അലിസേ
ഇസ്ലാമാബാദ്: വിനോദ വ്യവസായത്തിലെ നിരവധി താരങ്ങൾ അവരുടെ കരിയറിന്റെ മധ്യത്തിൽ പ്രശസ്തിയിൽ നിന്ന് പിന്മാറുന്നത് നമുക്ക് പരിചിതമാണ്. പാകിസ്താനിലും ഇക്കാര്യത്തിൽ വ്യത്യാസമൊന്നുമില്ല. വർഷങ്ങളായി, നിരവധി പ്രശസ്ത അഭിനേതാക്കൾ സിനിമയിൽ നിന്നും നിന്ന് പിന്മാറിയിട്ടുണ്ട്.
ഇപ്പോള്‍ മറ്റൊരു മുന്‍നിര പാകിസ്താനി നടിയും ഇതേ പാത പിന്തുടരാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ. എഹ്ദ്-ഇ-വഫ, ഇഷ്ക് തമാഷ തുടങ്ങിയവയിലെ അഭിനയത്തിലൂടെ പ്രശസ്തയായ അലിസേ ഷാ, തന്റെ ഇന്‍സ്റ്റാഗ്രാമിലെ എല്ലാ പോസ്റ്റുകളും ഇല്ലാതാക്കുകയും സോഷ്യല്‍ മീഡിയയില്‍ നിന്ന് ഇടവേള പ്രഖ്യാപിക്കുകയും ചെയ്തതോടെ ആരാധകര്‍ ആശങ്കയിലാണ്.
'ഞാൻ ഇൻസ്റ്റാഗ്രാമിൽ നിന്ന് എല്ലാ ചിത്രങ്ങളും ഇല്ലാതാക്കി, അതിൽ ഞാൻ സന്തോഷവതിയാണ്. എന്റെ ജീവിതം കൊണ്ട് ഞാൻ എന്താണ് ചെയ്യുന്നതെന്ന് ശരിക്കും അറിയാത്തതിനാൽ എനിക്ക് ലജ്ജ തോന്നുന്നു. ഇതെല്ലാം ദുഃഖം മൂലമായിരുന്നു. ഞാൻ എപ്പോൾ തിരിച്ചുവരുമെന്ന് എനിക്കറിയില്ല. പക്ഷേ ആ ചിത്രങ്ങൾ ഒരിക്കലും തിരിച്ചുവരില്ല. ആ അലിസേയും തിരിച്ചുവരില്ല. അതുകൊണ്ട്, അതെ, ഇതൊരു ചെറിയ വിടപറയലാണ്' -അലിസെ അറിയിച്ചു.
നടിയുടെ പ്രഖ്യാപനം പെട്ടെന്ന് വൈറലായി. ആരാധകരിൽ നിന്ന് സമ്മിശ്ര പ്രതികരണങ്ങളാണ് ഉണ്ടായത്. മാനസികാരോഗ്യത്തിന് മുൻഗണന നൽകാനുള്ള അവരുടെ തീരുമാനത്തെ പലരും അഭിനന്ദിച്ചു. എന്നാൽ പെട്ടെന്നുള്ള ഈ നീക്കത്തിൽ ചിലർ അത്ഭുതപ്പെട്ടു. പാകിസ്താനിൽ ഏറ്റവും കൂടുതൽ ആളുകൾ പിന്തുടരുന്ന സെലിബ്രിറ്റി അക്കൗണ്ടുകളിൽ ഒന്നായിരുന്നു അലിസേയുടെ ഇൻസ്റ്റാഗ്രാം. ഇപ്പോൾ അവർ തന്റെ ഡിസ്പ്ലൈ ഫോട്ടോക്ക് പകരം പ്ലെയിൻ ഓറഞ്ച് പശ്ചാത്തലമാണ് നൽകിയിട്ടുള്ളത്.
കഴിഞ്ഞ കുറച്ച് വർഷങ്ങളായി, അലിസേ ഷാ തന്റെ വ്യക്തിത്വം, ഫാഷൻ തെരഞ്ഞെടുപ്പുകൾ, പൊതു വിവാദങ്ങൾ എന്നിവയിലൂടെ പലപ്പോഴും വാർത്തകളിൽ ഇടം നേടിയിട്ടുണ്ട്. സെറ്റിൽ നടന്ന തർക്കങ്ങളും മുതിർന്ന ഗായിക ഷാസിയ മൻസൂറുമായുള്ള അഭിപ്രായവ്യത്യാസങ്ങളും ഇതിൽ ഉൾപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.