‘മുഗൾ സാമ്രാജ്യം ഇത്രയും പൈശാചികമായിരുന്നെങ്കിൽ എന്തുകൊണ്ട് താജ് മഹലും റെഡ് ഫോർട്ടും തകർക്കുന്നില്ല’-നസീറുദ്ദീൻ ഷാ

മുഗൾ സാമ്രാജ്യം ഇത്രയും പൈശാചികമായിരുന്നെങ്കിൽ എന്തുകൊണ്ട് അവർ നിർമിച്ച താജ് മഹലും റെഡ് ഫോർട്ടും തകർക്കുന്നില്ലെന്ന് നടൻ നസീറുദ്ദീൻ ഷാ. ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘അവർ ചെയ്തതെല്ലാം ഭീകരമാണെങ്കിൽ, താജ്മഹൽ, ചെങ്കോട്ട, കുത്തബ് മിനാർ എന്നിവയെല്ലാം ഇടിച്ചുനിരത്തുക. ഒരു മുഗളൻ നിർമ്മിച്ച, ചെങ്കോട്ടയെ എന്തുകൊണ്ടാണ് നമ്മൾ പവിത്രമായി കണക്കാക്കുന്നത്. നമ്മൾ അവരെ മഹത്വവൽക്കരിക്കേണ്ടതില്ല, അധിക്ഷേപിക്കേണ്ട ആവശ്യവുമില്ല’-ഷാ പറഞ്ഞു.

രാജ്യം ഭരിക്കുന്ന സർക്കാരിലെ മന്ത്രിമാർ മുഗൾ കാലഘട്ടത്തെ നിരന്തരം അധിക്ഷേപിക്കുന്നു. ‘മുഗൾ കാലഘട്ടത്തിലെ’ പേരുകളുള്ള 40 ഗ്രാമങ്ങളുടെ പേര് മാറ്റാൻ ശ്രമിക്കുന്നത് മുതൽ രാഷ്ട്രപതി ഭവനിലെ ചരിത്രമുറങ്ങുന്ന മുഗൾ ഉദ്യാനത്തിന്റെ പേര് ‘അമൃത് ഉദ്യാൻ’ എന്ന് പുനർനാമകരണം ചെയ്യുന്നതുവരെ, ചരിത്രത്തെ മാറ്റിമറിക്കാനുള്ള ശ്രമങ്ങൾ നടന്നിട്ടുണ്ട്.

‘ഇത് എന്നെ ചിരിപ്പിക്കുന്നു, കാരണം ഇത് തീർത്തും പരിഹാസ്യമാണ്. ബാബറിന്റെ മുത്തച്ഛൻ തൈമൂറിനെയും നാദിർ ഷായെയും പോലുള്ള ക്രൂരന്മാരായ ആക്രമണകാരികളും അക്ബറും തമ്മിലുള്ള വ്യത്യാസം ആളുകൾക്ക് തിരിച്ചറിയാൻ കഴിയുന്നില്ല. നാദിർഷായും തൈമൂറും കൊള്ളയടിക്കാൻ വന്നവരാണ്, മുഗളന്മാർ ഇവിടെ വന്നത് കൊള്ളയടിക്കാനല്ല. അവർ ഇവിടെ താമസിക്കാനാണ് വന്നത്, അതാണ് അവർ ചെയ്തതതും. ആർക്കാണ് അവരുടെ സംഭാവനകളെ നിഷേധിക്കാൻ കഴിയുക?’

ബൗദ്ധികമായ സംവാദത്തിന് ഇപ്പോൾ ഇടമുണ്ടോ എന്ന് ചോദ്യത്തിന് ‘ഇല്ല, തീർത്തും ഇല്ല, കാരണം സംവാദം എന്നത് ഒരുകാലത്തുമില്ലാത്തവിധം നിരാകരിക്കപ്പെട്ട നിലയിലാണെന്നും’അദ്ദേഹം പറഞ്ഞു. ‘ടിപ്പു സുൽത്താനെ അധിക്ഷേപിക്കുന്നു. ഇംഗ്ലീഷുകാരെ തുരത്താൻ ജീവൻ നൽകിയ മനുഷ്യനാണ് ടിപ്പു. നിങ്ങൾക്ക് ടിപ്പു സുൽത്താനെ വേണോ രാമക്ഷേത്രം വേണോ എന്നാണ് ചോദിക്കുന്നത്. ഇത് എന്തുതരം യുക്തിയാണ്? ഇവിടെ സംവാദത്തിന് ഇടമുണ്ടെന്ന് ഞാൻ കരുതുന്നില്ല. കാരണം അവർക്ക് ഒരിക്കലും എന്റെ കാഴ്ചപ്പാട് കാണാൻ കഴിയില്ല. എനിക്ക് അവരുടെ കാഴ്ചപ്പാടും’-നസീറുദ്ദീൻ ഷാ പറഞ്ഞു .

അയോധ്യയിൽ രാമക്ഷേത്രം പണിയുകയും കാശി, കേദാർനാഥ്,ബദരീനാഥ് എന്നിവ വികസിപ്പിക്കുകയും ചെയ്ത പ്രധാനമന്ത്രി നരേന്ദ്ര മോദിയെയോ ടിപ്പു സുൽത്താനെ മഹത്വപ്പെടുത്തുന്നവരെയോ, ഇതിൽ നിന്ന് ഒരാളെ കർണാടക നിയമസഭാ തിരഞ്ഞെടുപ്പിൽ ജനങ്ങൾ തിരഞ്ഞെടുക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അടുത്തിടെ പറഞ്ഞിരുന്നു. ജനുവരിയിൽ ബെംഗളൂരുവിൽ ബിജെപി പ്രവർത്തകരുടെ കൺവെൻഷനിൽ സംസാരിക്കവെയാണ് അദ്ദേഹം ഈ അഭിപ്രായം പ്രകടിപ്പിച്ചത്. ഇതേക്കുറിച്ച് പ്രതികരിക്കുകയായിരുന്നു നസീറുദ്ദീൻ ഷാ.

സീ 5ന്റെ പരമ്പരയായി ‘താജ്: ഡിവൈഡഡ് ബൈ ബ്ലഡ്’എന്ന വെബ് സീരീസിലാണ് നസീറുദ്ദീൻ ഷാ അവസാനം അഭിനയിച്ചത്. നസീറുദ്ദീൻ ഷാ അക്ബർ രാജാവിനെ അവതരിപ്പിക്കുന്ന സീരീസിൽ മുഗൾ രാജവംശത്തിന്റെ തലമുറകളുടെ ഉയർച്ചയും തകർച്ചയും അവതരിപ്പിക്കുന്നു. കല, കവിത, വാസ്തുവിദ്യ എന്നിവയോടുള്ള അവരുടെ അഭിനിവേശം, അതേസമയം അധികാരത്തിനായുള്ള കരുനീക്കങ്ങളിൽ സ്വന്തം കുടുംബത്തിനോടുപോലും സ്വീകരിക്കുന്ന ഹൃദയശൂന്യമായ നടപടികൾ എന്നിവയൊക്കെ സീരീസിലുൾപ്പെടുന്നു.

അനാർക്കലിയായി അദിതി റാവു ഹൈദരി, സലിം രാജകുമാരനായി ആഷിം ഗുലാത്തി, മുറാദ് രാജകുമാരനായി താഹ ഷാ, ദാനിയാൽ രാജകുമാരനായി ശുഭം കുമാർ മെഹ്‌റ, ജോധാ ബായി രാജ്ഞിയായി സന്ധ്യ മൃദുൽ, സലീമ രാജ്ഞിയായി സറീന വഹാബ്, മെഹർ ഉൻ നിസയായി സൗരസേനി മൈത്ര, മിർസ ഹക്കിം ആയി രാഹുൽ ബോസ് എന്നിവരും ഉൾപ്പെടുന്നു. സീരീസ് മാർച്ച് മൂന്നിന് സീ 5ൽ സംപ്രേഷണം ചെയ്യും.

Tags:    
News Summary - Naseeruddin Shah on Mughals being 'vilified': If they're so demonic, then knock down the Taj Mahal, Red Fort

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.