ജേസൺ സഞ്ജയ്
'എനിക്ക് ഫാൻസ് ക്ലബ്ബുകളോ അസോസിയേഷനുകളോ ഇല്ല; പേര് വെച്ചുള്ള ഗ്രൂപ്പുകൾ വ്യാജം': ജേസൺ സഞ്ജയ്
ചെന്നൈ: തനിക്ക് ഔദ്യോഗികമായി യാതൊരുവിധ ഫാൻസ് ക്ലബ്ബുകളോ അസോസിയേഷനുകളോ നിലവിലില്ലെന്ന് വ്യക്തമാക്കി യുവ സംവിധായകനും തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ് യുടെ മകനുമായ ജേസൺ സഞ്ജയ്. തന്റെ പേരിൽ വ്യാജ സോഷ്യൽ മീഡിയ അക്കൗണ്ടുകളും കമ്മ്യൂണിറ്റികളും വ്യാപകമാകുന്ന പശ്ചാത്തലത്തിൽ, ഔദ്യോഗിക സോഷ്യൽ മീഡിയ പ്രൊഫൈലുകളുടെ വിവരങ്ങൾ പങ്കുവെച്ചുകൊണ്ടാണ് അദ്ദേഹം വാർത്താക്കുറിപ്പ് ഇറക്കിയത്. താൻ അംഗീകരിക്കുകയോ തുടങ്ങുകയോ ചെയ്ത ഫാൻസ് ക്ലബ്ബുകൾ ഇല്ലെന്നും, തന്റെ പേരിൽ പ്രവർത്തിക്കുന്ന മറ്റ് അക്കൗണ്ടുകളോ ഗ്രൂപ്പുകളോ പൂർണമായും അനധികൃതമാണെന്നും അദ്ദേഹം വ്യക്തമാക്കി.
'മറ്റ് അക്കൗണ്ടുകൾ വ്യാജം, ഉത്തരവാദിത്തമുണ്ടാകില്ല'
തന്റെ യഥാർത്ഥ പ്രൊഫൈലുകളെക്കുറിച്ച് ആരാധകരിൽ തെറ്റിദ്ധാരണ ഉണ്ടാകാതിരിക്കാനാണ് ഔദ്യോഗിക വിവരങ്ങൾ വ്യക്തമാക്കുന്നതെന്ന് ജേസൺ സഞ്ജയ് സോഷ്യൽ മീഡിയയിൽ കുറിച്ചു.'ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിൽ എന്റെ പേരോ ചിത്രങ്ങളോ സാമ്യമുള്ള ഐഡന്റിറ്റികളോ ഉപയോഗിച്ച് പ്രവർത്തിക്കുന്ന മറ്റ് അക്കൗണ്ടുകളും പേജുകളും പൂർണമായും വ്യാജമാണ്. പട്ടികപ്പെടുത്തിയ പ്രൊഫൈലുകളിൽ നിന്നല്ലാതെ വരുന്ന പോസ്റ്റുകൾക്കോ, മെസ്സേജുകൾക്കോ, സാമ്പത്തിക ഇടപാടുകൾക്കോ എനിക്ക് യാതൊരു ഉത്തരവാദിത്തവും ബാധ്യതയും ഉണ്ടായിരിക്കില്ല,' എന്ന് അദ്ദേഹം വാർത്താക്കുറിപ്പിൽ അടിവരയിട്ടു.
ഫാൻസ് ക്ലബ്ബുകൾക്ക് അംഗീകാരമില്ല: 'ഞങ്ങൾ ഏതെങ്കിലും ഫാൻസ് ക്ലബ്ബുകൾക്കോ കമ്മ്യൂണിറ്റി ഗ്രൂപ്പുകൾക്കോ അനുമതി നൽകുകയോ ഔദ്യോഗികമായി അംഗീകരിക്കുകയോ ചെയ്തിട്ടില്ല. 'ഔദ്യോഗിക ഫാൻസ് ക്ലബ്' എന്ന പേരിൽ പ്രവർത്തിക്കുന്ന മുഴുവൻ ഗ്രൂപ്പുകളും പേജുകളും അനധികൃതമാണ്,' എന്നും അദ്ദേഹം വ്യക്തമാക്കി.
സംവിധാന രംഗത്തേക്ക് 'സിഗ്മ'യിലൂടെ അരങ്ങേറ്റം
സന്ദീപ് കിഷൻ നായകനായെത്തിയ 'സിഗ്മ' എന്ന ഹീസ്റ്റ് ത്രില്ലർ ചിത്രത്തിലൂടെ അടുത്തിടെയാണ് ജേസൺ സഞ്ജയ് സ്വതന്ത്ര സംവിധായകനായി സിനിമാലോകത്ത് അരങ്ങേറ്റം കുറിച്ചത്. ഒക്ടോബർ രണ്ടിന് തീയേറ്ററുകളിലെത്തിയ ചിത്രത്തിന്റെ റിലീസിന് മുന്നോടിയായി, 'സിനിമയെന്ന വലിയ പ്രതിഭാ സമുദ്രത്തിലേക്ക് കാലെടുത്തു വെക്കുന്ന മറ്റൊരു നവാഗത സംവിധായകൻ മാത്രമാണ് താൻ' എന്ന് അദ്ദേഹം പ്രേക്ഷകരോട് തുറന്നുപറഞ്ഞിരുന്നു. ഭാഷാ അതിർവരമ്പുകൾക്കപ്പുറം പ്രേക്ഷകരെ രസിപ്പിക്കാൻ കഴിയുന്ന മികച്ചൊരു സിനിമാനുഭവം ഒരുക്കാനാണ് ചിത്രത്തിലൂടെ താനും സംഘവും ശ്രമിച്ചതെന്നും, വലിയ പ്രതീക്ഷകൾക്കിടയിലും വിനയത്തോടെയാണ് ഈ യാത്രയെ നോക്കിക്കാണുന്നതെന്നും അദ്ദേഹം മുൻപ് വ്യക്തമാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.