കല്യാണിക്ക് 'ലോക' ലഭിച്ചതുപോലെ, മായയുടെ 'തുടക്കം' മനോഹരമാട്ടെ; വിസ്മയക്ക് ആശംസകളുമായി പ്രിയദർശൻ

മോഹൻലാലിന്‍റെ മകൾ വിസ്മയ മലയാള സിനിമയിൽ നായികയായി അരങ്ങേറാനുള്ള ഒരുക്കത്തിലാണ്. ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്യുന്ന 'തുടക്കം' എന്ന ചിത്രത്തിലാണ് വിസ്മയ അഭിനയിക്കുന്നത്. കഴിഞ്ഞ ദിവസം കൊച്ചിയിൽ വെച്ചായിരുന്നു ചിത്രത്തിന്‍റെ പൂജ. ഇപ്പോഴിതാ, സിനിമയിലെ ആദ്യ ചുവട് വെക്കുന്ന വിസ്മയക്ക് ആശംസകൾ അറിയിച്ചിരിക്കുകയാണ് സംവിധായകൻ പ്രിയദർശൻ.

'എന്റെ ഒരു കൈയിൽ കല്യാണിയെയും മറുകൈയിൽ മായയെയും എടുത്ത് നടന്നതാണ്. അങ്ങനെയാണ് ഞങ്ങൾ ഒരു കുടുംബമായി വളർന്നത്. ലാൽ പറഞ്ഞതുപോലെ, അവർ സിനിമയിലേക്ക് ചുവടുവെക്കുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല. കല്യാണിക്ക് ലോക ലഭിച്ചതുപോലെ, മായയുടെ തുടക്കം മനോഹരമായ ഒരു തുടക്കമാകട്ടെ. ദൈവം അനുഗ്രഹിക്കട്ടെ...' -പ്രിയദർശൻ കുറിച്ചു.

'എല്ലാ യാത്രകൾക്കും അതിന്‍റേതായ തുടക്കമുണ്ട്. ഈ 'തുടക്കം' അഭിമാനത്താൽ ഞങ്ങളുടെ ഹൃദയം നിറക്കുന്നു. മായ പുതിയ അധ്യായത്തിലേക്ക് ചുവടുവെക്കുന്നത് കാണുന്നത് മാതാപിതാക്കളെന്ന നിലയിൽ, ഞങ്ങൾക്ക് പ്രത്യേകമായ നിമിഷമാണ്' എന്നാണ് സിനിമയുടെ പൂജയുടെ ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് മോഹൻലാൽ എഴുതിയത്.

ചിത്രം ആന്റണി പെരുമ്പാവൂരാണ് നിർമിക്കുന്നത്. ആശിര്‍വാദ് സിനിമാസിന്‍റെ 37-ാം ചിത്രമാണ് തുടക്കം. അതേസമയം, സിനിമയുടെ സ്വിച്ച് ഓൺ കർമം സുചിത്രയും ക്ലാപ് പ്രണവ് മോഹൻലാലും നിർവഹിച്ചു. മോഹൻലാൽ, സുചിത്ര, പ്രണവ്, വിസ്മയ, ജൂഡ് ആന്റണി ജോസഫ്, ആന്റണി പെരുമ്പാവൂർ അടക്കമുള്ള നിരവധി പേർ ചടങ്ങിൽ പങ്കെടുത്തു. ചിത്രത്തിന്‍റെ പോസ്റ്ററുകൾ കഴിഞ്ഞ ദിവസം മോഹൻലാലിന്‍റെയും പ്രണവിന്‍റെയും സോഷ്യൽമീഡിയ പേജുകളിൽ വന്നിരുന്നു. താരകുടുംബത്തിന്‍റെ ആരാധകർ ആവേശത്തിലാണ്. 

ചിത്രത്തിന്റെ മറ്റു അണിയറപ്രവർത്തകരുടെയോ ഴോണറിനെക്കുറിച്ചോ ഉള്ള വിവരങ്ങൾ പുറത്തുവന്നിട്ടില്ല. മാര്‍ഷ്യല്‍ ആര്‍ട്സ് പഠിച്ചിട്ടുള്ള ആളായതിനാൽ വിസ്മയയുടെ ആദ്യചിത്രം ആക്ഷൻ മൂഡിലുള്ളതാണെന്ന് അഭ്യൂഹമുണ്ട്. നേരത്തെ മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്ത ‘ബാറോസി’ൽ വിസ്മയ അസിസ്റ്റന്റ് ഡയറക്ടറായി പ്രവർത്തിച്ചിട്ടുണ്ട്. 

Tags:    
News Summary - Priyadarshan wishes Vismaya Mohanlal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.