'രാഷ്ട്രീയ നിലപാടുകൾ കാരണം പ്രകാശ് രാജിന് സിനിമയിൽ അവസരങ്ങൾ നഷ്ടപ്പെട്ടു'; ഭയന്ന് ജീവിക്കാൻ ഉദ്ദേശമില്ലെന്ന് ഭാര്യ പോണി വർമ്മ
പ്രശസ്ത നടൻ പ്രകാശ് രാജിന്റെ രാഷ്ട്രീയ നിലപാടുകളും അതിന്റെ പേരിൽ അദ്ദേഹം സിനിമയിൽ നേരിടേണ്ടി വന്ന പ്രതിസന്ധികളെക്കുറിച്ചും ഭാര്യയും പ്രമുഖ കൊറിയോഗ്രാഫറുമായ പോണി വർമ്മ മനസ്സ് തുറന്നു. ഓൺലൈൻ ചാനലിന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് അവർ ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. പ്രകാശ് രാജിന്റെ തുറന്നുള്ള പ്രതികരണങ്ങൾ കുടുംബത്തിൽ ആദ്യം വലിയ ആശങ്ക ഉണ്ടാക്കിയിരുന്നുവെന്നും എന്നാൽ പത്രപ്രവർത്തക ഗൗരി ലങ്കേഷിന്റെ ദാരുണ കൊലപാതകത്തിന് ശേഷമാണ് ആ ഭയം മാറിവന്നതെന്നും പോണി വർമ്മ പറഞ്ഞു.
തുടക്കത്തിൽ പ്രകാശ് രാജിന്റെ ശക്തമായ രാഷ്ട്രീയ പ്രസ്താവനകളും നിലപാടുകളും തങ്ങളെ ഏറെ ഭയപ്പെടുത്തിയിരുന്നുവെന്ന് പോണി പറയുന്നു. എന്നാൽ 2017-ൽ അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തുകൂടിയായ മാധ്യമപ്രവർത്തക ഗൗരി ലങ്കേഷ് കൊല്ലപ്പെട്ടതോടെ ആകെ തകർന്നുപോയ പ്രകാശ് രാജിന്റെ കാഴ്ചപ്പാടുകളിൽ വലിയ മാറ്റമുണ്ടായി. "നമ്മൾ എത്രകാലം ഭയന്ന് ജീവിക്കണം?" എന്ന അദ്ദേഹത്തിന്റെ ചിന്ത ഭയത്തെ അതിജീവിക്കാൻ പ്രേരിപ്പിച്ചു. ഒടുവിൽ സമൂഹത്തിലെ തിന്മകൾക്കെതിരെ സംസാരിക്കാൻ അദ്ദേഹം പൂർണ്ണ ആത്മവിശ്വാസത്തോടെ മുന്നോട്ടു വരികയായിരുന്നുവെന്ന് അവർ ഓർമ്മിച്ചു.
രാഷ്ട്രീയ നിലപാടുകളുടെ പേരിൽ പ്രകാശ് രാജിന് കനത്ത വില നൽകേണ്ടിവന്നിട്ടുണ്ടെന്നും പോണി വെളിപ്പെടുത്തി. തങ്ങളുടെ ആശയങ്ങളോടു വിയോജിപ്പുള്ള പല പ്രമുഖരും സിനിമാമേഖലയിൽ ഇപ്പോഴും സജീവമാണെങ്കിലും പ്രകാശ് രാജിന് പല സിനിമകളിൽ നിന്നും അഡ്വാൻസ് നൽകിയ ശേഷം ഒഴിവാക്കപ്പെടുകയും പ്രമുഖ പരസ്യങ്ങളിൽ നിന്നുള്ള അവസരങ്ങൾ നഷ്ടപ്പെടുകയും ചെയ്തിട്ടുണ്ട്. എങ്കിലും തന്റെ മനസാക്ഷിക്ക് ശരിയെന്ന് തോന്നുന്ന കാര്യങ്ങൾക്ക് വേണ്ടി അദ്ദേഹം ഒട്ടും പിന്നോട്ടുപോയിട്ടില്ലെന്നും പണത്തേക്കാൾ സമൂഹത്തിലെ അടിസ്ഥാന ആവശ്യങ്ങൾക്കാണ് അദ്ദേഹം മുൻഗണന നൽകുന്നതെന്നും അവർ കൂട്ടിച്ചേർത്തു.
വ്യക്തിജീവിതത്തിൽ തങ്ങൾ രണ്ടുപേരും തികച്ചും വ്യത്യസ്തരായ വ്യക്തികളാണെന്നും പോണി വ്യക്തമാക്കി. താൻ ഈശ്വരവിശ്വാസിയാണെങ്കിലും പ്രകാശ് രാജ് ഒരു നിരീശ്വരവാദിയാണ്. എങ്കിലും പരസ്പരം വിശ്വാസങ്ങളെയും അഭിപ്രായവ്യത്യാസങ്ങളെയും അവർ പൂർണ്ണമായി മാനിക്കുന്നു. വീട്ടിൽ ദീപാവലിയും ക്രിസ്മസും ഒരുപോലെ സന്തോഷത്തോടെ ആഘോഷിക്കാറുണ്ടെന്നും വ്യത്യസ്ത മതവിശ്വാസങ്ങൾ ഒരു കുടകീഴിൽ യാതൊരു പ്രശ്നവുമില്ലാതെ സമാധാനത്തോടെയാണ് കഴിയുന്നതെന്നും അവർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.