ആത്മാഭിമാനമാണ് നമ്മുടെ സ്വഭാവത്തെ നിർവചിക്കുന്നത്. സാധാരണക്കാർക്ക് മുതൽ സെലിബ്രിറ്റികൾക്കുവരെ അത് അങ്ങനെയാണ്. ബോളിവുഡ് സൂപ്പർ താരം പ്രിയങ്ക ചോപ്രയും അത്തരത്തിൽ വിശ്വസിക്കുന്ന വ്യക്തിയാണ്. പ്രചരിക്കുന്ന കഥകളൊന്നും യഥാർഥമാകണമെന്നില്ലെന്നും നിങ്ങൾ ഒരാളോട് എങ്ങനെ പെരുമാറുന്നു എന്നതാണ് നിങ്ങളെ നിർവചിക്കുന്നതെന്നും പറയുകയാണ് പ്രിയങ്ക. ബാഹ്യ മൂല്യനിർണയത്തിൽ വീണുപോകരുതെന്നും നടി പറഞ്ഞു. ഫിലിം കമ്പാനിയനുമായി സംസാരിക്കുകയായിരുന്നു താരം.
'അഭിപ്രായങ്ങൾ കേട്ട് നിങ്ങൾക്ക് മതിമറക്കാൻ കഴിയില്ല, പൊതുജനാഭിപ്രായങ്ങൾ കേട്ട് നിങ്ങൾക്ക് വിലയിരുത്താനും കഴിയില്ല. കാരണം അത് യഥാർഥമല്ല. വൈറൽ കഥകളല്ല യഥാർഥമായത്. നിങ്ങൾ ആളുകളെ കണ്ടുമുട്ടുമ്പോൾ അവർക്ക് എങ്ങനെ തോന്നുന്നു എന്നതാണ് യഥാർഥം' -പ്രിയങ്ക പറഞ്ഞു.
നിങ്ങൾ ആരാണെന്ന കാര്യം നിർവചിക്കുന്നതിൽ ഈ ബഹളങ്ങളൊന്നും അനിവാര്യമല്ല എന്ന് സ്വയം ഓർക്കുന്നത് നന്നാവും. നിങ്ങൾ ജനിക്കുന്നത് തനിച്ചാണ്, മരിക്കുന്നതും തനിച്ചാണ്. ഇത് ഏകാന്തമായൊരു യാത്രയാണ്...നിങ്ങൾ ആരാണെന്നതല്ല, നിങ്ങൾ അവശേഷിപ്പിക്കുന്ന പൈതൃകം എന്താണോ അതായിരിക്കും മുഖ്യം.
നിരവധി വ്യക്തികളാണ് ട്രോളുകൾ കാരണം തകർന്നു പോകുന്നത്. അഭിനേതാക്കളും അതിൽ ഉൾപ്പെടുന്നു. എന്നാൽ, അത്തരം ശബ്ദങ്ങൾക്ക് മുകളിൽ ഉയരുകയും അവയൊന്നും നിങ്ങളെ വൈകാരികമായി തകർക്കാൻ അനുവദിക്കാതിരിക്കുകയൂം ചെയ്യണമെന്ന് പ്രിയങ്ക പറയുന്നു. 'ട്വിറ്ററിൽ ആറ് പേരോ 1000 പേരോ നിങ്ങളെക്കുറിച്ച് മോശം കാര്യങ്ങൾ പറയുന്നുണ്ടെങ്കിൽ, നിങ്ങളുടെ ജീവിതം മുഴുവൻ മോശമാണെന്നാണോ? അത് ശരിയല്ല...' -പ്രിയങ്ക കൂട്ടിച്ചേർത്തു.
അതേസമയം, ഇന്ത്യൻ സിനിമയിലേക്ക് വൻ തിരിച്ചുവരവ് നടത്താൻ ഒരുങ്ങുകയാണ് പ്രിയങ്ക ചോപ്ര. രണ്ട് പ്രധാന ചിത്രങ്ങളിലൂടെ ഇന്ത്യൻ സിനിമയിൽ തിരിച്ചെത്തുകയാണ് താരം. മഹേഷ് ബാബുവിനൊപ്പമുള്ള ചിത്രവും ഹൃതിക് റോഷനുമൊത്തുള്ള ക്രിഷ് 4 എന്നിവയുമാണ് പ്രിയങ്കയുടെ തിരിച്ച് വരവ് ഉറപ്പാക്കുന്ന ചിത്രങ്ങൾ. ഹൃതിക് റോഷൻ ആദ്യമായി സംവിധാന രംഗത്തേക്ക് പ്രവേശിക്കുന്നു എന്ന പ്രത്യേകതകൂടി ക്രിഷ് 4ന് ഉണ്ട്. ആദ്യ ഭാഗങ്ങളിലെ പ്രധാന കഥാപാത്രമായ പ്രിയയെയാണ് പ്രിയങ്ക അവതരിപ്പിക്കുന്നത്. 2026ന്റെ തുടക്കത്തിൽ ചിത്രീകരണം ആരംഭിക്കാനാണ് പദ്ധതിയെന്നാണ് റിപ്പോർട്ട്.
പ്രിയങ്ക ചോപ്ര ഇപ്പോൾ രാജ്യത്തെ ഏറ്റവും ഉയർന്ന പ്രതിഫലം വാങ്ങുന്ന നടിമാരിൽ ഒരാളാണ്. മഹേഷ് ബാബുവിനൊപ്പമുള്ള ചിത്രത്തിനായി 30 കോടി രൂപ വാങ്ങുന്നതായാണ് റിപ്പോർട്ട്. ക്രിഷ് 4ന് പ്രതിഫലം ഏകദേശം 20 മുതൽ 30 കോടി രൂപ വരെയാകുമെന്ന് റിപ്പോർട്ടുണ്ട്. ഇന്ത്യ ടുഡേയുടെ റിപ്പോർട്ട് അനുസരിച്ച്, പ്രീതി സിന്റ, പ്രിയങ്ക ചോപ്ര, വിവേക് ഒബ്‌റോയ്, രേഖ എന്നിവരും ചിത്രത്തിൽ ഉണ്ടാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.