പൃഥ്വിരാജ്, ബച്ചൻ, രേഖ

സഞ്ജയ് ലീല ബൻസാലി ചിത്രത്തിൽ ബച്ചനും രേഖയും ഒന്നിച്ചാൽ ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ കാണുമെന്ന് പൃഥ്വിരാജ്

ഇന്നത്തെ കാലത്തെ സിനിമകളുടെ വിജയത്തിൽ നല്ല കഥകൾക്കും ശക്തമായ തിരക്കഥകൾക്കുമുള്ള പ്രാധാന്യത്തെക്കുറിച്ച് മനസ്സ് തുറന്ന് പൃഥ്വിരാജ് സുകുമാരൻ. കരീന കപൂർ, മേഘ്‌ന ഗുൽസർ എന്നിവർക്കൊപ്പം പുതിയ സിനിമയായ ദായ്റയുടെ പ്രമോഷൻ പരിപാടിക്കിടെയാണ് താരം സിനിമയിലെ മാറുന്ന പ്രേക്ഷക പ്രതീക്ഷകളെക്കുറിച്ചും നല്ല എഴുത്തുകളുടെ ആവശ്യകതയെക്കുറിച്ചും സംസാരിച്ചത്.

വെറും താരപ്പകിട്ട് കൊണ്ട് മാത്രം ഒരു സിനിമ വിജയിക്കണമെന്നില്ലെന്നും ശക്തമായ കഥയാണ് ഇന്നത്തെ പ്രേക്ഷകർ ആഗ്രഹിക്കുന്നതെന്നും ചർച്ചയിൽ പങ്കെടുത്തവർ വ്യക്തമാക്കി. ഗ്ലാമറിനും മാസ് ഘടകങ്ങൾക്കുമപ്പുറം ആഴത്തിലുള്ളതും റിയലിസ്റ്റിക്കായതുമായ പ്രമേയങ്ങൾക്കാണ് ഇന്നത്തെ സമൂഹം പ്രാധാന്യം നൽകുന്നത്. സിനിമയുടെ വിജയത്തിൽ തിരക്കഥയുടെയും കഥപറച്ചിലിന്റെയും നിലവാരം എത്രത്തോളം നിർണ്ണായകമാണെന്നും പൃഥ്വിരാജ് വ്യക്തമാക്കുന്നു. 

ഇന്നത്തെ കാലത്ത് പ്രേക്ഷകരെ എളുപ്പത്തിൽ സിനിമയിലേക്ക് ആകർഷിക്കാൻ കഴിയുന്ന ഘടകങ്ങളെക്കുറിച്ചുള്ള ചർച്ചക്കിടയിൽ സംവിധായകൻ സഞ്ജയ് ലീല ബൻസാലിയെക്കുറിച്ച് പൃഥ്വിരാജ് ഒരു കൗതുകകരമായ ഉദാഹരണം പങ്കുവെച്ചു.

സഞ്ജയ് ലീല ബൻസാലി അമിതാഭ് ബച്ചനെയും രേഖയെയും വെച്ച് ഒരു സിനിമ ചെയ്യുകയാണെങ്കിൽ, ഞാൻ അതിന്റെ ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ തീർച്ചയായും കാണും’ എന്ന് പൃഥ്വിരാജ് പറഞ്ഞു. ചർച്ചയിൽ പങ്കെടുത്ത മറ്റുള്ളവരും ഈ അഭിപ്രായത്തെ പൂർണ്ണമായി പിന്താങ്ങി. പുതിയ കാലത്തെ പ്രേക്ഷകർ മുൻകാലങ്ങളെ അപേക്ഷിച്ച് വളരെ കൃത്യമായി സിനിമകളെ വിലയിരുത്തുന്നവരാണെന്ന് കരീന കപൂറും അഭിപ്രായപ്പെട്ടു.

പൃഥ്വിരാജിന്‍റെ കരിയറിലെ എടുത്തുപറയേണ്ട ചിത്രങ്ങളിലൊന്നായ 'ഖലീഫ' കഴിഞ്ഞ ഓണം ഫെസ്റ്റിവൽ സീസണിൽ ആഗസ്റ്റ് 20നാണ് തിയറ്ററുകളിൽ എത്തിയത്. ഖലീഫക്ക് പുറമെ വലിയ പ്രതീക്ഷയോടെ ആരാധകർ കാത്തിരിക്കുന്ന മറ്റൊരു ബ്രഹ്മാണ്ഡ ചിത്രത്തിലാണ് പൃഥ്വിരാജ് അടുത്തതായി അഭിനയിക്കുന്നത്. എസ്.എസ്. രാജമൗലി സംവിധാനം ചെയ്യുന്ന ഗ്ലോബൽ അഡ്വഞ്ചർ ചിത്രമായ 'വാരണാസി'യിലാണ് താരം പ്രധാന വേഷത്തിലെത്തുന്നത്.

തെലുങ്ക് സൂപ്പർതാരം മഹേഷ് ബാബു നായകനാകുന്ന ഈ ചിത്രത്തിൽ പ്രിയങ്ക ചോപ്ര ജോനാസും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ചിത്രത്തിൽ 'കുംഭ' എന്ന അതിശക്തനായ വില്ലൻ കഥാപാത്രത്തെയാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്നത്. രാജമൗലി ചിത്രങ്ങളുടെ വലിയ കാൻവാസും മഹേഷ് ബാബു-പ്രിയങ്ക ചോപ്ര-പൃഥ്വിരാജ് കൂട്ടുകെട്ടും സിനിമക്കുള്ള പ്രതീക്ഷകൾ വാനോളം ഉയർത്തിയിട്ടുണ്ട്. 2027 ഏപ്രിൽ 7ന് ചിത്രം ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ റിലീസ് ചെയ്യാനാണ് അണിയറപ്രവർത്തകർ പദ്ധതിയിട്ടിരിക്കുന്നത്.

Tags:    
News Summary - Prithviraj on Dream Casting Bhansali Film

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.