‘സമരം ചെയ്യാൻ പഞ്ചാബികളെ ആരും പഠിപ്പിക്കേണ്ട’; വിവാദങ്ങൾക്കിടെ പ്രതികരണവുമായി ഗായകൻ ദിൽജിത്, മറുപടിയുമായി അഭിജീത് ദിപ്കെ
ന്യൂഡൽഹി: തന്റെ മുൻ പരാമർശത്തെച്ചൊല്ലിയുണ്ടായ വിവാദങ്ങൾക്ക് മറുപടിയുമായി പ്രമുഖ പഞ്ചാബി ഗായകനും നടനുമായ ദിൽജിത് ദോസഞ്ച്. ഡൽഹിയിൽ നടന്ന 'ഔറ ഇന്ത്യ ടൂർ' സംഗീത നിശയ്ക്കിടെയാണ് സി.ജെ.പി നേതാക്കൾക്കളെയും വിമർശകർക്കും ചൂണ്ടിക്കാട്ടി ദിൽജിത് രംഗത്തെത്തിയത്. അതേസമയം, ഗായകന്റെ പരാമർശത്തിന് പിന്നാലെ സി.ജെ.പി നേതാവ് അഭിജീത് ദിപ്കെയും സമൂഹ മാധ്യമങ്ങളിലൂടെ മറുപടി നൽകി.
"ഞാൻ നിങ്ങളെ എല്ലാവരെയും സ്നേഹിക്കുന്നു, കാരണം ഞാനൊരു കലാകാരനാണ്. രാഷ്ട്രീയപരമായ കാര്യങ്ങളിൽ ഞാൻ മൗനം പാലിക്കുകയാണ്, അതിനാൽ എന്നെ വെറുതെ വിടൂ. എല്ലാവരെയും പിന്തുണയ്ക്കുന്ന ഒരാളാണ് ഞാൻ. എന്നാൽ, പഞ്ചാബികളെ എങ്ങനെയാണ് പോരാടേണ്ടതെന്ന് ആരും പഠിപ്പിക്കേണ്ടതില്ല" - ദിൽജിത് കാണികളോട് പറഞ്ഞു.
സമീപകാലത്ത് ഡൽഹിയിൽ നടന്ന സി.ജെ.പി പ്രക്ഷോഭങ്ങളിൽ നിന്ന് വിട്ടുനിന്ന ദിൽജിത്, താൻ രാഷ്ട്രീയക്കാരനല്ലെന്നും കലാകാരനാണെന്നും വ്യക്തമാക്കിയിരുന്നതാണ് വിവാദങ്ങൾക്ക് തുടക്കമിട്ടത്.
മനുഷ്യാവകാശ പ്രവർത്തകൻ ജസ്വന്ത് സിങ് ഖൽറയുടെ ജീവിതത്തെ ആസ്പദമാക്കി ദിൽജിത് നായകനായെത്തിയ 'സത്‌ലജ്' എന്ന ചിത്രത്തെയും നടന്റെ നിലപാടിനെയും ചൂണ്ടിക്കാട്ടി സി.ജെ.പി നേതാവ് അഭിജീത് ദിപ്കെ ഉൾപ്പെടെയുള്ളവർ അന്ന് രംഗത്തെത്തിയിരുന്നു. പ്രക്ഷോഭ വേദിയിൽ ഇവർ തോളിലെടുത്ത സിനിമയെ കളിയാക്കിയതിനാണ് ദിൽജിത് ഇപ്പോൾ വേദിയിൽ തുറന്നടിച്ചടിച്ചത്. സ്റ്റേജിൽവെച്ച് ആരോ പരിഹസിച്ച 'സത്‌ലജ്' സിനിമയ്ക്കായി തങ്ങൾ വലിയൊരു പോരാട്ടമാണ് നടത്തിയതെന്നും പഞ്ചാബികൾക്ക് സ്വന്തം അവകാശങ്ങൾക്കായി പോരാടാൻ മറ്റാരുടെയും ക്ലാസുകൾ ആവശ്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ദിൽജിത് ദോസഞ്ചിന്റെ പ്രതികരണത്തിന് പിന്നാലെ, സി.ജെ.പി നേതാവ് അഭിജീത് ദിപ്കെയും സമൂഹമാധ്യമത്തിൽ ഇതേക്കുറിച്ച് കുറിപ്പ് പങ്കുവെച്ചിരുന്നു.
ജൂണിൽ നടന്ന സമരവേളയിൽ ദിൽജിതിന്റെ പ്രസ്താവന തന്നെ വേദനിപ്പിച്ചിരുന്നുവെന്നും എന്നാൽ താൻ അദ്ദേഹത്തിന്റെ വലിയൊരു ആരാധകനാണെന്നും ദിപ്കെ പോസ്റ്റിൽ വ്യക്തമാക്കി. മേയ് മാസം ചിക്കാഗോയിൽ നടന്ന അദ്ദേഹത്തിന്റെ കൺസേർട്ടിൽ താൻ പങ്കെടുത്തിരുന്നു. സംഗീതത്തോടുള്ള ആദരവ് കൊണ്ടാണ് അന്ന് പോയയിരുന്നത്. ചെറിയൊരു അഭിപ്രായവ്യത്യാസം കൊണ്ട് തങ്ങളോടുള്ള ആരാധന ഒട്ടും കുറയുന്നില്ലെന്നും, ഒരു ഇളയ സഹോദരനായി കണ്ട് ഈ വിഷയം ഇവിടെ തീർക്കണമെന്നും അഭ്യർഥിച്ച ദിപ്കെ, ദിൽജിതിന്റെ തന്നെ പ്രസിദ്ധമായ വരികൾ കുറിച്ചാണ് തന്റെ കുറിപ്പ് അവസാനിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.