തമിഴ്നാട് സർക്കാരിന്റെ സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചപ്പോൾ മികച്ച നടിക്കുള്ള അവാർഡ് ഉൾപ്പെടെ മൂന്ന് പ്രധാന പുരസ്കാരങ്ങൾ സ്വന്തമാക്കി നയൻതാര. 2017ലെ 'അറം' എന്ന ചിത്രത്തിലെ അഭിനയത്തിനാണ് നയൻതാരയെ മികച്ച നടിയായി തിരഞ്ഞെടുത്തത്. ചിത്രത്തിൽ ജില്ലാ കലക്ടറുടെ വേഷമാണ് താരം അവതരിപ്പിച്ചത്.
പുരസ്കാര തിളക്കത്തിൽ സോഷ്യൽ മീഡിയയിലൂടെ നയൻതാര തന്റെ നന്ദി അറിയിച്ചു. വ്യക്തിഗത അവാർഡിന് പുറമെ, നയൻതാരയുടെ നിർമാണ കമ്പനിയായ 'റൗഡി പിക്ചേഴ്സ്' നിർമിച്ച ചിത്രങ്ങളും പുരസ്കാരങ്ങൾ വാരിക്കൂട്ടി. 2021ലെ സ്ത്രീ ശാക്തീകരണത്തെക്കുറിച്ചുള്ള മികച്ച ചിത്രത്തിനുള്ള പ്രത്യേക പുരസ്കാരം 'നെട്രിക്കൺ' നേടിയപ്പോൾ 2020ലെ മികച്ച ചിത്രത്തിനുള്ള പുരസ്കാരം വിഘ്നേഷ് ശിവനും നയൻതാരയും ചേർന്ന് നിർമിച്ച 'കൂഴങ്കൽ' സ്വന്തമാക്കി.
‘അറം എന്ന ചിത്രത്തിലെ അഭിനയത്തിന് എന്നെ സംസ്ഥാന പുരസ്കാരം നൽകി ആദരിച്ച തമിഴ്നാട് സർക്കാരിനോട് എന്റെ ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു. അതോടൊപ്പം ഞങ്ങളുടെ പ്രൊഡക്ഷൻ ഹൗസായ റൗഡി പിക്ചേഴ്സിന്റെ നെട്രിക്കൺ, കൂഴങ്കൽ എന്നീ ചിത്രങ്ങൾക്ക് ലഭിച്ച പുരസ്കാരങ്ങളിലും ഞാൻ അതീവ കൃതജ്ഞതയുള്ളവളാണ്. ഞങ്ങളുടെ പ്രൊഡക്ഷൻ ഹൗസിന് ഒരേസമയം മൂന്ന് സംസ്ഥാന പുരസ്കാരങ്ങൾ. സത്യമായും അനുഗ്രഹിക്കപ്പെട്ട നിമിഷം’ എന്നാണ് നയൻതാര ഇൻസ്റ്റയിൽ കുറിച്ചത്.
ഗോപി നൈനാർ സംവിധാനം ചെയ്ത 'അറം' ഒരു ബോർവെല്ലിൽ വീണ കുട്ടിയെ രക്ഷിക്കാൻ കലക്ടർ മതിവദനി നടത്തുന്ന പോരാട്ടത്തിന്റെ കഥയാണ്. ഈ കഥാപാത്രം നയൻതാരയുടെ കരിയറിലെ തന്നെ ഏറ്റവും മികച്ച വേഷങ്ങളിലൊന്നായി കണക്കാക്കപ്പെടുന്നു. നയൻതാരയുടെ അടുത്ത പ്രധാന റിലീസ് മലയാളത്തിലാണ്. മമ്മൂട്ടിയും മോഹൻലാലും ഒന്നിക്കുന്ന, മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ബ്രഹ്മാണ്ഡ ചിത്രം 'പേട്രിയറ്റ്' ആണ് താരം അഭിനയിക്കുന്ന അടുത്ത ചിത്രം. ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്ന ഈ ചിത്രം 2026 ഏപ്രിൽ 23ന് റിലീസ് ചെയ്യും. കൂടാതെ, കന്നഡ സൂപ്പർതാരം യാഷ് നായകനാകുന്ന 'ടോക്സിക്'എന്ന ചിത്രത്തിലും നയൻതാര അഭിനയിക്കുന്നുണ്ട്. ഗംഗ എന്ന കഥാപാത്രമായാണ് നയൻതാര എത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.