രൺവീർ സിങ്
മുംബൈ: ബോളിവുഡ് സൂപ്പർ താരം രൺവീർ സിങ് തന്റെ കരിയറിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞതും ബൃഹത്തായതുമായ ഒരു പ്രോജക്റ്റിന് തുടക്കമിടുന്നു. പ്രശസ്ത എഴുത്തുകാരൻ അമിഷ് ത്രിപാഠിയുടെ വിഖ്യാത നോവലായ 'ദി ഇമ്മോർട്ടൽസ് ഓഫ് മെലൂഹ' (The Immortals of Meluha) സിനിമയാക്കാനുള്ള ഒരുക്കത്തിലാണ് താരം. രൺവീർ സിങ്ങിന്റെ സ്വന്തം നിർമാണ കമ്പനിയായ 'മാ കസം ഫിലിംസ്' ആണ് നോവലിന്റെ സിനിമാ അവകാശം സ്വന്തമാക്കിയിരിക്കുന്നത്. ബിർള സ്റ്റുഡിയോസുമായി കൈകോർത്ത് ഒരു ബ്രഹ്മാണ്ഡ സിനിമാ ത്രയമായാണ് (Trilogy) ഈ ഐതിഹാസിക നോവൽ വെള്ളിത്തിരയിൽ എത്തുന്നത്.
ചിത്രത്തിൽ നായകനായ ശിവന്റെ വേഷത്തിലാണ് രൺവീർ സിങ് എത്തുന്നത്. അഭിനയത്തിന് പുറമെ സിനിമയുടെ അണിയറ പ്രവർത്തനങ്ങളിലും താരം സജീവ പങ്കാളിയാണ്. ഒരു സിനിമാറ്റിക് യൂണിവേഴ്സ് എന്ന നിലയിൽ മൂന്ന് ഭാഗങ്ങളിലായാണ് ഈ ഇതിഹാസ കഥ പ്ലാൻ ചെയ്തിരിക്കുന്നത്. രൺവീർ സിങ്ങും പ്രമുഖ സംരംഭകയും ഗായികയുമായ അനന്യ ബിർളയും ചേർന്നാണ് നിലവിൽ തിരക്കഥാ ജോലികൾക്ക് നേതൃത്വം നൽകുന്നത്. തിരക്കഥയുടെ ആദ്യഘട്ടം പൂർത്തിയായ ശേഷം മാത്രമേ സംവിധായകനെ നിശ്ചയിക്കൂ എന്ന പ്രത്യേകതയും ഈ പ്രോജക്റ്റിനുണ്ട്. റിപ്പോർട്ടുകൾ പ്രകാരം ചിത്രത്തിന്റെ ഒന്നാം ഭാഗം 2028ൽ ചിത്രീകരണം ആരംഭിക്കും.
മെലൂഹ കൂടാതെ മറ്റ് വലിയ പ്രോജക്റ്റുകളും രൺവീറിനെ കാത്തിരിക്കുന്നുണ്ട്. ജയ് മേത്ത സംവിധാനം ചെയ്യുന്ന ആക്ഷൻ ചിത്രം പ്രളയ് 2026 ആഗസ്റ്റിൽ ചിത്രീകരണം ആരംഭിക്കാനാണ് സാധ്യത. 'ഉറി'യുടെ സംവിധായകൻ ആദിത്യ ധർ ഒരുക്കുന്ന പുതിയ ബിഗ് ബജറ്റ് ചിത്രത്തിൽ 2027 മാർച്ചിൽ രൺവീർ ജോയിൻ ചെയ്യും. തുടർച്ചയായ വമ്പൻ ചിത്രങ്ങളിലൂടെ ബോളിവുഡിലെ തന്റെ സ്ഥാനം ഉറപ്പിക്കാനാണ് താരത്തിന്റെ നീക്കം.
സിനിമാ തിരക്കുകൾക്കിടയിലും കുടുംബത്തിനൊപ്പം സമയം ചെലവഴിക്കാൻ രൺവീർ എപ്പോഴും ശ്രദ്ധിക്കാറുണ്ട്. രൺവീറും ദീപിക പദുകോണും തങ്ങളുടെ രണ്ടാമത്തെ കുഞ്ഞിനായുള്ള കാത്തിരിപ്പിലാണ്. ഷാരൂഖ് ഖാൻ നായകനാകുന്ന 'കിങ്' എന്ന ചിത്രത്തിന്റെ സെറ്റിൽ ഗർഭിണിയായ ദീപിക എത്തിയപ്പോൾ താങ്ങായി രൺവീറും കൂടെയുണ്ടായിരുന്നു. ദക്ഷിണാഫ്രിക്കയിലെ ലൊക്കേഷനിൽ വെച്ച് തന്റെ കുഞ്ഞു മകൾ ദുഅയെ പരിപാലിക്കുന്ന രൺവീറിന്റെ വിഡിയോകൾ സമൂഹമാധ്യമങ്ങളിൽ വൻതോതിൽ തരംഗമായിരുന്നു. ഒരു മികച്ച നടൻ എന്നതിലുപരി ഉത്തരവാദിത്തമുള്ള അച്ഛനായും പങ്കാളിയായും രൺവീർ ആരാധകരുടെ കൈയടി നേടുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.