കൊച്ചി: മുൻ മാനേജർ വിപിൻ കുമാറിനെ മർദിച്ചിട്ടില്ലെന്ന് നടൻ ഉണ്ണി മുകുന്ദൻ. തന്നെ കുറിച്ച് വിപിൻ മോശം കാര്യങ്ങൾ പറഞ്ഞുപരത്തുകയാണെന്നും ഉണ്ണി മുകുന്ദൻ പറഞ്ഞു. മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു നടൻ.
രണ്ടാഴ്ച മുമ്പ് അറിയാത്ത നമ്പറിൽ നിന്ന് ഒരു സ്ത്രീ തന്നെ വിളിച്ചു. അവർ പല പേരുകളും പറഞ്ഞു. അതിൽ ഒരു പേര് വിപിന്റെതായിരുന്നു. വളരെ മോശപ്പെട്ട കാര്യങ്ങളാണ് പറഞ്ഞത്. അതെല്ലാം ഉൾക്കൊള്ളിച്ച് ഡി.ജി.പിക്ക് പരാതി നൽകിയിട്ടുണ്ടെന്നും ഉണ്ണി മുകുന്ദൻ പറഞ്ഞു.
ഒരു സുഹൃത്ത് എന്ന നിലയിൽ, വിപിൻ എന്തിനാണ് തന്നെ കുറിച്ച് മോശമായ കാര്യങ്ങൾ പറഞ്ഞതെന്ന് അറിയാൻ ആഗ്രഹം ഉണ്ടായിരുന്നു. അവിടെയുണ്ടായ വാക്കു തർക്കത്തിനിടെ അയാളുടെ കൂളിങ് ഗ്ലാസ് ഞാൻ വലിച്ചെറിഞ്ഞു. അത് സത്യമാണ്. അയാളുടെ ദേഹത്ത് തൊട്ടിട്ടു പോലുമില്ല. വിപിനെതിരെ ഫെഫ്കയിൽ പരാതി ഉണ്ട്. നിരവധി നടിമാർ സിനിമ സംഘടനകൾക്ക് വിപിനെതിരെ പരാതി നൽകിയിട്ടുണ്ട്. വിപിൻ ഫെഫ്കയിൽ അംഗം പോലുമല്ലെന്നും ഉണ്ണി മുകുന്ദൻ പറഞ്ഞു.
മുൻ മാനേജറെ മർദിച്ചെന്ന പരാതിയിൽ ഉണ്ണി മുകുന്ദന്റെ മുൻകൂർ ജാമ്യാപേക്ഷ തീർപ്പാക്കിയിരുന്നു. സ്റ്റേഷൻ ജാമ്യത്തിൽ വിടാവുന്ന കുറ്റങ്ങളാണ് എഫ്.ഐ.ആറിൽ ഉള്ളതെന്ന് പ്രോസിക്യൂഷൻ അറിയിച്ചതോടെയാണ് എറണാകുളം അഡീ. സെഷൻസ് കോടതി ഹരജി തീർപ്പാക്കിയത്.
ടൊവിനോ നരിവേട്ട എന്ന ചിത്രത്തിന് പോസിറ്റീവ് റിവ്യൂ ഇട്ടത് ചോദയം ചെയ്തു മർദിച്ചുവെന്നായിരുന്നു വിപിന്റെ പരാതി. ഉണ്ണി മുകുന്ദൻ താമസിക്കുന്ന ഡി.എൽ.എഫ് ഫ്ലാറ്റിൽ 26ന് ഉച്ചക്ക് മർദനമേറ്റെന്നാണ് മൊഴി. മുഖത്തും തലയിലും നെഞ്ചിലും മർദിച്ചെന്നും അസഭ്യം പറഞ്ഞെന്നും ആരോപണമുണ്ട്. ആശുപത്രിയിൽ ചികിത്സ തേടിയതായും വിപിൻ പൊലീസിനോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.