കങ്കണ റണാവത്ത് 

ജന്തർമന്തറിലെ പ്രതിഷേധത്തിൽ പകുതിപേരും ഷബാന ആസ്മിയുടെ പ്രായക്കാർ; ഇത് എങ്ങനെ ജെൻ സി സമരമാകും? -കങ്കണ റണാവത്ത്

നടിയും ബി.ജെ.പി എം.പിയുമായ കങ്കണ റണാവത്ത് ഡൽഹിയിലെ യുവജന പ്രതിഷേധങ്ങളെയും ജെൻസി വിഭാഗത്തെയും കുറിച്ച് നടത്തിയ വിവാദ പരാമർശങ്ങൾ വലിയ ചർച്ചയായിരുന്നു. ഉത്തരവാദിത്തമില്ലാതെ സ്വാതന്ത്ര്യം ആഘോഷിക്കുന്നവരെ ‘ജനറേഷൻ ഗട്ടർ’ എന്ന് വിശേഷിപ്പിച്ച കങ്കണയുടെ പ്രസ്താവനക്കെതിരെ  പ്രതിപക്ഷ പാർട്ടികളും വിവിധ കോണുകളിൽ നിന്നും കടുത്ത വിമർശനങ്ങളാണ് ഉയർത്തിയത്. ഈ പശ്ചാത്തലത്തിൽ തന്റെ പ്രസ്താവനക്ക് വിശദീകരണവുമായി താരം വീണ്ടും രംഗത്തെത്തിയിരിക്കുകയാണ്.

തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെ പങ്കുവെച്ച പുതിയ വിഡിയോയിലാണ് കങ്കണ നിലപാട് വ്യക്തമാക്കിയത്. ജന്തർമന്തറിൽ നടന്ന പ്രതിഷേധങ്ങളിൽ പങ്കെടുത്ത മുഴുവൻ യുവജനങ്ങളെയും താൻ ലക്ഷ്യമിട്ടിട്ടില്ലെന്നാണ് താരം വാദിക്കുന്നത്.

ജന്തർമന്തറിൽ ഒത്തുകൂടിയ പതിനായിരത്തോളം ആളുകളിൽ പകുതിയിലധികവും ഷബാന ആസ്മി പോലെയുള്ള മുതിർന്നവരും വിവിധ പ്രായത്തിലുള്ളവരുമായിരുന്നുവെന്നും, യഥാർത്ഥത്തിൽ രണ്ടായിരത്തോളം ജെൻ സി യുവാക്കൾ മാത്രമാണ് അവിടെയുണ്ടായിരുന്നതെന്നും കങ്കണ ചൂണ്ടിക്കാണിക്കുന്നു. അതിനാൽ രാജ്യത്തെ മുഴുവൻ യുവജനങ്ങളെയും ഇതിലേക്ക് വലിച്ചിഴച്ച് 'ജെൻ-സെഡ് പ്രൊട്ടസ്റ്റ്' എന്ന് വിളിക്കുന്നത് എങ്ങനെയെന്ന് കങ്കണ ചോദിക്കുന്നു.

‘ഞാൻ യുവജനങ്ങൾക്കെതിരായി സംസാരിച്ചു എന്ന് കരുതരുത്, കാരണം ഞാനും ഒരു യുവതിയാണ്’ എന്ന് കങ്കണ പറഞ്ഞു. അന്ന് സമരവേദിയിൽ ഒത്തുകൂടിയ പ്രത്യേക വിഭാഗം ആളുകളെ ഉദ്ദേശിച്ചാണ് താൻ ആ പരാമർശം നടത്തിയതെന്നും, മുഴുവൻ തലമുറയെയും ഉൾപ്പെടുത്തി താൻ സംസാരിച്ചിട്ടില്ലെന്ന് തെളിയിക്കാൻ താൻ വെല്ലുവിളിക്കുന്നതായും അവർ വ്യക്തമാക്കി. തനിക്കെതിരെ അനാവശ്യമായ അജണ്ടകൾ മെനയരുതെന്നും താരം കൂട്ടിച്ചേർത്തു.

മുതിർന്ന ബോളിവുഡ് താരം ഷബാന ആസ്മിയും  നടൻ പ്രകാശ് രാജും ഉൾപ്പെടെയുള്ള പ്രമുഖർ സമരത്തിൽ പങ്കെടുത്തത് വലിയ വാർത്തയായിരുന്നു. ജൂലൈ 20ന് ജന്തർമന്തറിൽ നിന്ന് പാർലമെന്റിലേക്ക് നടത്തിയ മാർച്ചിൽ ഷബാന ആസ്മി ട്രക്കിൽ സഞ്ചരിക്കുന്നതിന്റെയും ബാരിക്കേഡുകൾ മറികടക്കുന്നതിന്റെയും ചിത്രങ്ങൾ അവർ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു.

നേരത്തെ, സമരക്കാരുടെ റീലുകളെയും അവർ ഉപയോഗിച്ച ഭാഷയെയും രൂക്ഷമായി വിമർശിച്ച കങ്കണ, അവരെ 'ജനറേഷൻ ഗട്ടർ' എന്ന് വിശേഷിപ്പിച്ചിരുന്നു. ഇതിനെതിരെ വലിയ പ്രതിഷേധങ്ങൾ ഉയർന്നപ്പോൾ ‘പാറ്റകൾ ഗട്ടറിൽ നിന്നാണ് വരുന്നത്’ എന്ന തരത്തിലുള്ള കടുത്ത പരാമർശങ്ങളും താരം നടത്തിയിരുന്നു. ഏതായാലും കങ്കണയുടെ ഈ പുതിയ വിശദീകരണങ്ങൾ രാഷ്ട്രീയ കേന്ദ്രങ്ങളിലും സമൂഹമാധ്യമങ്ങളിലും വീണ്ടും വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.

Tags:    
News Summary - Kangana Ranaut Questions Gen Z Protest Claim

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.