ഷെഫാലി ഷാ
ഡൽഹി ക്രൈം എന്ന ചിത്രത്തിലെ അഭിനയത്തിന് പ്രശംസ നേടിയ ഷെഫാലി ഷാ തന്‍റെ അഭിനയത്തിലെ സ്വാഭാവികതയെക്കുറിച്ചും വരാനിരിക്കുന്ന ബാങ്ക് കൊള്ള സിനിമയായ 'ഹിസാബി'നെക്കുറിച്ചും അഭിപ്രായങ്ങൾ പങ്കുവെച്ചു. ബോളിവുഡിൽ ദീർഘനേരമുള്ള ജോലി സമയം ഒരു സ്ഥിരം കീഴ്‌വഴക്കമായി മാറരുതെന്ന് അവർ ഊന്നിപ്പറഞ്ഞു. കൂടാതെ കലാപരമായ പ്രോജക്റ്റുകളുടെ കേന്ദ്രബിന്ദുവാകാൻ എ.ഐക്ക് കഴിയില്ലെന്നും, അത് ഒരു സഹായം മാത്രമായിരിക്കുമെന്നും ഷെഫാലി അഭിപ്രായപ്പെട്ടു.
‘യഥാർത്ഥ ജീവിതത്തിൽ പോലും, ഓരോ സാഹചര്യവും നമ്മളിൽ നിന്ന് വ്യത്യസ്തമായ പ്രതികരണങ്ങളാണ് ഉണ്ടാക്കുന്നത്. അര മണിക്കൂർ കഴിഞ്ഞ് അതേ സംഭാഷണം വ്യത്യസ്തമായിരിക്കും. കാരണം നമ്മൾ വ്യത്യസ്ത കാര്യങ്ങളോട് വ്യത്യസ്തമായി പ്രതികരിക്കുന്നു. അതാണ് എന്റെ കഥാപാത്രത്തിലും സംഭവിക്കുന്നത്. ഡൽഹി ക്രൈമിലെ എന്റെ കഥാപാത്രത്തിന്റെ പരിണാമം അതുപോലെയാണ്. ഞാൻ ഒരു സ്വാഭാവിക അഭിനേത്രിയാണ്. എനിക്ക് ഗൈഡ് പുസ്തകമില്ല. ചുറ്റുമുള്ള അഭിനേതാക്കൾ എന്താണ് ചെയ്യുന്നത്? സെറ്റിലെ സാഹചര്യം എന്താണ്? കഥാപാത്രത്തിന്റെ മനസ്സിൽ എന്താണ് നടക്കുന്നത്? എല്ലാം പ്രധാനമാണ്. പ്രേക്ഷകർക്ക് അറിയാത്ത കഥാപാത്രത്തിന്റെ മുൻകാല വിവരങ്ങളും വെളിപ്പെടുത്താത്ത കാര്യങ്ങളും ഞാൻ കഥാപാത്രത്തെ അവതരിപ്പിക്കുമ്പോൾ പ്രതിഫലിക്കണം. നിങ്ങൾ ഒരു പുതിയ തുടക്കത്തിൽ നിന്നാണ് ആരംഭിക്കുന്നത്. അങ്ങനെയാണ് കഥാപാത്രങ്ങൾ സൃഷ്ടിക്കപ്പെടുന്നത്’ -ഷെഫാലി പറഞ്ഞു.
വിക്കി ഡോണർ, ബധായി ഹോ എന്നീ ചിത്രങ്ങളുടെ വിജയം തെളിയിക്കുന്നത് പോലെ, ചെറിയ അല്ലെങ്കിൽ കുറഞ്ഞ ബഡ്ജറ്റിലുള്ള സിനിമകൾക്കുള്ള ഒരേയൊരു ഇടമല്ല ഒ.ടി.ടി. അതിന് ഒരു വിപണിയുണ്ട്, പ്രേക്ഷകർക്ക് വ്യത്യസ്ത തരം കഥകൾ സ്വീകരിക്കാൻ കഴിയുന്നുണ്ട്. ഒ.ടി.ടി കൂടുതൽ സുരക്ഷിതമായ തിരഞ്ഞെടുപ്പാണ്. 'ത്രീ ഓഫ് അസ്' ഒ.ടി.ടിയിൽ റിലീസ് ചെയ്തതിന് ശേഷം, തിയേറ്ററുകളിൽ വീണ്ടും റിലീസ് ചെയ്യാൻ ആളുകൾ ഞങ്ങളോട് ആവശ്യപ്പെട്ടു. എന്നാൽ നിർമാതാക്കൾക്ക് സിനിമകൾ വീണ്ടും റിലീസ് ചെയ്യാൻ കഴിയില്ല. ഒ.ടി.ടി അത്യധികം മികച്ചതാണെന്ന് ഞാൻ കരുതുന്നു. ഇത് അഭിനേതാക്കൾക്കും ചലച്ചിത്ര പ്രവർത്തകർക്കും സ്വയം പ്രകടിപ്പിക്കാൻ ഇടം നൽകുന്നു. കൂടാതെ ഒരുതരം സുരക്ഷിതത്വവും നൽകുന്നു. അവിടെ ആളുകൾക്ക് അവരവരുടെ സൗകര്യത്തിനനുസരിച്ച് സിനിമ കണ്ടെത്താൻ കഴിയും. അത് ആദ്യ വാരാന്ത്യത്തിൽ തന്നെ തള്ളിക്കളയപ്പെടുകയുമില്ല.
‘തന്റെ ഭർത്താവ് വിപുൽ ഷാ സംവിധാനം ചെയ്യുന്ന പുതിയ പ്രോജക്റ്റ് 'ഹിസാബ്' നെക്കുറിച്ച് ചോദിച്ചപ്പോൾ ഷെഫാലിയുടെ മറുപടി ഇങ്ങനെയായിരുന്നു.‘അതൊരു ബാങ്ക് കൊള്ളയാണ്. ആംഖെൻ (2002) എന്ന ചിത്രത്തിന് ശേഷം അദ്ദേഹം വീണ്ടും ഒരു ബാങ്ക് കൊള്ള സിനിമ സംവിധാനം ചെയ്യുകയാണ്. ജയ്ദീപ് അഹ്ലാവത്ത്, അഭിഷേക് ബാനർജി, രോഹിതാശ് ഗൗർ, സൃഷ്ടി ശ്രീവാസ്തവ തുടങ്ങിയവരാണ് ഇതിൽ അഭിനയിക്കുന്നത്. ഇതൊരു വളരെ രസകരമായ ചിത്രമാണ്. ഷൂട്ടിങ്ങ് ഞാൻ ആസ്വദിച്ചാണ് ചെയ്തത്. ജയ്ദീപ് അഹ്ലാവത്ത് എനിക്ക് ഏറ്റവും പ്രിയപ്പെട്ട സഹതാരങ്ങളിൽ ഒരാളാണ്’.
‘ഞങ്ങൾ പരസ്പരം ജോലിയെ വളരെയധികം ബഹുമാനിക്കുന്നു. എനിക്കുവേണ്ടി ഒരു സിനിമ ഉണ്ടാക്കാൻ ഞാൻ ഒരിക്കലും അദ്ദേഹത്തോട് ആവശ്യപ്പെടില്ല. അദ്ദേഹം നിർമിക്കുകയോ സംവിധാനം ചെയ്യുകയോ ചെയ്യുന്നതുകൊണ്ട് മാത്രം ഒരു സിനിമ ചെയ്യാൻ എന്നോട് ആവശ്യപ്പെടുകയുമില്ല. ഞങ്ങൾ എല്ലായ്പ്പോഴും പ്രൊഫഷണലായി പെരുമാറുന്നു. പക്ഷേ ഒരുമിച്ച് ഷൂട്ട് ചെയ്യുമ്പോൾ ധാരാളം തമാശകൾ ഉണ്ടാകാറുണ്ട്. ഒരുമിച്ച് പ്രവർത്തിക്കുന്നത് മനോഹരമാണ്’. ഭർത്താവ് വിപുൽ ഷായെ കുറിച്ച് ഷെഫാലി പറഞ്ഞു.
എ.ഐയിനെ കുറിച്ചും താരം സംസാരിച്ചു. ‘നമ്മൾ ചെയ്യുന്ന കാര്യങ്ങൾക്ക് എ.ഐ ഒരു പിന്തുണ സംവിധാനമാണ്. ഒരു സർഗ്ഗാത്മക പദ്ധതിയുടെ ജീവനും ആത്മാവുമാകാൻ അതിന് കഴിയില്ല. മനുഷ്യന്റെ സ്പർശവും വികാരവും ആർക്കും പകരം വെക്കാനാവില്ല. എല്ലാം എ. ഐയിലേക്ക് മാറ്റുന്നത് ന്യായമല്ലെന്ന് ഞാൻ കരുതുന്നു. എന്നാൽ ആരെങ്കിലും എ. ഐ മാത്രം ഉപയോഗിച്ച് ഒരു സിനിമ നിർമിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ അങ്ങനെയാവട്ടെ. വാൾട്ട് ഡിസ്നി ആനിമേഷൻ ആരംഭിച്ചപ്പോൾ അത് അന്ന് ഗൗരവമായി എടുത്തില്ലായിരിക്കാം പക്ഷേ ഇന്ന് അതിലേക്ക് നോക്കൂ’ ഷെഫാലി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.