ശശികുമാറും സിമ്രാനും പ്രധാന വേഷങ്ങളിൽ അഭിനയിച്ച ടൂറിസ്റ്റ് ഫാമിലി എന്ന തമിഴ് ചിത്രം ബോക്സ് ഓഫിസിൽ വിജയകൊടി പാറിച്ച് മുന്നേറുകയാണ്. അഭിഷാൻ ജീവൻത് സംവിധാനം ചെയ്ത ചിത്രത്തിന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. ഇപ്പോഴിതാ തെന്നിന്ത്യൻ സൂപ്പർ താരം നാനിയും ചിത്രത്തെ അഭിനന്ദിച്ച് എത്തിയിരിക്കുകയാണ്. സംവിധായകൻ അഭിഷാൻ ജീവന്തിനെയും അഭിനേതാക്കളെയും അണിയറപ്രവർത്തകരെയും അദ്ദേഹം അഭിനന്ദിച്ചു. തമിഴ് സിനിമയിലെ ഏറ്റവും പുതിയ ഹിറ്റ് ചിത്രമാണ് 'ടൂറിസ്റ്റ് ഫാമിലി'. ഹൃദയസ്പർശിയായ ഈ കോമഡി ചിത്രം 75 കോടിയിലധികം രൂപ നേടി.
'ടൂറിസ്റ്റ് ഫാമിലി' ഒരുപാട് നന്മകൾ നിറഞ്ഞ ഒരു ചിത്രമാണ്. ഈ ചിത്രം വളരെ ആവശ്യമായിരുന്നുവെന്ന് സമ്മതിച്ചുകൊണ്ട് അദ്ദേഹം അഭിനേതാക്കളെയും അണിയറപ്രവർത്തകരെയും അഭിനന്ദിച്ചു. ലളിതവും ഹൃദയസ്പർശിയായതുമായ സിനിമകളാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്. ടൂറിസ്റ്റ് ഫാമിലി അതുതന്നെയാണ് നൽകുന്നത്. ഈ രത്ന ചിത്രം നിർമിച്ച മുഴുവൻ അഭിനേതാക്കൾക്കും അണിയറപ്രവർത്തകർക്കും നന്ദി' നാനി എക്സിൽ കുറിച്ചു. നാനിയുടെ വാക്കുകൾക്ക് നന്ദി അറിയിച്ച് അഭിഷാൻ ജീവൻതും സന്തോഷം പ്രകടിപ്പിച്ചു. സർ, ഇത് തികച്ചും അപ്രതീക്ഷിതമായിരുന്നു! പ്രോത്സാഹനത്തിന് വളരെ നന്ദി. നിങ്ങളുടെ ട്വീറ്റ് എനിക്ക് പ്രചോദനമായി. അഭിഷാൻ എക്സിൽ കുറിച്ചു.
അനധികൃത കുടിയേറ്റത്തെത്തുടർന്ന് തമിഴ്‌നാട്ടിൽ അഭയം തേടുന്ന നാലംഗ ശ്രീലങ്കൻ കുടുംബത്തിന്റെ കഥയാണ് 'ടൂറിസ്റ്റ് ഫാമിലി' പറയുന്നത്. ശശികുമാറിന്റെ ധർമ്മദാസ് എങ്ങനെ പ്രതിസന്ധികളെ മറികടന്ന് ജീവിതം നയിക്കുന്നു എന്നതാണ് കഥയുടെ ഇതിവൃത്തം. ശശികുമാർ, സിമ്രാൻ, മിഥുൻ ജയ് ശങ്കർ, കമലേഷ് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. മില്യൺ ഡോളർ സ്റ്റുഡിയോസും ആർ.പി എന്റർടൈൻമെന്റും ചേർന്ന് നിർമിക്കുന്ന ഈ ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത് ഷോൺ റോൾഡനാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.