ഇടക്ക് ഒരു ഇടവേള എടുത്തെങ്കിലും സ്മൃതി ഇറാനി ഇപ്പോൾ അഭിനയത്തിൽ സജീവമാണ്. അഭിനയവും രാഷ്ട്രീയവും ഒരുമിച്ച് കൊണ്ടുപോകുകയാണ് താരമിപ്പോൾ. തന്‍റെ പഴയ കാലത്തെക്കുറിച്ചും നടൻ സൽമാൻ ഖാനെ ആദ്യമായി കണ്ട രസകരമായ സംഭവത്തെക്കുറിച്ചും സംസാരിക്കുകയാണ് സ്മൃതി ഇറാനി. തന്‍റെ ഭർത്താവ് സൽമാൻ ഖാന്റെ സഹപാഠിയാരുന്നെന്ന് സ്മൃതി പറഞ്ഞു.
മഷബിൾ ഇന്ത്യയുടെ യൂട്യൂബ് ചാനലിൽ സംസാരിക്കുകയായിരുന്നു താരം. തന്റെ ഭർത്താവ് സുബിൻ ഇറാനിയായിരുന്നു ബോളിവുഡിലേക്കുള്ള തന്റെ പാലമെന്ന് അവർ പങ്കുവെച്ചു. സുബിൻ തന്നെ സൽമാനെ പരിചയപ്പെടുത്താൻ ആദ്യമായി കൊണ്ടുപോയപ്പോൾ സലിം ഖാൻ അവിടെ ഉണ്ടായിരുന്നതായും അവർ പറഞ്ഞു.
'നിങ്ങളുടെ പങ്കാളിയും എന്‍റെ മകനും എന്താണ് ചെയ്തിരുന്നതെന്ന് നിങ്ങൾക്കറിയാമോ? അവർ എന്റെ കാർ മോഷ്ടിച്ച് ഓടിച്ചുപോകുമായിരുന്നു. രണ്ടും കൊള്ളരുതാത്തവരാണ്. ഞാൻ നിശബ്ദയായി അവിടെ നിന്നു. സൽമാനും എന്റെ ഭർത്താവും താഴേക്ക് നോക്കി നിൽക്കുകയായിരുന്നു' -സ്മൃതി ഇറാനി പറഞ്ഞു.
സുബിന്റെ സഹായത്താലാണ് ഷാറൂഖ് ഖാനെ കണ്ടുമുട്ടിയതെന്നും അവർ ഓർമിച്ചു. അദ്ദേഹത്തിന് ഷാറൂഖിനെ അറിയാമായിരുന്നു, അതിനാൽ ഷാറൂഖിനോട് ഒരു അഭിമുഖം ചോദിക്കാൻ ഞാൻ പലതവണ അദ്ദേഹത്തെ ശല്യപ്പെടുത്തുമായിരുന്നു. അദ്ദേഹം ആദ്യം എന്നോട് പറഞ്ഞത് വിവാഹം കഴിക്കരുത് എന്നാണ്. ഞാൻ 'ഭായ്, വളരെ വൈകി' എന്ന് മറുപടി പറഞ്ഞു -സ്മൃതി കൂട്ടിച്ചേർത്തു.
അതേസമയം, രണ്ട് പതിറ്റാണ്ടുകൾക്ക് മുമ്പാണ് സ്മൃതി ഇറാനി ഏക്താ കപൂറിന്റെ കൾട്ട് ഷോയായ 'ക്യൂം കി സാസ് ഭി കഭി ബഹു ഥീ'യിൽ ആദ്യമായി തുളസി വിരാനി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത്. പിന്നീട് അവരുടെ കഥാപാത്രം ഇന്ത്യൻ ടെലിവിഷനിലെ ഏറ്റവും പ്രിയപ്പെട്ട കഥാപാത്രങ്ങളിലൊന്നായി മാറി. 2000 മുതൽ 2008 വരെ ഈ പരമ്പര സംപ്രേഷണം ചെയ്തു. ബാലാജി ടെലിഫിലിംസിന്റെ ബാനറിൽ ശോഭ കപൂറും ഏക്താ കപൂറും ചേർന്നാണ് ഈ പരമ്പര നിർമിച്ചത്. പരമ്പര ഇപ്പോൾ പുനരാരംഭിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.