് പുലിവാലു പിടിച്ചിരിക്കുകയാണ് ഒരു ജോത്സ്യൻ.
സുശീൽ കുമാർ സിങ് എന്ന ജോത്സ്യനാണ് താരങ്ങളുടെ മരണം പ്രവചിച്ചത്. ടി.വി അവതാരകൻ സിദ്ധാർത്ഥ് കണ്ണനുമായുള്ള അഭിമുഖത്തിനിടെയായിരുന്നു 'പ്രവചനം'. മരണം പ്രവചിച്ചത് മാത്രമല്ല, സൽമാൻ ഖാൻ മാരകമായ ഒരു അസുഖം ബാധിച്ചാണ് മരിക്കുകയെന്നും ഇയാൾ പ്രവചിച്ചുകളഞ്ഞു.
ബി-ടൗണിലെ അതികായരായ രണ്ട് താരങ്ങൾക്കും 2025 എങ്ങനെയായിരിക്കും എന്നായിരുന്നു അവതാരകന്‍റെ ചോദ്യം. 'ഷാരൂഖ് ഖാന് നല്ല സമയമാണ്. പക്ഷേ, സൽമാൻ ഖാന് 2025ഉം 26ഉം 27ഉം നല്ല വർഷമല്ല. ഇരുവർക്കും തമ്മിൽ ചില സാമ്യതകളുണ്ട്. സൽമാൻ ഖാന് ഒരു മാരകമായ അസുഖം ബാധിക്കും. അതിന്‍റെ പേരുപോലും പറയാൻ ആളുകൾ മടിക്കും. സൽമാൻ ഖാനും ഷാരൂഖ് ഖാനും ഒരേ വർഷം, ഇരുവരുടെയും 67ാം വയസ്സിൽ മരിക്കും' -എന്നായിരുന്നു സുശീൽ കുമാർ സിങ്ങിന്‍റെ പ്രവചനം. ഇരുതാരങ്ങൾക്കും ഇപ്പോൾ 59 വയസ്സാണ്.
സൽമാൻ ഖാന് പറയപ്പെടുന്ന അസുഖം ഇപ്പോഴേ ഉണ്ടോ എന്നായിരുന്നു അവതാരകന്‍റെ അടുത്ത ചോദ്യം. 'ആ ആസുഖം ഇപ്പോൾ തന്നെ അദ്ദേഹത്തിലുണ്ടെന്നാണ് ജ്ഞാനദൃഷ്ടിയിൽ കാണാൻ കഴിയുന്നത്. അദ്ദേഹത്തിന്‍റെ ജീവിതത്തിൽ ഇനി അതാണ് സംഭവിക്കാൻ പോകുന്നത്. അത് ചികിത്സിച്ച് ഭേദമാക്കാൻ സാധിക്കുന്ന ഒരു അസുഖമല്ല. സൽമാൻ ഖാന്‍റെ അന്ത്യനാളുകൾ ഏറെ ദുരിതപൂർണമായിരിക്കും' -സുശീൽ കുമാർ സിങ് പ്രവചിച്ചു.
എന്നാൽ, അഭിമുഖം കണ്ടതോടെ ഇരു താരങ്ങളുടെയും ആരാധകർക്ക് കലിയിളകി. സമൂഹമാധ്യമങ്ങളിൽ വൻ വിമർശനമാണ് ജ്യോത്സനെതിരെ ഉയരുന്നത്. 'ഒരു യഥാർഥ ജോത്സ്യൻ ഒരിക്കലും ഒരാളുടെ മരണം പ്രവചിക്കില്ല. ഇത് അങ്ങേയറ്റം ഭീകരമാണ്' എന്നാണ് വിഡിയോക്ക് താഴെ ഒരാളുടെ കമന്‍റ്. 'ഒരാളുടെയും മരണം പ്രവചിക്കരുതെന്നാണ് ഏതൊരു ജോത്സ്യനും മനസ്സിലാക്കുന്ന ആദ്യത്തെ നിയമം. സുശീൽ കുമാർ സിങ് മരണം പ്രവചിക്കുന്നത് കാണുമ്പോൾ വിചിത്രമായി തോന്നുന്നു' -തന്‍റെ മുത്തച്ഛൻ ജോത്സ്യനാണെന്ന് പറഞ്ഞുകൊണ്ട് മറ്റൊരാൾ കമന്‍റ് ചെയ്തു.
ആളുകളെ ഭയപ്പെടുത്താനുള്ളതല്ല ജ്യോതിഷമെന്നും ഇത്തരം പ്രവചനം നടത്തുന്നവരെ വിലക്കണമെന്നും ഒരാൾ ആവശ്യപ്പെട്ടു. ജ്യോതിഷത്തിന്‍റെ ധാർമികതക്ക് നിരക്കാത്ത പ്രവചനമാണ് ഇയാൾ നടത്തിയിരിക്കുന്നതെന്ന് മറ്റൊരാൾ ചൂണ്ടിക്കാട്ടുന്നു. ഷാരൂഖിന്‍റെയും സൽമാന്‍റെയും ആരാധകർ ജോത്സ്യനെ തേടിയിറങ്ങിയിട്ടുണ്ടെന്നാണ് ബി-ടൗണിൽ നിന്നുള്ള റിപ്പോർട്ടുകൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.