സൂര്യ-ജ്യോതിക
മെസ്സിക്ക് തൊട്ടുപിന്നിൽ സൂര്യ-ജ്യോതിക സീക്വൽ വിവാഹ വിഡിയോ; ഇൻസ്റ്റയിൽ റെക്കോർഡ് ഷെയറെന്ന് സൂര്യ ആരാധകർ
തമിഴകത്തിന്റെ പ്രിയ താരദമ്പതികളായ സൂര്യയും ജ്യോതികയും തങ്ങളുടെ ഇരുപതാം വിവാഹ വാർഷികം ആഘോഷിച്ചത് വളരെ വ്യത്യസ്തമായ രീതിയിലായിരുന്നു. ദാമ്പത്യത്തിന് രണ്ട് പതിറ്റാണ്ട് തികയുമ്പോൾ ഇരുവരും വീണ്ടും വിവാഹിതരായി. 'ദ് സീക്വൽ' എന്ന് പേരിട്ട ഈ മനോഹരമായ വീണ്ടും വിവാഹ വിഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ പ്രധാന ചർച്ചാവിഷയം.
ഇക്കഴിഞ്ഞ സെപ്റ്റംബർ 11നാണ് സൂര്യ-ജ്യോതിക ദാമ്പത്യം 20 വർഷം പൂർത്തിയാക്കിയത്. പരസ്പരം നൽകിയ വിവാഹ വാഗ്ദാനങ്ങൾ ഇരുവരും വീണ്ടും പുതുക്കിയിരിക്കുകയാണ്. വിദേശത്തുള്ള ഒരു ക്രിസ്ത്യൻ പള്ളിയിൽ വെച്ച് വളരെ ലളിതമായും എന്നാൽ വൈകാരികമായും നടന്ന ചടങ്ങിന്റെ ദൃശ്യങ്ങൾ ദമ്പതികൾ തന്നെയാണ് ഇൻസ്റ്റാഗ്രാമിലൂടെ ആരാധകരുമായി പങ്കുവെച്ചത്.
ഈ പ്രത്യേക നിമിഷത്തിൽ സാക്ഷികളായി മക്കളായ ദിയയും ദേവും, സൂര്യയുടെ സഹോദരനും നടനുമായ കാർത്തി ഉൾപ്പെടെയുള്ള അടുത്ത കുടുംബാംഗങ്ങളും സുഹൃത്തുക്കളും ഒപ്പമുണ്ടായിരുന്നു. ചടങ്ങിൽ അതിമനോഹരമായ ഒരു വെള്ള ഗൗണിലാണ് ജ്യോതിക എത്തിയത്. ഒപ്പം വെള്ള സ്യൂട്ട് ജാക്കറ്റും കറുത്ത പാന്റും ധരിച്ച് അതിസുന്ദരനായാണ് സൂര്യയും എത്തിയത്.
'ദ് സീക്വൽ' എന്ന മുഴുനീള വിഡിയോക്ക് ലഭിച്ചത് അപ്രതീക്ഷിത സ്വീകാര്യതയാണ്. നിമിഷങ്ങൾക്കകം റെക്കോർഡ് ലൈക്കും ഷെയറുമാണ് ഇൻസ്റ്റഗ്രാമിൽ വിഡിയോ സ്വന്തമാക്കിയത്. സിനിമാ മേഖലയിലെ സഹപ്രവർത്തകരും സുഹൃത്തുക്കളും ഉൾപ്പെടെ നിരവധി പേർ ദമ്പതികൾക്ക് ആശംസകൾ അറിയിച്ച് എത്തിയിരുന്നു.
ഇൻസ്റ്റഗ്രാമിൽ ഏറ്റവും കൂടുതൽ ഷെയറുകൾ ലഭിച്ച രണ്ടാമത്തെ വിഡിയോയാണ് 'ദ് സീക്വൽ' എന്നാണ് ആരാധകർ പറയുന്നത്. ഇൻസ്റ്റഗ്രാമിൽ ഏറ്റവും കൂടുതൽ ഷെയർ ലഭിച്ചത് ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സിയുടെ വിരമിക്കൽ പോസ്റ്റിനാണ് - 3.9 മില്യൺ ഷെയർ. അതിന് തൊട്ടുപിന്നിൽ 3.5 മില്യൺ ഷെയറുമായി സൂര്യ-ജ്യോതിക വിവാഹ വിഡിയോയാണെന്നാണ് ആരാധക കണക്കുകൾ സൂചിപ്പിക്കുന്നത്. എന്നാൽ ഇതുസംബന്ധിച്ച് ഇൻസ്റ്റഗ്രാമിൽ നിന്നോ മറ്റോ ഔദ്യോഗിക വിവരങ്ങൾ പുറത്തുവന്നിട്ടില്ല. എങ്കിലും സൂര്യ ആരാധകർ ഈ വിഷയം വലിയ ആഘോഷമാക്കി മാറ്റിക്കഴിഞ്ഞു.
1999ൽ പുറത്തിറങ്ങിയ 'പൂവെല്ലാം കേട്ടുപ്പാർ' എന്ന ചിത്രത്തിലൂടെയാണ് സൂര്യയും ജ്യോതികയും ആദ്യമായി ഒന്നിച്ച് അഭിനയിക്കുന്നത്. പിന്നീട് 'കാക്ക കാക്ക', 'പേരഴകൻ', 'സില്ലിലന് ഒരു കാതൽ' തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങളിൽ ഇവർ നായികാ നായകന്മാരായി അഭിനയിച്ചു. തുടർന്ന് 2006ൽ വിവാഹിതരായ ഇവർ തമിഴ് സിനിമയിലെ ഏറ്റവും പ്രിയപ്പെട്ട താരജോടികളായി ഇന്നും ആരാധകരുടെ ഹൃദയത്തിൽ നിറഞ്ഞുനിൽക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.