സാവിത്രി ശ്രീധരൻ 

സുഡാനി ഫ്രം നൈജീരിയയിലെ ജമീല ഉമ്മ; നടി സാവിത്രി ശ്രീധരൻ അന്തരിച്ചു

മലയാളികളുടെ പ്രിയപ്പെട്ട ജമീലുമ്മയായി മാറിയ പ്രശസ്ത നാടക-ചലച്ചിത്ര നടി സാവിത്രി ശ്രീധരൻ (80) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് കോഴിക്കോട് മാങ്കാവിലെ 'ശ്രീധരീയം' വീട്ടിൽ വെച്ചായിരുന്നു അന്ത്യം. ദീർഘകാലമായി കിടപ്പിലായിരുന്നു.

'സുഡാനി ഫ്രം നൈജീരിയ' എന്ന ചിത്രത്തിൽ ജമീല എന്ന കഥാപാത്രത്തെ അവതരിപ്പിച്ചാണ് സാവിത്രി ശ്രീധരൻ മലയാള സിനിമാ പ്രേമികളുടെ മനം കവർന്നത്. ആ കഥാപാത്രത്തിലെ സ്വാഭാവികമായ അഭിനയത്തിന് 2018ൽ മികച്ച സ്വഭാവ നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരവും, ദേശീയ ചലച്ചിത്ര പുരസ്കാരത്തിൽ പ്രത്യേക ജൂറി പരാമർശവും ലഭിച്ചിരുന്നു.

ആരോഗ്യപരമായ ബുദ്ധിമുട്ടുകൾ നേരിടുന്നതുവരെ സിനിമയിൽ സജീവമായിരുന്നു. നാടകവേദിയിലൂടെയാണ് സാവിത്രിയുടെ കലാജീവിതം ആരംഭിക്കുന്നത്. അഞ്ച് പതിറ്റാണ്ടോളം പ്രൊഫഷണൽ നാടകരംഗത്തെ നിറസാന്നിധ്യമായിരുന്നു അവർ.1961ലാണ് നാടകത്തിൽ അഭിനയിച്ചു തുടങ്ങുന്നത്. തുടക്കത്തിൽ മാങ്കാവ്, തിരുവണ്ണൂർ, മീഞ്ചന്ത എന്നിവിടങ്ങളിലെ അമേച്വർ നാടക ട്രൂപ്പുകളിലാണ് പ്രവർത്തിച്ചത്. വളയനാട് കലാസമിതിയുടെ 'കറുത്ത വെളിച്ചം' ആയിരുന്നു ആദ്യ നാടകം.

പിന്നീട് കെ.ടി. മുഹമ്മദ്, എം.ടി. വാസുദേവൻ നായർ, തിക്കോടിയൻ, ടി. ദാമോദരൻ എന്നിവർ ചേർന്നെഴുതിയ 'വഴിയമ്പലം' എന്ന നാടകത്തിലൂടെ ആഹ്വാൻ സെബാസ്റ്റ്യന്റെ ട്രൂപ്പിൽ സജീവമായി.1984ലാണ് പ്രൊഫഷണൽ നാടകരംഗത്തേക്ക് എത്തുന്നത്. കെ.ടി. മുഹമ്മദിന്റെ കലിംഗ തിയറ്ററിന്റെ 'ഇതു ഭൂമിയാണ്' ആയിരുന്നു ആദ്യ പ്രൊഫഷണൽ നാടകം. തുടർന്ന് കാഫർ, സൃഷ്ടി, ദീപസ്തംഭം മഹാശ്ചര്യം, അച്ഛനും ബാപ്പയും, സാക്ഷാത്കാരം, കുചേലവൃത്തം, സമന്വയം തുടങ്ങി കലിംഗയുടെ എല്ലാ പ്രധാന നാടകങ്ങളിലും ശ്രദ്ധേയ വേഷങ്ങൾ ചെയ്തു.

'അണിയറ' എന്ന നാടകത്തിലെ അഭിനയത്തിന് സംഗീത നാടക അക്കാദമിയുടെ മികച്ച നടിക്കുള്ള പുരസ്കാരം നേടി. കോഴിക്കോട്ടെ നാല് പ്രശസ്ത പ്രൊഫഷണൽ ട്രൂപ്പുകളിലെ തിരക്കുള്ള നടിയായിരുന്നു സാവിത്രി. വിത്സൻ സാമുവലിന്റെ സംഗമം തിയറ്ററിൽ 'ഇനിയും ഉണരാത്തവർ', 'ക്ഷണിക്കുന്നു കുടുംബസമേതം', 'അരവിന്ദൻ സാക്ഷിയാണ്' എന്നീ നാടകങ്ങളിൽ അഭിനയിച്ചു. അതിനുശേഷം ഇബ്രാഹിം വെങ്ങരയുടെ ചിരന്തന തിയറ്റേഴ്സിലെ പ്രധാന നടിയായി.

മാളികവീട്, പകിട പന്ത്രണ്ട്, ഉപഹാരം, ഒടിയൻ, രാജസഭ തുടങ്ങിയ നാടകങ്ങൾ ചെയ്തു. ഇതിൽ 'രാജസഭ'യിലെ ഐഷക്കുട്ടി എന്ന വേഷത്തിന് 1993ൽ മികച്ച നാടക നടിക്കുള്ള സംസ്ഥാന സർക്കാർ പുരസ്കാരം ലഭിച്ചു.വിക്രമൻ നായരുടെ സ്റ്റേജ് ഇന്ത്യയുടെ ജപമാല, അഗ്രഹാരം, ആൾമാറാട്ടം, അക്കരപ്പച്ച എന്നീ നാടകങ്ങളിലും മികച്ച വേഷങ്ങൾ ചെയ്തു. എന്നാൽ പ്രൊഫഷണൽ നാടക ട്രൂപ്പുകളുടെ സുവർണകാലം അവസാനിച്ചതോടെ സങ്കടത്തോടെ വേദിയോട് വിടപറയേണ്ടി വന്നു. പിന്നീട് 'സുഡാനി ഫ്രം നൈജീരിയ' എന്ന ചിത്രമാണ് സാവിത്രിയിലെ അഭിനേത്രിക്ക് പുതുജീവിതം സമ്മാനിച്ചത്. ഭർത്താവ് ശ്രീധരൻ നേരത്തെ മരിച്ചിരുന്നു.

Tags:    
News Summary - Actress Savitri Sreedharan passes away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.