‘അമ്മ വിശ്വസിച്ചത് അവരുടെ ദൈവത്തിലാണ്, അത് തടയാൻ ഞാൻ ആര്?’ വിദ്വേഷ പ്രചാരകർക്ക് ചുട്ടമറുപടി നൽകി പ്രകാശ് രാജ്

അന്തരിച്ച തന്റെ മാതാവിന്റെ സംസ്കാര ചടങ്ങുകളെച്ചൊല്ലി സോഷ്യൽ മീഡിയയിൽ അധിക്ഷേപം ചൊരിഞ്ഞവർക്ക് ശക്തമായ മറുപടിയുമായി നടൻ പ്രകാശ് രാജ്. താൻ നിരീശ്വരവാദി ആണെന്ന് അവകാശപ്പെടുമ്പോഴും അമ്മയുടെ ക്രിസ്തീയ ആചാരപ്രകാരമുള്ള സംസ്കാര ചടങ്ങുകളിൽ പങ്കെടുത്തത് ഇരട്ടത്താപ്പാണെന്ന പരിഹാസത്തിനാണ് താരം മറുപടി നൽകിയത്. കഴിഞ്ഞ ദിവസമാണ് പ്രകാശ് രാജിന്റെ മാതാവ് സുവർണ്ണലത (86) അന്തരിച്ചത്. ക്രിസ്തുമത വിശ്വാസിയായിരുന്ന അവരുടെ സംസ്കാര ചടങ്ങുകൾ പള്ളിയിൽ വെച്ചാണ് നടന്നത്.

ഇതിന്റെ ചിത്രങ്ങൾ പുറത്തുവന്നതോടെ, പ്രകാശ് രാജ് മുമ്പ് നിരീശ്വരവാദത്തെക്കുറിച്ച് സംസാരിക്കുന്ന വിഡിയോകൾ കുത്തിപ്പൊക്കി ഒരു വിഭാഗം ആളുകൾ രംഗത്തെത്തുകയായിരുന്നു. പള്ളിയിൽ നടന്ന ചടങ്ങിൽ പങ്കെടുത്തത് താരത്തിന്റെ കാപട്യമാണെന്നായിരുന്നു എക്സിലെ പ്രധാന ആരോപണം.

വിമർശകരുടെ വായടപ്പിക്കുന്ന രീതിയിലായിരുന്നു താരത്തിന്റെ പ്രതികരണം. ‘അതെ, ഞാൻ ദൈവത്തിൽ വിശ്വസിക്കുന്നില്ല. പക്ഷേ എന്റെ അമ്മ അവരുടെ ദൈവത്തിൽ വിശ്വസിച്ചിരുന്നു. അവരുടെ വിശ്വാസമനുസരിച്ച് സംസ്കരിക്കപ്പെടാനുള്ള അവകാശം നിഷേധിക്കാൻ ഞാൻ ആരാണ്? പരസ്പരം നൽകേണ്ട പ്രാഥമികമായ ബഹുമാനമാണിത്. വിദ്വേഷം പ്രചരിപ്പിക്കുന്ന രാക്ഷസന്മാർക്ക് ഇത് മനസ്സിലാകുമോ? എന്നാണ് പ്രകാശ് രാജ് എക്സിൽ കുറിച്ചത്.

തന്റെ കുടുംബത്തിലെ വ്യത്യസ്തമായ വിശ്വാസങ്ങളെക്കുറിച്ച് മുമ്പും അദ്ദേഹം സംസാരിച്ചിട്ടുണ്ട്. ഭാര്യ ഹിന്ദു വിശ്വാസിയും അമ്മ ക്രിസ്ത്യൻ വിശ്വാസിയുമാണെന്നും മറ്റൊരാളെ ഉപദ്രവിക്കാനോ നിർബന്ധിതമായി മതം മാറ്റാനോ ഉപയോഗിക്കാത്തടത്തോളം കാലം എല്ലാ വിശ്വാസങ്ങളെയും താൻ ബഹുമാനിക്കുന്നുവെന്നും അദ്ദേഹം മുമ്പ് വ്യക്തമാക്കിയിട്ടുണ്ട്.

വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ചൊവ്വാഴ്ച ബംഗളൂരുവിലെ വസതിയിലായിരുന്നു സുവർണ്ണലതയുടെ അന്ത്യം. വർഷങ്ങൾക്കു മുമ്പ് തലച്ചോറിൽ സിസ്റ്റ് കണ്ടെത്തിയതിനെത്തുടർന്ന് നടത്തിയ ശസ്ത്രക്രിയക്ക് ശേഷം അവർക്ക് ഓർമശക്തി നഷ്ടപ്പെട്ടിരുന്നു. തന്റെ മകനെപ്പോലും തിരിച്ചറിയാൻ കഴിയാത്ത അവസ്ഥയിലായിരുന്നു അവർ. അമ്മയുടെ വിയോഗത്തിൽ അനുശോചനം അറിയിച്ച ആരാധകർക്കും സിനിമാ പ്രവർത്തകർക്കും പ്രകാശ് രാജ് നന്ദി അറിയിച്ചു. ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രി പവൻ കല്യാൺ ഉൾപ്പെടെയുള്ള പ്രമുഖർ അനുശോചനം രേഖപ്പെടുത്തിയിരുന്നു.

Tags:    
News Summary - Prakash Raj hits back at trolls questioning his atheism

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.