ഈ നിവിനെയും ദുല്‍ഖറിനെയും നോക്കൂ, ചെറുപ്പക്കാരാണ്; നമ്മളെ കണ്ടാല്‍ മധ്യവയസ്‌കരെപ്പോലുണ്ട്; ബാംഗ്ലൂർ ഡേയ്‌സ് റീമേക്കിനെ കുറിച്ച് റാണ ദഗുബാട്ടി

വലിയ വിജയമായ ചിത്രമായിരുന്നു അഞ്ജലി മേനോന്‍റെ ബാംഗ്ലൂർ ഡേയ്‌സ്. ദുല്‍ഖര്‍ സല്‍മാന്‍, നിവിന്‍ പോളി, നസ്രിയ, പാര്‍വതി തിരുവോത്ത്, ഫഹദ് ഫാസില്‍ എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തിയ ചിത്രം അന്നത്തെ യുവനിരയെ ഒരുമിപ്പിച്ച ചിത്രം കൂടിയായിരുന്നു. ബോക്‌സ് ഓഫീസിലും വൻ വിജയമാണ് ചിത്രം നേടിയത്. ബാംഗ്ലൂര്‍ ഡേയ്‌സ് പിന്നീട് മറ്റ് ഭാഷകളിലേക്ക് റീമേക്ക് ചെയ്യപ്പെട്ടുവെങ്കിലും വിജയം കണ്ടില്ല. ഇപ്പോഴിതാ നടൻ റാണ ദഗ്ഗുബാട്ടി തമിഴിൽ റീമേക്ക് ചെയ്തതിനെക്കുറിച്ച് സംസാരിച്ചതാണ് ശ്രദ്ധ നേടുന്നത്. ബാംഗ്ലൂര്‍ ഡേയ്‌സിന്റെ തമിഴ് റീമേക്കില്‍ ആര്യ, ബോബി സിംഹ, റാണ ദഗുബാട്ടി, പാര്‍വതി തിരുവോത്ത്, ലക്ഷ്മി റായ് എന്നിവരായിരുന്നു അഭിനയിച്ചത്. മലയാളത്തിൽ അഭിനയിച്ചത് ചെറുപ്പക്കാരായിരുന്നെങ്കിൽ തമിഴില്‍ അഭിനയിച്ച തങ്ങളെ കണ്ടാല്‍ മധ്യവയസ്‌കരാണെന്ന് തോന്നുമെന്നുമാണ് റാണ ദഗുബാട്ടി പറഞ്ഞത്.

“ഞാൻ ബാംഗ്ലൂർ ഡേയ്‌സിന്റെ തമിഴ് റീമേക്കായ 'ബാംഗ്ലൂർ നാട്ടുകളി'ൽ അഭിനയിച്ചു. ആ ചിത്രം ബോക്സ് ഓഫീസിൽ പരാജയപ്പെട്ടു. മലയാളത്തിൽ ഫഹദ് ഫാസിൽ അവതരിപ്പിച്ച കഥാപാത്രത്തെ അവതരിപ്പിക്കാനുള്ള അതിയായ ആഗ്രഹമാണ് റീമേക്കിന്റെ ഭാഗമാകാൻ എന്നെ പ്രേരിപ്പിച്ചത്. അത്രയും മനോഹരമായ ഒരു സിനിമ ഞങ്ങൾ റീമേക്ക് ചെയ്യാതിരുന്നാൽ മതിയായിരുന്നു എന്ന് തോന്നുന്നു. ദുല്‍ഖറിനെ എനിക്ക് വര്‍ഷങ്ങളായി അറിയാം. ദുല്‍ഖറിന്റെ അഭിനയം കണ്ട് ഞാന്‍ ആദ്യം അത്ഭുതപ്പെടുന്നത് ബാംഗ്ലൂര്‍ ഡേയ്‌സ് കണ്ടാണ്. ആര്യ ഒരു യാത്രയിൽ വെച്ച് ഞാനിപ്പോഴും ഓര്‍ക്കുന്നുണ്ട്. ഞങ്ങള്‍ ഇവര്‍ അഭിനയിച്ചൊരു രംഗം വീണ്ടും വീണ്ടും കാണുകയായിരുന്നു. മച്ചാ നോക്ക്, ഈ നിവിന്‍ പോളിയേയും ദുല്‍ഖര്‍ സല്‍മാനേയും നോക്കൂ. ഇവര്‍ ചെറുപ്പക്കാരാണ്. നമ്മളെ കണ്ടാല്‍ റിട്ടയര്‍മെന്റ് ജീവിതം നയിക്കുന്ന മധ്യവയസ്‌കരെപ്പോലുണ്ട്” റാണ പറഞ്ഞു.

ബാംഗ്ലൂർ ഡേയ്‌സിന്റെ ഏറ്റവും വലിയ ശക്തി അതിന്റെ സ്വാഭാവികമായ അവതരണവും കഥാപാത്രങ്ങൾ തമ്മിലുള്ള ആഴത്തിലുള്ള സൗഹൃദവുമായിരുന്നു. തമിഴ് റീമേക്കിൽ ഈ വൈകാരികമായ ആഴം കൈവരിക്കാൻ കഴിഞ്ഞില്ല. കഥാഗതിയിൽ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ലെങ്കിലും യഥാർത്ഥ ചിത്രത്തിന്റെ ആഴത്തിലുള്ള വൈകാരിക ബന്ധവും, സൗഹൃദത്തിന്റെ ഊഷ്മളതയും റീമേക്കിന് കൊണ്ടുവരാൻ കഴിഞ്ഞില്ലെന്നാണ് പ്രേക്ഷകർ പ്രതികരണം. ബൊമ്മരിലു ഭാസ്‌കർ സംവിധാനം ചെയ്ത ഈ ചിത്രം അദ്ദേഹത്തിന്റെ കരിയറിലെ ഒരു വലിയ തിരിച്ചടിയായിരുന്നു.

ദുൽഖർ, നിവിൻ, ഫഹദ്, നസ്രിയ എന്നിവർ തമ്മിലുള്ള സൗഹൃദത്തിന്റെ കെമിസ്ട്രി റീമേക്കിലെ അഭിനേതാക്കൾക്ക് പുനഃസൃഷ്ടിക്കാൻ കഴിഞ്ഞില്ല. ബൊമ്മരിലു ഭാസ്‌കർ സംവിധാനം ചെയ്ത ഈ ചിത്രം അദ്ദേഹത്തിന്റെ കരിയറിലെ ഒരു വലിയ തിരിച്ചടിയായിരുന്നു. ബാംഗ്ലൂർ ഡേയ്‌സ് തമിഴ്‌നാട്ടിൽ ഉൾപ്പെടെ വലിയ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. ഒറിജിനൽ സിനിമ കണ്ട പ്രേക്ഷകർ റീമേക്കിനെ അതിന്റെ നിലവാരവുമായി താരതമ്യം ചെയ്തപ്പോൾ 'ബാംഗ്ലൂർ നാട്ടുകൾ' വളരെ പിന്നോട്ട് പോയതും വിനയായി.

ദുല്‍ഖര്‍ നായകനായ പുതിയ ചിത്രം കാന്തയുടെ നിര്‍മാതാവാണ് റാണ. ദുല്‍ഖറിന്റെ വേഫേരര്‍ ഫിലിംസും നിര്‍മാണത്തിന്റെ ഭാഗമാണ്. സെല്‍വമണി സെല്‍വരാജ് ആണ് സിനിമയുടെ സംവിധാനം. അമ്പതുകളിലെ തമിഴ്‌സിനിമയുടെ പശ്ചാത്തലത്തിലാണ് കാന്ത കഥ പറയുന്നത്. ഭാഗ്യശ്രീ ബോര്‍സെയാണ് നായിക. റാണയും ചിത്രത്തിലൊരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. സമുദ്രക്കനിയാണ് മറ്റൊരു പ്രധാന വേഷത്തിലെത്തുന്നത്. 

Tags:    
News Summary - Rana Daggubati shared his regret Tamil remake 'Bangalore Days

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.