ലാൽ സിങ് ഛദ്ദക്കെതിരായ ബഹിഷ്കരണ ക്യാമ്പയിനിന് പിന്നിൽ ആമിർ ഖാൻ തന്നെ -കങ്കണ

നാല് വർഷത്തെ ഇടവേളക്ക് ശേഷം ഇന്ത്യൻ ബോക്സോഫീസ് രാജാവായ ആമിർ ഖാൻ പുതിയ ചിത്രവുമായി എത്താൻ പോവുകയാണ്. ആഗോളതലത്തിൽ 2000 കോടിയോളം കളക്ട് ചെയ്ത ദങ്കലിന്റെ വിജയത്തിന് ശേഷം താരത്തിന്റെതായി പുറത്തുവന്നത് 'തഗ്സ് ഓഫ് ഹിന്ദുസ്ഥാൻ' ആയിരുന്നു. എന്നാൽ ചിത്രം കനത്ത പരാജയമാണ് ഏറ്റുവാങ്ങിയത്.

എന്നാലിപ്പോൾ ഹോളിവുഡ് ക്ലാസിക്കായ ഫോറസ്റ്റ് ഗമ്പിന്റെ റീമേക്കായ 'ലാൽ സിങ് ഛദ്ദ'യിലൂടെ ഒരു വലിയ തിരിച്ചുവരവിന് ഒരുങ്ങുകയാണ് ആമിർ ഖാൻ. അദ്വൈത് ചന്ദൻ സംവിധാനം ചെയ്‌ത ചിത്രം ആഗസ്റ്റ് 11-ന് റിലീസ് ചെയ്യും. എന്നാൽ, റിലീസ് തീയതി അടുക്കുന്തോറും സമൂഹ മാധ്യമങ്ങളിൽ ചിത്രത്തെ ചുറ്റിപ്പറ്റിയുള്ള വിവാദം കൊഴുക്കുകയാണ്. സോഷ്യൽ മീഡിയയിൽ ചിത്രം ബഹിഷ്‌കരിക്കണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്. #BoycottLaalSinghChaddha എന്ന ഹാഷ്ടാഗും പ്രചരിക്കുന്നുണ്ട്.

തന്റെ നിർമാണത്തിലൊരുങ്ങുന്ന ചിത്രത്തിനെതിരെ നിലനിൽക്കുന്ന ബഹിഷ്കരണാഹ്വാനത്തിൽ അമീർ ഖാൻ അസ്വസ്ഥനാണ്. ചിത്രവുമായി ബന്ധപ്പെട്ട വാർത്താ സമ്മേളനത്തിൽ അത് അദ്ദേഹം പ്രകടിപ്പിക്കുകയും ചെയ്തു.

''രു സിനിമ ചെയ്യാൻ ഏറെ കഷ്ടപ്പാടുണ്ട്. ഒരു നടന്റെ മാത്രമല്ല, നിരവധിയാളുകളുടെ വികാരങ്ങൾ അതുമായി ബന്ധപ്പെട്ടിരിക്കുന്നു. സിനിമ കണ്ടുകഴിഞ്ഞാൽ, അത് ഇഷ്ടപ്പെടാനും, ഇഷ്ടപ്പെടാതിരിക്കാനുമുള്ള അവകാശം പ്രേക്ഷകർക്കുണ്ട്. എന്നാൽ സിനിമയുടെ റിലീസിന് മുമ്പുള്ള ഇത്തരം പ്രവർത്തികൾ എന്നെ വേദനിപ്പിച്ചു. ആളുകൾ ഇത് ചെയ്യുന്നതെന്ന് എന്തിനാണെന്ന് അറിയില്ല. ഞാൻ ഈ രാജ്യത്തെ സ്നേഹിക്കുന്നില്ലെന്ന് ചിലർക്ക് തോന്നുന്നുണ്ടെന്ന കാര്യം ഞാൻ സമ്മതിക്കുന്നു. എന്നാൽ അവരുടെ അത്തരത്തിലുള്ള ചിന്തകൾ ശരിയല്ലെന്ന് ഞാൻ ആഗ്രഹിക്കുന്നു. ഞാൻ എന്റെ രാജ്യത്തെയും ജനങ്ങളെയും സ്നേഹിക്കുന്നു. ദയവായി എന്റെ സിനിമ ബഹിഷ്‌കരിക്കരുതെന്നും തിയേറ്ററിൽ പോയി സിനിമ കാണണമെന്നും അഭ്യർത്ഥിക്കുന്നു.'' - ആമിർ ഖാൻ പറഞ്ഞു.

എല്ലാം നാടകം - കങ്കണ

ആമിർ ഖാന്റെ അഭ്യർഥന വലിയ വാർത്തയായതോടെ ബോളിവുഡിലെ വിവാദ നായിക കങ്കണ റണാവത്ത് സമൂഹ മാധ്യമങ്ങളിലൂടെ അതിന് മറുപടിയുമായി എത്തി. ലാൽ സിംഗ് ഛദ്ദയെ ചുറ്റിപ്പറ്റിയുള്ള നെഗറ്റിവിറ്റിയും ട്രോളുകളും ആമിർ ഖാൻ തന്നെ വിദഗ്ധമായി സൃഷ്ടിച്ചതാണെന്ന് അവർ ആരോപിച്ചു.

''ഈ സിനിമയുമായി ബന്ധപ്പെട്ട എല്ലാ നെഗറ്റീവിറ്റിക്കും പിറകിലുള്ള ബുദ്ധികേന്ദ്രം ആമിർ ഖാന്‍ തന്നെയാണ്. ഒരു ഹിന്ദി സിനിമ പോലും ഈ വര്‍ഷം വിജയിച്ചിട്ടില്ല. ഇന്ത്യയുടെ സംസ്‌കാരത്തോട് ചേര്‍ന്ന് നില്‍ക്കുന്ന തെന്നിന്ത്യന്‍ സിനിമകള്‍ മാത്രമാണ് വിജയിച്ചത്. ഒരു ഹോളിവുഡ് സിനിമയുടെ റീമേക്ക് ഇനി വിജയിക്കാന്‍ സാധ്യതയില്ല.

പക്ഷേ, അവര്‍ ഇപ്പോള്‍ ഇന്ത്യക്ക് സഹിഷ്ണുതയില്ലെന്ന് പറയും. ഹിന്ദി സിനിമകള്‍ പ്രേക്ഷകരുടെ മനസ്സറിയണം. അവിടെ ഹിന്ദുവെന്നോ മുസ്ലിം എന്നോ ഇല്ല. ആമിര്‍ ഖാന്‍ ഹിന്ദു ഫോബിക് ആയ 'പി.കെ.' എന്ന സിനിമയെടുത്തു, ഇന്ത്യയെ സഹിഷ്ണുതയില്ലാത്തതെന്ന് വിളിച്ചു. പി.കെ നടന്റെ കരിയറിലെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായി. -കങ്കണ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.



Tags:    
News Summary - Negativity around Laal Singh Chaddha is curated by Aamir Khan - Kangana Ranaut

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.