സുകുമാരന്റെ അധ്യാപക വേഷം

പ്രീഡിഗ്രി രണ്ടാംവർഷ ക്ലാസ് മുറിയാണ് രംഗം. ഉച്ച ഇന്റർവെലിനു തൊട്ടു മുമ്പുള്ള പിരീഡ്. ഡെസ്കിൽ തലചായ്ച്ച് കിടക്കുന്നു ചിലർ. അതൊന്നും ഗൗനിക്കാതെ അധ്യാപകന്റെ തകർപ്പൻ ഇംഗ്ലീഷ് ക്ലാസ്. അതിനിടെ, ഒരുത്തൻ എണീറ്റ് നിൽക്കുന്നു.. 'ഉം എന്ത് വേണം'- ഇടിമുഴക്കമുള്ള ശബ്ദത്തിൽ ക്ലാസ് നിശ്ശബ്ദമായി. '' സർ, രാവിലെ ഞങ്ങൾ കൈ കാണിച്ചിട്ട് നിർത്താതെ പോയ ബസ് പ​​ന്ത്രണ്ടരക്ക് തിരിച്ചു വരും. ആ ബസ് തടയണം ഞങ്ങൾക്ക്''- ​കുട്ടി മറുപടി നൽകി. രണ്ടാലൊന്ന് ആലോചിക്കാതെ ആരും പ്രതീക്ഷിക്കാത്ത മറുപടിയാണ് അധ്യാപകൻ നൽകിയത്. 'പോയിട്ട് വാടാ...നിങ്ങളുടെ യാത്രാകാര്യമല്ലേ.. വേഗം പോയി പരിഹാരമുണ്ടാക്ക്'.. മറിച്ചൊന്നും നോക്കാതെ കുട്ടികൾ റോഡി​ലേക്ക് ഓടി ബസ് തടഞ്ഞു. പിന്നെയുള്ള പുകിലൊക്കെ അവിടെ നിൽക്കട്ടെ. അഭിനയമല്ല യാഥാർഥ്യമാണ് ഇപ്പറഞ്ഞത്.

ഇനിയാണ് ഈ കഥാനായകനെ അറിയേണ്ടത്. മലയാള സിനിമയിൽ ധിക്കാരിയും നിഷേധിയുമായ ക്ഷുഭിത യൗവനം നടൻ സുകുമാരനാണ് ആ അധ്യാപകൻ. രംഗം കാസർകോട് ഗവ. കോളജ്. കാലം 1972- 73 അധ്യയനവർഷം. നാട്ടിൻപുറങ്ങളിലൂടെ അപൂർവമായി ഓടിയിരുന്ന ബസുകളിൽ ഒന്ന് രാവിലെ നിർത്താതെ പോയതിലുള്ള ദേഷ്യവുമായാണ് കുട്ടികൾ ക്ലാസിലെത്തിയത്. ബസ് മടങ്ങി വരുമ്പോൾ തടയാനും അവർ പദ്ധതിയിട്ടു. പക്ഷേ, ക്ലാസിലിരുന്ന് ബസ് തടയാൻ പോകട്ടെ എന്ന് ചോദിച്ചപ്പോൾ ഇങ്ങനെയൊരു മറുപടി അദ്ഭുതപ്പെടുത്തിയെന്ന് ശിഷ്യനും എഴുത്തുകാരനുമായ എം.എ. റഹ്മാൻ ഓർക്കുന്നു.

എം.എ. റഹ്മാൻ

മലയാളത്തിന്റെ പ്രിയനടൻ വിടവാങ്ങി ജൂൺ 16ന് 25 വർഷം പിന്നിടുമ്പോഴും സുകുമാരനെന്ന വലിയ മനുഷ്യന്റെ നിലപാടാണ് ശിഷ്യർക്ക് പറയാനുള്ളത്. കാര്യങ്ങൾ വെട്ടിത്തുറന്ന് ആരോടും പറയാനുള്ള ചങ്കൂറ്റം സിനിമിയിലല്ല,  ജീവിതത്തിലും അദ്ദേഹം പുലർത്തി.

മലപ്പുറം ടു കാസർകോട്

മലപ്പുറം എടപ്പാൾ സ്വദേശിയായ പി. സുകുമാരൻ മൂന്നുവർഷമേ അധ്യാപക കുപ്പായമിട്ടിട്ടുള്ളൂ. അതിൽ ഒരൊറ്റ വർഷമാണ് കാസർകോട് ഗവ. കോളജിൽ ചെലവഴിച്ചത്. കേരളത്തിന്റെ വടക്കേയറ്റത്ത് ഇംഗ്ലീഷ് പഠിപ്പിക്കാൻ, അതും താൽക്കാലിക അടിസ്ഥാനത്തിൽ വന്നതും അദ്ദേഹ​ത്തിന്റെ നിലപാടായിരിക്കണമെന്നാണ് ശിഷ്യർ കരുതുന്നത്. 'എന്താ കാസർകോട് പോയി ജോലി ചെയ്താൽ' എന്ന തോന്നലിൽനിന്നാവണം ആ വരവ്. സ്ഥിര നിയമനം കിട്ടിയാൽ പോലും കാസർകോടോ എന്ന് നെറ്റി ചുളിച്ച് ചോദിക്കുന്ന കാലം മാറിയിട്ടില്ലാത്ത സ്ഥിതിക്ക് പ്രത്യേകിച്ചും.

കാസർകോട് പഴയ ബസ് സ്റ്റാൻഡിന് സമീപത്തെ ഹോം ലിങ്ക്സ് എന്ന ലോഡ്ജിലായിരുന്നു താമസം. ബദ്‍രിയ ഹോട്ടലിൽനിന്ന് ഭക്ഷണവും. ശേഷം ബസിൽ വിദ്യാനഗറിലെ കോളജിലെത്തും. അപൂർവം ചില സന്ദർഭങ്ങളിൽ മറ്റ് അധ്യാപകർക്കൊപ്പം ടാക്സിയിൽ വരും. നോൺവെജ് ഭക്ഷണമായിരുന്നു ഇഷ്ടം.


ഇംഗ്ലീഷ് പ്രേമം തോന്നിയ കാലം

പത്താംക്ലാസ് കഴിഞ്ഞ് വരുന്ന കുട്ടികളിൽ ഇംഗ്ലീഷ് പേടി കലശലായ നാളുകളാണ്. സർക്കാർ സ്കൂളുകളിൽ മലയാള മീഡിയത്തിൽ പഠിച്ച കുട്ടികളാണ്. ആ പേടി മാറ്റിയെടുത്തതിൽ വലിയ പങ്ക് സുകുമാരൻ മാഷ് നിർവഹിച്ചു. പ്രീഡിഗ്രി ഫസ്റ്റ്, സെക്കൻഡ്, തേർഡ്, ഫോർത്ത് ഗ്രൂപ്പുകളിലെ നൂറോളം വരുന്ന കുട്ടികൾക്ക് ഓഡിറ്റോറിയത്തിലാണ് ഒന്നാംഭാഷയായ ഇംഗ്ലീഷ് ക്ലാസ്. നന്നായി ഇംഗ്ലീഷ് സംസാരിക്കുന്ന മാഷെ കുട്ടികൾക്ക് വലിയ കാര്യമായി. ഇംഗ്ലീഷാണ് വിഷയമെങ്കിലും സൂര്യനുകീഴിലുള്ള ഏത് വിഷയവും ക്ലാസിൽ ചർച്ചയാവും. എന്തും ചോദിക്കാനുള്ള അവസരം കുട്ടികൾക്ക് നൽകി. കാറൽ മാർക്സും നാട്യശാസ്ത്രവും ഒരുപോലെ കൊണ്ടു നടക്കുന്നയാളാണ് എന്ന് ഇടക്കിടെ പറയും. പഠിക്കുന്നവനോടും പഠിക്കാത്തവനോടുമൊക്കെ ഒരേ ബന്ധം.

ബാക്ക്ബെഞ്ചിലെ വലിയ കുട്ടികളോട് സംസാരിക്കാനായി ചുമരിൽ ചാരിനിൽക്കുന്ന ദിനങ്ങൾ ഇപ്പോഴും ഓർക്കുന്നു. ഇദ്ദേഹത്തിന്റെ ക്ലാസ് നൽകിയ പ്രചോദനമാണ് ബി.എക്ക് ഇംഗ്ലീഷ് മെയിൻ എടുക്കാൻ കാരണമെന്ന് എം.എ. റഹ്മാൻ പറയുന്നു.

ചങ്കൂറ്റമായിരുന്നു കൂട്ട്

ഹാഫ് സ്ലീവ് ഷർട്ടും പാന്റ്സുമായിരുന്നു വേഷം. പിറകിലോട്ട് നന്നായി ഒതുക്കി വെച്ച മുടി. നെറ്റിയിലേക്ക് തൂങ്ങി നിൽക്കുന്ന മുടിയിഴകൾ. ഏകദേശം 26 വയസ്സ്. മെലിഞ്ഞ് സുന്ദരൻ. തീക്ഷ്ണമായ നോട്ടവും ഗാംഭീര്യമാർന്ന ശബ്ദവും. കൈയിൽ എപ്പോഴും മൂന്നോ നാ​ലോ പുസ്തകങ്ങൾ. കുട്ടികളെ ലൈബ്രറിയുമായി അടുപ്പിക്കുന്നതു തന്നെ സുകുമാരൻ മാഷ് ആണ്. പ്രഗല്ഭർ അധ്യാപകരായുള്ള കോളജിൽ ഇദ്ദേഹം സ്വന്തമായി ഒരിടം കണ്ടെത്തി. കുട്ടികൾക്ക് ഹീറോ. മോട്ടിവേഷൻ നൽകുന്നതിൽ മുന്നിൽ.

കോളജ് ഡേയിൽ നാടകം അവതരിപ്പിക്കാൻ ജൂനിയറായ പ്രീഡിഗ്രിക്കാരെ സമ്മതിച്ചിരുന്നില്ല. പരാതിയുമായി കുട്ടികൾ ഹീറോയുടെ മുന്നിൽ. ആ വിവേചനം അദ്ദേഹം സ്റ്റാഫ് റൂമിൽ ചോദ്യം ചെയ്തു. അങ്ങനെ നാടകം അവതരിപ്പിക്കാൻ ആദ്യമായി അവസരം ലഭിച്ചതായി എം.എ. റഹ്മാൻ പറഞ്ഞു. ഒരിക്കൽ ക്ലാസ് എടുക്കുന്നതിനിടെ ആരുടേയോ ഒരു ചെരിപ്പ് തട്ടി തട്ടി അധ്യാപകന്റെ മുന്നിലെത്തി. ഇടംകണ്ണിട്ട് ഒന്ന് നോക്കിയല്ലാതെ അതിനു പിന്നാലെ പോവാൻ നേരം കളയാതിരുന്ന ഇദ്ദേഹത്തിന്റെ മനസ്സ് പാഠമായിരുന്നുവെന്ന് പിൽക്കാലത്ത് കോളജ് അധ്യാപകരായവർ പറയുന്നു. നീലേശ്വരം നഗരസഭ മുൻ ചെയർമാനും കണ്ണൂർ സർവകലാശാല മുൻ പരീക്ഷ കൺട്രോളറുമായ പ്രഫ. കെ.പി. ജയരാജൻ, എഴുത്തുകാരൻ ഇബ്രാഹിം ബേവിഞ്ച, പ്രഫ. പത്മനാഭൻ നമ്പൂതിരി തുടങ്ങി അന്ന് ക്ലാസിലിരുന്ന ഏഴുപേർ സുകുമാരന്റെ പാതയിൽ കോളജ് അധ്യാപകരായി.


ഡോക്യുമെന്ററിയെടുത്ത വകയിൽ ചിത്രാഞ്ജലി സ്റ്റുഡിയോയിൽ സാമ്പത്തിക ബാധ്യത എം.എ. റഹ്മാനുണ്ടായി. വീട്ടിലേക്ക് നോട്ടീസ് വന്നു. പണം കൊടുക്കാം. പക്ഷേ, വലിയ പലിശ കൊടുക്കാൻ കഴിയാത്ത സ്ഥിതി വന്നു. രണ്ടും കൽപ്പിച്ച് തിരുവനന്തപുരം സ്​റ്റുഡിയോയിലെത്തി. അന്ന് സുകുമാരനാണ് ചെയർമാൻ. പഴയ ശിഷ്യനെന്ന കാര്യം പറഞ്ഞു. എന്തെങ്കിലും ഇളവ് ചെയ്യാൻ ആവശ്യപ്പെട്ടു. സർക്കാർ കാര്യമാണ്, എന്ത് ചെയ്യാൻ കഴിയുമെന്ന് തിരിച്ചു ചോദിച്ചു. അവസാനം, കൈയിൽ എത്രയുണ്ട് അതടച്ചിട്ട് പോവാൻ പറഞ്ഞത് നന്ദിയോടെയാണ് ഇദ്ദേഹം ഓർക്കുന്നത്.

ശരിയെന്ന് തോന്നുന്ന കാര്യത്തിൽ ഒപ്പം നിൽക്കാനും ആരെയും കൂസാതെ അത് വെട്ടിത്തുറന്ന് പറയാനുമുള്ള ആർജവമാണ് സ്ക്രീനിലും സുകുമാരന്റെ സവിശേഷത. അതിന്റെ റിഹേഴ്സൽ കൂടിയായിരുന്നു അധ്യാപക ജീവിതം. 1997 ജൂൺ 16ന്, 49ാം വയസ്സിൽ മലയാളത്തിന്റെ പ്രിയനടൻ മറയുമ്പോൾ ബാക്കിവെച്ചത് തീക്ഷ്ണ യൗവനത്തിന്റെ നല്ല നാളുകൾ തന്നെ. മക്കളായ ഇന്ദ്രജിത്തിലും പൃഥിരാജിലും അച്ഛന്റെ സൗകുമാര്യം തന്നെയാണ് കാസർകോട്ടെ പ്രിയ ശിഷ്യർ കാണുന്നത്.

Tags:    
News Summary - Remembering actor Sukumaran

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.