ഇന്ത്യൻ സിനിമയിലെ ആദ്യ കോടിപതി നായിക, ആദ്യ ലേഡി സൂപ്പർ സ്റ്റാർ; പിറന്നാൾ ദിനത്തിൽ പ്രിയ താരത്തെ അനുസ്മരിച്ച്​ ആരാധകർ

ഇന്ത്യൻ സിനിമയിലെ ആദ്യ കോടിപതി നായിക, ആദ്യ ലേഡി സൂപ്പർ സ്റ്റാർ വിശേഷണങ്ങൾ ഏറെയാണ്​ ഈ നായികക്ക്​. പ്രകടനത്തിൽ തങ്ങളെ മറികടക്കുമെന്ന്​ ഭയന്ന് ഇവരോടൊപ്പം​ അഭിനയിക്കാൻ ഭയന്നിരുന്ന സൂപ്പർ നായകന്മാരുണ്ടായിരുന്നു. സൂപ്പർ സ്റ്റാർ രജനീകാന്തിനേക്കാൾ പ്രതിഫലം അദ്ദേഹത്തിനൊപ്പമുള്ള സിനിമക്ക്​ കൈപ്പറ്റിയ ചരിത്രവും ഇവർക്ക്​ സ്വന്തമാണ്​. പറഞ്ഞുവരുന്നത്​ ഇന്ത്യൻ സിനിമയിലെ ഒരേയൊരു ശ്രീദേവിയെപ്പറ്റിയാണ്​.

ഞായറാഴ്ച ശ്രീദേവിയുടെ അറുപതാം ജന്മദിനമാണ്​. ഇതോടനുബന്ധിച്ച് ഇന്ത്യയുടെ പ്രിയനായികയ്ക്ക് ഡൂഡിലൊരുക്കി ആദരമർപ്പിച്ചിരുന്നു ​ഗൂ​ഗിൾ. രാജ്യത്തെ ഒന്നാംനിര നായികയിലേക്കുള്ള ശ്രീദേവിയുടെ യാത്രയാണ് ഡൂഡിൽ പ്രതിനിധീകരിക്കുന്നത്.

ബോളിവുഡിൽ അഞ്ച് ദശാബ്ദത്തോളം തിളങ്ങിനിന്ന താരമായിരുന്നു ശ്രീദേവി. ബാലതാരമായാണ് വെള്ളിത്തിരയിൽ അരങ്ങേറിയത്. നാലാം വയസ്സിൽ 'തുണൈവൻ' എന്ന തമിഴ് ചിത്രത്തിൽ ബാലതാരമായി അഭിനയം തുടങ്ങിയ താരം 1980 കളിലാണ് നായിക വേഷം ചെയ്തുതുടങ്ങിയത്. തമിഴ്, ഹിന്ദി, തെലുങ്ക്, മലയാളം, കന്നട ഭാഷകളിലായി മുന്നൂറിലധികം ചിത്രങ്ങളിലാണ് അവർ അഭിനയിച്ചിട്ടുള്ളത്. ദേവരാഗം, തുലാവർഷം, ആ നിമിഷം, സത്യവാൻ സാവിത്രിയടക്കം ഏകദേശം 26 മലയാളസിനിമകളിൽ അവർ വേഷമിട്ടിട്ടുണ്ട്.


ബോളിവുഡിൽ ഒന്നിനു പുറമേ, ഒന്നായി ഹിറ്റുകൾ സമ്മാനിച്ചതോടെ, ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നായിക എന്ന റെക്കോർഡും അവർ സ്വന്തമാക്കി. ഒരു ചിത്രത്തിൽ അമിതാഭ് ബച്ചനേയും ശ്രീദേവിയേയും ഉൾപ്പെടുത്തിയാൽ പ്രതിഫലത്തിന് ഭീമമായ തുക നൽകേണ്ടി വരുമെന്ന് നിർമാതാക്കൾ ആശങ്കപ്പെട്ടിരുന്ന കാലമുണ്ടായിരുന്നു. ബോളിവുഡിൽ ആദ്യമായി ഒരു കോടി രൂപ പ്രതിഫലം വാങ്ങിയ നടി ശ്രീദേവിയാണ്. 5000 രൂപയിൽ നിന്ന് ഒരു കോടിയിലേക്കുള്ള ശ്രീദേവിയുടെ ഉയർച്ച അഞ്ച് പതിറ്റാണ്ടിനിടയിലായിരുന്നു.

ബോളിവുഡിൽ ചുരുക്കം ചില നായകന്മാർ മാത്രം ഒരു കോടി രൂപ വാങ്ങിയിരുന്ന സമയത്താണ് ശ്രീദേവിയും ഒരു കോടി പ്രതിഫലം ഈടാക്കിയത്. ഒരു കോടി രൂപ നൽകിയും ശ്രീദേവിയെ നായികയാക്കാൻ തയ്യാറായി നിർമാതാക്കളും ഉണ്ടായിരുന്നു. ശ്രീദേവിയുണ്ടെങ്കിൽ പടം സൂപ്പർ ഹിറ്റ് എന്നത് തന്നെയായിരുന്നു ഗ്യാരന്‍റി.


1976 ൽ പുറത്തിറങ്ങിയ തമിഴ് ചിത്രം 'മൂണ്ട് മുടിച്ച്' ആണ് ശ്രീദേവിയുടെ നായികാ പ്രാധാന്യമുള്ള ആദ്യ ചിത്രം. കമൽ ഹാസൻ, രജനീകാന്ത് എന്നിവരായിരുന്നു ചിത്രത്തിലെ നായകന്മാർ. നായികയായ ആദ്യ ചിത്രത്തിൽ 5000 രൂപയായിരുന്നു ശ്രീദേവിയുടെ പ്രതിഫലം. ഇതേ ചിത്രത്തിൽ ശ്രീദേവിയേക്കാൾ കുറഞ്ഞ പ്രതിഫലമായിരുന്നു രജനീകാന്തിന് ലഭിച്ചിരുന്നത്.

ബോളിവുഡിൽ എട്ടു സിനിമകളിൽ ശ്രീദേവി ഇരട്ടവേഷമിട്ടു– ഗുരു, നാകാ ബന്ദി, ചാൽബാസ്, ലംഹേ, ഖുദാ ഗവാ, ഗുരുദേവ്, നാഗ ബന്ദി, ആൻസൂ ബാനെ അംഗാരെ. ചാൽബാസിൽ ഇരട്ട സഹോദരിമാരുടെ റോളായിരുന്നു– അഞ്ജു ദാസും മഞ്ജു ദാസും. ബോളിവുഡിലെ മികച്ച 25 ഡബിൾ റോളുകളിൽ ഒന്നായാണു ചാൽബാസിലെ ശ്രീദേവിയുടെ അഭിനയത്തെ വിലയിരുത്തുന്നത്.

യാഷ് ചോപ്രയുടെ മികച്ച 10 സിനിമകളിലാണ്​ ലംഹേയുടെ സ്ഥാനം. അമ്മയുടെയും മകളുടെയും വേഷത്തിൽ ശ്രീദേവി നിറഞ്ഞാടി. ലംഹേയിലെ പല്ലവിയെയും പൂജയെയും കാണികൾ നെഞ്ചേറ്റി. മികച്ച സിനിമ, നടി, വസ്ത്രാലങ്കാരം ഉൾപ്പെടെ അഞ്ച് ഫിലിംഫെയർ പുരസ്കാരങ്ങൾ ഈ സിനിമ സ്വന്തമാക്കി.

ശ്രീദേവിയുടെ ആദ്യ മലയാളചിത്രമാണ്​ കുമാരസംഭവം (1969). ഇതിലുൾപ്പെടെ തുണൈവൻ (1969), ആദി പരാശക്തി (1971) തുടങ്ങിയ ചിത്രങ്ങളിലും ശ്രീദേവി മുരുകന്റെ വേഷമാണ് അഭിനയിച്ചത്. ജുറാസിക് പാർക്കിൽ അഭിനയിക്കാൻ 1993ൽ ഹോളിവുഡ് സംവിധായകൻ സ്റ്റീവൻ സ്പീൽബർഗ് വിളിച്ചപ്പോൾ ഒഴിഞ്ഞുമാറിയിട്ടുമുണ്ട് ശ്രീദേവി.

Tags:    
News Summary - On Sridevi’s 5th death anniversary, take a look at 5 must-watch Malayalam films of the actress

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.