ഉർവശിയുടെയും മനോജ് കെ ജയന്‍റെയും മകൾ തേജാലക്ഷ്മിയുടെ നായികാ അരങ്ങേറ്റം; നായകനായി ശ്രീനാഥ് ഭാസി

പ്രശസ്ത ചലച്ചിത്ര താരങ്ങളായ മനോജ് കെ. ജയന്‍റെയും ഉർവശിയുടെയും മകൾ തേജാലക്ഷ്മി (കുഞ്ഞാറ്റ) നായികയായി അരങ്ങേറ്റം കുറിക്കുന്ന പുതിയ മലയാള ചിത്രം 'പ്രിയതമൻ' ഷൂട്ടിങ് ആരംഭിച്ചു. ശ്രീനാഥ് ഭാസിയാണ് ചിത്രത്തിൽ നായകനായി എത്തുന്നത്. റെജി പ്രഭാകരൻ സംവിധാനം ചെയ്യുന്ന ഈ സിനിമ നിർമിക്കുന്നത് ശ്രേയാനിധി ക്രിയേഷൻസിന്റെ ബാനറിൽ സുനിൽകുമാർ എസും മുനീർ അറയ്ക്കലും ചേർന്നാണ്.

തികഞ്ഞൊരു ഫീൽ-ഗുഡ് കുടുംബ ചിത്രമായി ഒരുങ്ങുന്ന 'പ്രിയതമൻ' ആഴത്തിലുള്ള ആത്മബന്ധമുള്ള ഒരു അമ്മയുടെയും മകന്റെയും ജീവിതത്തിലേക്ക് അപ്രതീക്ഷിതമായി ഒരു പെൺകുട്ടി കടന്നുവരുന്നതും തുടർന്നുണ്ടാകുന്ന രസകരമായ സംഭവവികാസങ്ങളുമാണ് പറയുന്നത്. പ്രശസ്ത നടി ശാന്തി കൃഷ്ണ ചിത്രത്തിൽ അമ്മ വേഷത്തിൽ അഭിനയിക്കുന്നുണ്ട്. നിരവധി ഹിറ്റ് കുടുംബ ചിത്രങ്ങൾക്ക് തിരക്കഥയൊരുക്കിയിട്ടുള്ള കൃഷ്ണ പൂജപ്പുരയാണ് ഈ ചിത്രത്തിനും തിരക്കഥ രചിച്ചിരിക്കുന്നത്.

ചിത്രത്തിന്റെ കഥ സനു ഭാസ്കറും, ഛായാഗ്രഹണം പ്രദീപ് നായരും നിർവഹിക്കുന്നു. റഫീഖ് അഹമ്മദ്, മനു മഞ്ജിത്ത് എന്നിവരുടെ വരികൾക്ക് രമേഷ് നാരായൺ, ബിജിപാൽ എന്നിവർ ചേർന്ന് സംഗീതം പകരുന്നു. പശ്ചാത്തല സംഗീതം ഒരുക്കുന്നത് റോണി റാഫേൽ ആണ്. കൊല്ലം നീണ്ടകര, കരുനാഗപ്പള്ളി, വാഗമൺ എന്നിവിടങ്ങളിലായി ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിക്കുകയാണ്.

ഈ ചിത്രത്തിന് പുറമെ, ബിനു പീറ്ററിന്റെ 'സുന്ദരിയവൾ സ്റ്റെല്ല', അമ്മ ഉർവശിക്കൊപ്പമുള്ള 'പാബ്ലോ പാർട്ടി', കന്നഡ ചിത്രമായ 'ബുള്ളി' തുടങ്ങി നിരവധി പ്രൊജക്റ്റുകളും തേജാലക്ഷ്മിയുടേതായി അണിയറയിൽ ഒരുങ്ങുന്നുണ്ട്. ടൈം ട്രാവൽ ചിത്രമായ 'ഒറിജിനൽ', 'ക്രെഡിറ്റ് സ്‌കോർ', ജി.വി. പ്രകാശിനൊപ്പമുള്ള തമിഴ് ചിത്രം 'വെക്കയ്' എന്നിവയാണ് ശ്രീനാഥ് ഭാസിയുടെ വരാനിരിക്കുന്ന മറ്റ് പ്രധാന സിനിമകൾ.

Tags:    
News Summary - Urvashi and Manoj K Jayan's daughter Tejalakshmi as heroine

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.