‘അടൂർ അങ്ങനെ പറഞ്ഞപ്പോൾ സദസിൽ നിന്നും ആളുകൾ കൈയടിച്ചതാണ് എന്നെ അത്ഭുതപ്പെടുത്തിയത്’ -പുഷ്പവതി

സിനിമ കോൺക്ലേവിൽ ദളിത്-സ്ത്രീ സംവിധായകർക്കെതിരെ സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ നടത്തിയ പരാമർശത്തിന് മറുപടിയുമായി ഗായിക പുഷ്പവതി.ചലച്ചിത്ര വികസന കോർപറേഷൻ വെറുതെ പണം നൽകരുത്. സ്ത്രീകളായതുകൊണ്ട് മാത്രം അവസരം നൽകരുതെന്നും അദ്ദേഹം പറഞ്ഞു. പട്ടികജാതി വിഭാഗത്തിൽ പെട്ടവർക്ക് ആദ്യം മൂന്ന് മാസം പരിശീലനം നൽകണമെന്നും അദ്ദേഹം പറഞ്ഞു. സൂപ്പർസ്റ്റാറുകളെ വെച്ച് പടമെടുക്കുന്നതിന് ആയിരിക്കരുത് സർക്കാർ പണം നൽകേണ്ടതെന്നും അടൂർ പറഞ്ഞത് ഏറെ വിവാദങ്ങൾക്ക് വഴി വെച്ചിരുന്നു. ഈ സാഹചര്യത്തിലാണ് പുഷ്പവതി പ്രതികരണവുമായി എത്തിയത്.

‘ഉടന്‍ തന്നെ അതിനൊരു മറുപടി കൊടുക്കാന്‍ പറ്റി. പക്ഷേ, സദസ്സില്‍നിന്ന്‌ ആരും അതിനെതിരേ പ്രതികരിച്ചില്ലല്ലോ എന്നൊരു പ്രയാസം തോന്നി. അദ്ദേഹം പറഞ്ഞതിന് ഒരുപാട് പേര്‍ കൈയടിച്ചു എന്നത് എന്നെ അത്ഭുതപ്പെടുത്തി. ഞങ്ങളുടെ അപ്പനപ്പൂപ്പന്മാര്‍ അധ്വാനിച്ച്, സ്വന്തമായി വരുമാനമില്ലാതെ ജീവിച്ചിരുന്ന സമൂഹമായിരുന്നു. ഇവിടുത്തെ എസ്.സി,എസ്.ടി വിഭാഗത്തില്‍പ്പെട്ട സാധാരണക്കാരായ മനുഷ്യര്‍ നൂറ്റാണ്ടുകളായി അടിച്ചമര്‍ത്തപ്പെട്ടിട്ടുള്ളവരാണ്‌. അടൂരിനോടുള്ള ബഹുമാനം നിലനിര്‍ത്തിയാണ് അഭിപ്രായം പറഞ്ഞതെന്നും’ പുഷ്പവതി പൊയ്പ്പാടത്ത് പറഞ്ഞു. നേരത്തേ സിനിമാ കോണ്‍ക്ലേവില്‍ അടൂര്‍ ഗോപാലകൃഷ്ണന്റെ നിലപാട് ചോദ്യം ചെയ്ത് പുഷ്പവതി രംഗത്തെത്തിയിരുന്നു.

അടൂരിന് മറുപടിയുമായി മന്ത്രി സജി ചെറിയാനും രംഗത്തെത്തിയിരുന്നു. കൂടുതല്‍ സിനിമകള്‍ക്ക് കൂടുതല്‍ പണം നല്‍കണമെന്നും അതൊരു തെറ്റായി താന്‍ കാണുന്നില്ലെന്നും സജി ചെറിയാന്‍ പറഞ്ഞു. കൂടുതല്‍ പണം നല്‍കുമ്പോള്‍ ലാഭം ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു. സിനിമയുടെ പ്രതിഫലത്തെക്കുറിച്ചും റിവ്യൂവിനെ കുറിച്ചും സജി ചെറിയാന്‍ പ്രതികരിച്ചു. പട്ടിക ജാതി, പട്ടിക വര്‍ഗങ്ങള്‍ക്ക് 98 വര്‍ഷമായിട്ടും സിനിമയില്‍ മുഖ്യധാരയില്‍ എത്താന്‍ കഴിഞ്ഞിട്ടില്ല. അവര്‍ക്ക് സഹായം നല്‍കും. കേരത്തിലെ തലയെടുപ്പ് ഉള്ള സംവിധായകര്‍ അവരുടെ സിനിമ സ്‌ക്രീനിംഗ് ചെയ്യും. സ്ത്രീകള്‍ക്കും അതേ പരിഗണന നല്‍കും. ഒന്നര കോടി എടുത്തവര്‍ തന്നെ വെള്ളം കുടിച്ച് നില്‍ക്കുകയാണ്. ഈ സാഹചര്യത്തിലാണ് തുക മൂന്നായി വീതിക്കാന്‍ പറയുന്നതെന്നും മന്ത്രി പറഞ്ഞിരുന്നു.

Tags:    
News Summary - Pushpavathi responds to Adoor Gopalakrishnan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.