സിനിമയിൽ അടുത്ത സുഹൃത്തുക്കൾ ഇല്ലാത്തതിന്‍റെ കാരണമെന്ത്? നയൻതാര പറഞ്ഞതിങ്ങനെ...

സത്യൻ അന്തിക്കാടിന്റെ മനസ്സിനക്കരെ (2003) എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച നയൻതാര അതിവേഗമാണ് പാൻ ഇന്ത്യൻ താരമായി വളർന്നത്. നിലവിൽ രാജ്യത്തെ ഏറ്റവും മികച്ച വനിത താരങ്ങളിൽ ഒരാളാണ് നയൻതാര. രണ്ട് പതിറ്റാണ്ടിലേറെ നീണ്ട വിജയകരമായ കരിയർ ഉണ്ടായിരുന്നിട്ടും, സിനിമ മേഖലയിൽ നയൻതാരക്ക് സുഹൃത്തുക്കളായി അധികം ആളുകളില്ല എന്നതാണ് വസ്തുത. ഒരു പഴയ അഭിമുഖത്തിൽ നയൻതാര തനിക്ക് സിനിമ മേഖലയിൽ സുഹൃത്തുക്കൾ ഇല്ലാത്തതിനെ കുറിച്ച് വ്യക്തമാക്കിയിരുന്നു.

സൗഹൃദത്തിന് വളരെയധികം മൂല്യം നൽകുന്ന വ്യക്തിയാണ് താനെന്നും തന്നെ നന്നായി അറിയുന്ന ശരിക്കും സുഹൃത്തുക്കൾ എന്ന് വിളിക്കാൻ കഴിയുന്ന രണ്ടോ മൂന്നോ ആളുകൾ മാത്രമേ ജീവിതത്തിൽ ഉള്ളു എന്നും നയൻതാര വ്യക്തമാക്കിയിട്ടുണ്ട്. അവർക്ക് തന്നെക്കുറിച്ച് എല്ലാം അറിയാം. എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ ഉടൻ പ്രത്യക്ഷപ്പെടുന്ന തരത്തിലുള്ള ആളുകളാണ് അവരെന്നും നടി അഭിപ്രായപ്പെട്ടു.

“ഇൻഡസ്ട്രിയിലെ സഹപ്രവർത്തകരുമായി പ്രൊഫഷണൽ ബന്ധങ്ങൾ മാത്രമേ നിലനിർത്തുന്നുള്ളൂ. ഇൻഡസ്ട്രിയിൽ അടുത്ത സൗഹൃദങ്ങൾ കെട്ടിപ്പടുക്കുന്നതും നിലനിർത്തുന്നതും ബുദ്ധിമുട്ടാണ്, കാരണം എല്ലാ സിനിമകളിലും ഒരേ ആളുകളുമായല്ല പ്രവർത്തിക്കുന്നത്. ഒരു ഷൂട്ടിങ് അവസാനിച്ചുകഴിഞ്ഞാൽ ഞങ്ങൾ ഏതെങ്കിലും പരിപാടികളിലോ പാർട്ടികളിലോ മാത്രമേ പരസ്പരം കാണൂ” -എന്നാണ് നയൻതാര പറഞ്ഞത്.

സംഭാഷണത്തിനിടെ, അഭിനേതാക്കൾക്കിടയിലെ മത്സരത്തെക്കുറിച്ചും അവർ സംസാരിച്ചു. മലയാളം, ബോളിവുഡ് ഉൾപ്പെടെ എല്ലാ വ്യവസായങ്ങളിലും നായകന്മാർക്കും നായികമാർക്കും ഇടയിൽ മത്സരം ഉണ്ട്. എന്നിരുന്നാലും, ഇത് ആരോഗ്യകരമല്ല. മറ്റുള്ളവരുമായിട്ടല്ല, നമ്മളുമായിത്തന്നെ മത്സരിക്കുന്നത് നല്ലതാണ്. ഒരാൾക്ക് ലഭിക്കുന്ന കഥാപാത്രങ്ങളും തിരക്കഥകളും മറ്റൊരാൾ ചെയ്യുന്നതുപോലെ ആയിരിക്കണമെന്നില്ല. നമ്മൾ നമ്മളോട് തന്നെ മത്സരിക്കുന്നത് തുടർന്നാൽ, ഓരോ സിനിമയിലും നമ്മുടെ പ്രകടനത്തിൽ കുറഞ്ഞത് ഒരു ശതമാനമെങ്കിലും പുരോഗതി കൈവരിക്കാൻ കഴിയുമെന്ന് നയൻതാര ചൂണ്ടിക്കാട്ടി.

Tags:    
News Summary - Nayanthara revealed why she had no close friends in the film industry

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.