ഹൃത്വിക് റോഷനെ കേന്ദ്രകഥാപാത്രമാക്കി പിതാവ് രാകേഷ് റോഷൻ സംവിധാനം ചെയ്ത ചിത്രമാണ് ക്രിഷ്. 2006 ആണ് സൂപ്പർ ഹീറോ ചിത്രമായ ക്രിഷ് തിയറ്ററുകളിൽ എത്തിയത്. സിനിമ വൻ വിജയമായതിനെ തുടർന്ന് രണ്ടാം ഭാഗവും മൂന്നാം ഭാഗവും എത്തി. ആദ്യ ഭാഗത്തെപോലെ തുടർ ഭാഗങ്ങളും വിജയമായിരുന്നു.
ക്രിഷിന്റെ നാലാം ഭാഗത്തിനായി കാത്തിരിക്കുകയാണ് ആരാധകർ. എന്നാൽ നാലാം ഭാഗം ചിത്രീകരിക്കുക എന്നത് അത്ര എളുപ്പമല്ലെന്ന് വെളിപ്പെടുത്തിരിക്കുകയാണ് സംവിധായകനും ക്രിഷിന്റെ നിർമാതാവുമായ രാകേഷ് റോഷൻ. ചിത്രത്തിന്റെ സ്കെയിൽ വളരെ വലുതാണെന്നും അത്രയും ബജറ്റ് കണ്ടെത്തുക എന്നത് എളുപ്പമല്ലെന്നും രാകേഷ് റോഷൻ പറഞ്ഞു .
'ക്രിഷിന്റെ സ്കെയിൽ വളരെ വലുതാണ്. അതുകുറച്ചാൽ സിനിമയുടെ ഗുണനിലവാരത്തെ ബാധിക്കും. അത്രയും പണം ചെലവഴിക്കാൻ എനിക്ക് ബുദ്ധിമുട്ടാണ്. കുറെ വർഷങ്ങളായി കാത്തിരിക്കുകയാണ്. അത്രയും ബജറ്റ് മുടക്കാൻ എന്റെ കൈവശമില്ല. ഇന്നത്തെ തലമുറ വലിയ സൂപ്പർ ഹീറോ ചിത്രങ്ങൾ കണ്ടാണ് വളരുന്നത്. അതിനാൽ ചെറിയ തെറ്റുകൾ പോലും വലിയ തരത്തിൽ വിമർശിക്കപ്പെടും- രാകേഷ് റോഷൻ പറഞ്ഞു.
2003-ൽ കോയി മിൽ ഗയ എന്ന സയൻസ് ഫിക്ഷൻ ചിത്രത്തിലൂടെയാണ് രാകേഷ് റോഷന്‍റെ ക്രിഷ് ഫ്രാഞ്ചൈസി ആരംഭിച്ചത്. പിന്നീട് 2006-ൽ ക്രിഷിലൂടെ ഒരു സൂപ്പർ ഹീറോ ഫ്രാഞ്ചൈസിയാക്കി ഇത് മാറ്റി. വാർ 2 ആണ് ഹൃത്വിക് റോഷന്റെ അണിയറയിൽ ഒരുങ്ങുന്ന ചിത്രം. അയാൻ മുഖർജി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ജോൺ എബ്രഹാം ജൂനിയർ എൻ.ടി ആർ എന്നിവരും പ്രധാനവേഷത്തിലെത്തുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.